റിയാദ്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രണ്ടത്താണിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് അടിയന്തര പരിഹാരം കാണണമെന്ന് മാറാക്കര പഞ്ചായത്ത് കെ.എം.സി.സി എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. ദേശീയ പാതയിൽ അടിപ്പാത നിർമിക്കാത്തതിനാൽ ജനങ്ങൾക്ക് ടൗൺ, സ്കൂൾ, ആരാധനാലയം തുടങ്ങി നിരവധി കാര്യങ്ങൾക്ക് എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാൻ സംസ്ഥാന സർക്കാർ ദേശീയപാത അധികൃതരുമായി ബന്ധപ്പെട്ട് ഉടനെ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസികൾക്ക് സർക്കാറാനുകൂല്യങ്ങളും പെൻഷനും ലഭിക്കുന്നതിനുവേണ്ടി നോർക്ക ഐ.ഡി - ക്ഷേമനിധി കാമ്പയിൻ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്കും മുൻ സൗദി പ്രവാസികൾക്കും റമദാനിൽ റിലീഫ് നടത്താനും യോഗം തീരുമാനിച്ചു. ഓൺലൈൻ വഴിനടന്ന യോഗത്തിൽ പ്രസിഡന്റ് ശഖീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. ചീഫ് കോഓഡിനേറ്റർ നാസർ ഹാജി കല്ലൻ യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കല്ലിങ്ങൽ, മുജീബ് റഹ്മാൻ നെയ്യത്തൂർ, അബ്ദുസ്സമദ് എം.കെ നഗർ, ഷാഫി മേനെത്തിൽ, കെ.ടി. മുസ്തഫ, മുഹമ്മദ് കുട്ടി മേലേതിൽ, ബഷീർ നെയ്യത്തൂർ, കെ.ടി.എ. റസാഖ് തുടങ്ങിയവർ സംസാരിച്ചു. ചെയർമാൻ പി. അലവിക്കുട്ടി മുസ്ലിയാർ പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി പി.പി. മുസ്തഫ സ്വാഗതവും ട്രഷറർ ഫർഹാൻ കാടാമ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.