റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ നിർമിക്കുന്ന കിങ് അബ്ദുൽ അസീസ് പാർക്ക് വ്യതിരിക്തവും ആകർഷകവുമായ പാരിസ്ഥിതിക ഭൂവടയാളങ്ങളിലൊന്നായി മാറുമെന്ന് റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ പറഞ്ഞു. രാജ്യത്തുള്ള വിദേശികളെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന ഒരു നഗര ഭൂപ്രകൃതി കൂടിയാണിത്. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ഇതൊരു പ്രമുഖ പാർക്കായി മാറും. പൂന്തോട്ടത്തിന്റെ രൂപകൽപനകൾ പരിസ്ഥിതി സുസ്ഥിരതയുടെ ആവശ്യകതകൾ നിറവേറ്റും.
വൃക്ഷങ്ങളുടെയും പ്രാദേശിക സസ്യങ്ങളുടെയും വൈവിധ്യം കാരണം പ്രാദേശിക പരിസ്ഥിതിയെ കണക്കിലെടുക്കുന്നതാണ് അതിന്റെ രൂപകൽപന. അതിൽ 200ലധികം ഇനം ഉയർന്ന സാന്ദ്രതയുള്ള പ്രാദേശിക സസ്യങ്ങൾ ഉൾപ്പെടുന്നുവെന്നും ഗവർണർ സൂചിപ്പിച്ചു. ലോകത്തിൽ ജീവിക്കാൻ അനുയോജ്യമായ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നായി മാറുന്നതിന് നഗരത്തിന്റെ ആഗോള റാങ്കിങ് വർധിപ്പിക്കുന്നതിന് പുറമെ താപനില കുറക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മലിനീകരണവും പൊടിയും കുറക്കുന്നതിനും പാർക്ക് സഹായിക്കും. ഉയർന്ന പ്രദേശങ്ങൾ, സമതലങ്ങൾ, പീഠഭൂമികൾ, മരുഭൂമി ഉദ്യാനങ്ങൾ എന്നിവ ഉൾപ്പെടുന്ന പാർക്കിന്റെ രൂപകൽപന ജൈവവൈവിധ്യം വർധിപ്പിക്കുമെന്നും ഗവർണർ പറഞ്ഞു. പാർക്കിന് അബ്ദുൽ അസീസ് രാജാവിന്റെ പേരിടാനുള്ള ഭരണകൂട തീരുമാനത്തെ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ അഭിനന്ദിച്ചു. കിങ് അബ്ദുൽ അസീസ് പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ഗവൺമെൻറിന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.