റിയാദ്: തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ പൂർത്തിയാക്കിയിട്ടും ഫണ്ട് അനുവദിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും ഇതിലൂടെ സർക്കാറിന്റെ പൈസക്ക് ഒരു ഗാരന്റിയും ഇല്ലാതായെന്നും ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന പ്രസിഡന്റും പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ. ഇസ്മാഈൽ മാസ്റ്റർ ആരോപിച്ചു. ബജറ്റ് വിഹിതം പൂർണമായും അനുവദിക്കാത്തതിലൂടെ 3,000 കോടിയോളം രൂപ തദേശ സ്ഥാപനങ്ങൾക്ക് നഷ്ടമായെന്നും റിയാദിൽ പൂക്കോട്ടൂർ പഞ്ചായത്ത് കെ.എം.സി.സി ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നിലവിലുള്ള ഫണ്ട് അനുവദിക്കാതെ പുതിയ സാമ്പത്തിക വർഷം തുടങ്ങുന്നതിലൂടെ ഉണ്ടാക്കി വെച്ച മറ്റു പദ്ധതികൾ നടപ്പാക്കുന്നത് ശ്രമകരമായ അവസ്ഥയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമീറലി പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം കൈമാറി. മലപ്പുറം മണ്ഡലം ആക്ടിങ് പ്രസിഡൻറ് ഷുക്കൂർ വടക്കേമണ്ണ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ്, ചെയർമാൻ ഷാഫി ചിറ്റത്തുപാറ, മലപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. അബ്ദുല്ല തൻവീർ ഖിറാഅത്ത് നിർവഹിച്ചു. അഷ്റഫ് കോഴിശ്ശേരി സ്വാഗതവും സക്കീർ മുണ്ടിത്തൊടിക നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.