ജിദ്ദ: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ സൗദിയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ ഫുട്ബാൾ മേളക്ക് മേയ് 17 ന് വെള്ളിയാഴ്ച ജിദ്ദയിൽ തുടക്കമാവുമെന്ന് ഭാരവാഹികൾ ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജിദ്ദ, റിയാദ്, ദമ്മാം, യാംബു എന്നീ നാല് പ്രവിശ്യകളിലായാണ് ഫുട്ബാൾ മേള നടക്കുക. ജിദ്ദയിലെ സിഫ്, റിയാദിലെ റിഫ, ദമ്മാമിലെ ഡിഫ, യാംബുവിലെ യിഫ തുടങ്ങിയ കാൽപ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജിദ്ദയിൽനിന്നും മൂന്നും റിയാദ്, ദമ്മാം എന്നിവിടങ്ങളിൽനിന്ന് രണ്ട് വീതവും യാംബുവിൽനിന്ന് ഒന്ന് എന്നിങ്ങനെ ചാംസ് സബിൻ എഫ്.സി, റീം റിയൽ കേരള എഫ്.സി, എൻ കംഫർട്ട്സ് എ.സി.സി, എച്ച്.എം.ആർ എഫ്.സി യാംബു, കറി പോർട്ട് റോയൽ ഫോക്കസ് ലൈൻ എഫ്.സി, ഫൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ, ഫസഫിക് ലോജിസ്റ്റിക് ബദർ എഫ്.സി, ദീമ ടിഷ്യൂ ഖാലിദിയ എഫ്.സി എന്നീ എട്ട് ടീമുകളാണ് നാല് പ്രവിശ്യകളിൽ നിന്നായി മത്സരത്തിൽ മാറ്റുരക്കുന്നത്.
സൗദി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് വിജയിയെ കാത്തിരിക്കുന്നതെന്നും ഓരോ ടീമിലും ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ളവർ കളത്തിലിറങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടനം ജിദ്ദയിലും സെമി ഫൈനൽ മത്സരങ്ങൾ ദമ്മാമിലും ജിദ്ദയിലും കലാശ പോരാട്ടം റിയാദിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഫുട്ബാൾ ടൂർണമെന്റിനോടനുബന്ധിച്ച് കാണികൾക്ക് ലക്കി ഡ്രോ കൂപ്പണും പുറത്തിറക്കുന്നുണ്ട്. സൗദി ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ച് എട്ട് ഗ്രാം വീതമുള്ള 20 സ്വർണ നാണയങ്ങളും മറ്റനേകം സമ്മാനങ്ങളും ഭാഗ്യശാലികൾക്കായി സമ്മാനിക്കും. 501 അംഗ ടൂർണ്ണമെന്റ് സംഘാടക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. കെ.പി മുഹമ്മദ് കുട്ടി, അഷ്റഫ് വേങ്ങാട്ട്, ഖാദർ ചെങ്കള എന്നിവർ മുഖ്യരക്ഷാധികാരികളാണ്. ചെയർമാൻ കുഞ്ഞുമോൻ കാക്കിയ, ജനറൽ കൺവീനർ ബേബി നീലാമ്പ്ര, ട്രഷറർ അഹമ്മദ് പാളയാട്ട്, ചീഫ് കോർഡിനേറ്റർ മുജീബ് ഉപ്പട, ടീം കോർഡിനേഷൻ അബു കട്ടുപ്പാറ, ജിദ്ദ റീജിയൻ ചെയർമാൻ
അബൂബക്കർ അരിമ്പ്ര, കൺവീനർ നിസാം മമ്പാട്, ട്രഷറർ വി.പി മുസ്തഫ, കോർഡിനേറ്റർ ഇസ്മായിൽ മുണ്ടകുളം, റിയാദ് റീജിയൻ ചെയർമാൻ സി.പി മുസ്തഫ, കൺവീനർ ഉസ്മാൻ അലി പാലത്തിങ്ങൽ, ട്രഷറർ ഷുഹൈബ് പനങ്ങാങ്ങര, കോർഡിനേറ്റർ സത്താർ താമരത്ത്, ഈസ്റ്റേൺ പ്രോവിൻസ് ചെയർമാൻ മുഹമ്മദ് കുട്ടി കോഡൂർ, കൺവീനർ ആലിക്കുട്ടി ഒളവട്ടൂർ, ട്രഷറർ സിദ്ദീഖ് പാണ്ടികശാല, യാംബു റീജിയൻ സിറാജ് മുസ്ല്യാരകത്ത്, കൺവീനർ മാമുക്കോയ ഒറ്റപ്പാലം, ട്രഷറർ ഷറഫുദ്ദീൻ പിലീരി എന്നിവരാണ് പ്രധാന ഭാരവാഹികൾ. ലുലു ഹൈപ്പർ മാർക്കറ്റ്, ഹൗസ് കെയർ, അൽ ആസ്മി ഗ്രൂപ്പ് , ഫ്രണ്ടി മൊബൈലി, ഫ്രണ്ടി പാക്കേജ്, ജെ.എൻ.എച്ച് ഹോസ്പിറ്റൽ, സോന ജ്വല്ലേഴ്സ്, ചാംസ് കറി പൗഡർ, എയർ ലിങ്ക്, ബി.എം കാർഗോ, ഗ്ലോബൽ ട്രാവൽസ്, ടി.വി.എസ് ഗ്രൂപ് തുടങ്ങിയ സ്ഥാപനങ്ങളാണ് ടൂർണമെൻറിന്റെ പ്രധാന പ്രായോജകർ. കുഞ്ഞുമോൻ കാക്കിയ, അഹമ്മദ് പാളയാട്ട്, നിസാം മമ്പാട്, മുജീബ് പൂക്കോട്ടർ, വി.പി മുസ്തഫ, ബേബി നീലാമ്പ്ര, മുജീബ് ഉപ്പട, അബു കട്ടുപ്പാറ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.