ഖമീസ് മുശൈത്ത്: രണ്ടര വർഷം മുമ്പ് അബഹയിലെത്തിയ കൊല്ലം വെളിയം സ്വദേശി മോഹൻ ബാലകൃഷ്ണൻ ജോലിസ്ഥലത്തെ പ്രയാസത്തെ തുടർന്ന് നാട്ടിലേക്കു മടങ്ങി. ഹൗസ് ഡ്രൈവർ വിസയിലെത്തിയ മോഹൻ ബാലകൃഷ്ണന് ഇഖാമയും ഡ്രൈവിങ് ലൈസൻസും നൽകാതിരുന്ന സ്പോൺസർ അദ്ദേഹത്തെ റെഡിമിക്സ് കമ്പനിയിലും ട്രക്ക് ഡ്രൈവറായുമെല്ലാം നിർബന്ധപൂർവം ജോലി ചെയ്യിപ്പിക്കുകയായിരുന്നു. ഇഖാമയും ഡ്രൈവിങ് ലൈസൻസും ഇല്ലാതെ രണ്ടര വർഷത്തോളം ട്രക്ക് ഡ്രൈവറായി ജോലി ചെയ്യേണ്ടിവന്ന ഇദ്ദേഹത്തിന് കൃത്യമായി ശമ്പളമോ ഭക്ഷണ, താമസസൗകര്യങ്ങളോ നൽകാനും സ്പോൺസർ തയാറല്ലായിരുന്നു.
ഇദ്ദേഹത്തിന്റെ അവസ്ഥയറിഞ്ഞ ജിദ്ദ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗം ബിജു കെ. നായർ അദ്ദേഹത്തെ സന്ദർശിക്കുകയും പ്രയാസങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം അബഹ ലേബർ ഓഫിസ് മേധാവിയെയും തർഹീൽ മേധാവിയെയും കാര്യങ്ങൾ ധരിപ്പിക്കുകയും തൽഫലമായി മോഹൻ ബാലകൃഷ്ണന്റെ സ്പോൺസറെ ബന്ധപ്പെടുകയും തർഹീൽ വഴി നാട്ടിലേക്കു തിരിച്ചയക്കാൻ സ്പോൺസർ സന്നദ്ധനാവുകയും ചെയ്യുകയായിരുന്നു. ബിജു കെ. നായരോടൊപ്പം അബഹയിലെ സാമൂഹികപ്രവർത്തകരായ പ്രകാശൻ നാദാപുരം, ഗഫൂർ പയ്യാനക്കൽ, വിജേഷ് കണ്ണൂർ തുടങ്ങിയവരും സഹായത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.