ജിദ്ദ: അധികാരത്തിൽ വന്ന് ഒരു വർഷത്തിനകം മികച്ച പ്രവർത്തനങ്ങളിലൂടെ നിരവധി അഭിനന്ദനങ്ങൾ നേടിയ മൊറയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സിയുടെ ആദരം. കോവിഡ് ഒന്നാം തരംഗത്തിൽ വാർഡ് അംഗങ്ങൾ, ആർ.ആർ.ടി അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ടി.പി.ആർ നിരക്ക് ഗണ്യമായി കുറക്കുന്നതിന് നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുൻ കെ.എം.സി.സി വെൽഫെയർ ചെയർമാനുമായ ജലീൽ കുന്നക്കാടിനെ ജില്ല കെ.എം.സി.സി ഉപഹാരം നൽകി ആദരിച്ചു. ജില്ലയിലെ വിവിധ മണ്ഡലം പ്രതിനിധികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ജലീൽ കുന്നക്കാടിനെ ആദരിച്ചത്. ജില്ല കമ്മിറ്റി ചെയർമാൻ പി.വി ഹസൻ സിദ്ദീഖ് ബാബു ഉദ്ഘാടനം ചെയ്തു. ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ ജലീലിന് ഉപഹാരം കൈമാറി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുറമെ, പദ്ധതി നിർവഹണത്തിൽ മുന്നിൽ നിൽക്കുന്ന ഗ്രാമപഞ്ചായത്ത് എന്ന ഖ്യാതി നേടുന്നതിലും മൊറയൂർ മാതൃക കാണിച്ചിട്ടുണ്ട്. വാക്സിൻ വിതരണത്തിന് പ്രവാസികൾക്ക് പ്രത്യേക പരിഗണന ഏർപ്പെടുത്തിയതും പ്രത്യേകം എടുത്തു പറയേണ്ടതാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഇല്യാസ് കല്ലിങ്ങൽ, ജലാൽ തേഞ്ഞിപ്പലം, വി.വി. അഷ്റഫ്, നാസർ കാടാമ്പുഴ, സുൽഫീക്കർ ഒതായി എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. മണ്ഡലം ഭാരവാഹികളായ മാനു പട്ടിക്കാട്, നാണി ഇസ്ഹാഖ് കോട്ടക്കൽ, സാദിഖ് ചിറയിൽ, അലി ഏറനാട്, സുഹൈൽ തിരൂരങ്ങാടി, ഉനൈസ് കരിമ്പിൽ, യൂനുസ് വേങ്ങര, നാസർ മമ്പുറം, ഷമീം കൊടക്കാട്, മജീദ് കള്ളിയിൽ, ഹംസക്കുട്ടി ആനക്കയം തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ ആദ്യത്തെ ഐ.സി.യു സൗകര്യമുള്ള ആംബുലൻസ് പഞ്ചായത്തിൽ കൊണ്ടുവരാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും മയക്കുമരുന്നിന് പിന്നാലെ കുട്ടികൾ പോകുന്ന സാഹചര്യം ഉണ്ടെന്നും ഇക്കാര്യത്തിൽ ജാഗ്രത ആവശ്യമാണെന്നും മൊറയൂർ ഗ്രാമപഞ്ചായത്തിന് ഇതിനെ നേരിടാൻ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജലീൽ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും സാബിൽ മമ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.