അബൂദബി: വികസന മുന്നേറ്റത്തിലൂടെ ലോകത്തിനുമുന്നിൽ തലയുയർത്തിനിൽക്കുന്ന യു.എ.ഇയുടെ നെടുനായകനാണ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. രാജ്യത്തിന്‍റെ രണ്ടാമത്തേയും അബൂദബിയുടെ 16ാമത്തെയും ഭരണാധികാരിയെന്ന നിലയിൽ ചരിത്രത്തിൽ അവിസ്മരണീയമായ പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തിന് സാധിച്ചു. 1969 ഫെബ്രുവരി ആദ്യത്തിൽ അബൂദബി കിരീടാവകാശിയും പ്രതിരോധ വകുപ്പിന്‍റെ തലവനുമായി നിയമിതനായതോടെ സൈന്യത്തിന്‍റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ചുതുടങ്ങി. അബൂദബി പ്രതിരോധസേനയെ സുശക്തമായ സംവിധാനമായി പരിവർത്തിപ്പിച്ചത് ഇദ്ദേഹമായിരുന്നു. പിന്നീട് യു.എ.ഇ സൈന്യത്തിന്‍റെ രൂപവത്കരണം നടന്നപ്പോൾ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ എന്ന നിലയിൽ നയപരമായ രൂപവത്കരണത്തിലും സംഘാടനത്തിലും പങ്കുവഹിച്ചു.
1974 ഫെബ്രുവരിയിൽ അബൂദബി എമിറേറ്റിലെ പ്രാദേശിക മന്ത്രിസഭക്കു പകരം രൂപവത്കരിച്ച അബൂദബി എക്‌സിക്യൂട്ടിവ് കൗൺസിലിന്‍റെ ആദ്യ തലവനായി ശൈഖ് ഖലീഫ നിയമിതനായി. ഈ പദവിയിലായിരിക്കെ അബൂദബി എമിറേറ്റിലുടനീളമുള്ള വികസന-നവീകരണ പദ്ധതികളുടെ മേൽനോട്ടം വഹിച്ചു. പിന്നീട് അബൂദബി ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റി സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി വിഭവങ്ങളും ഭാവിതലമുറക്ക് സ്ഥിരമായ വരുമാന സ്രോതസ്സും നിലനിർത്തുന്നതിന് ഊന്നൽ നൽകി. സാമ്പത്തികവും സാമൂഹികവുമായ വികാസത്തിന്‍റെ അടിത്തറയായി ആധുനികവും സംയോജിതവുമായ ഭരണസംവിധാനം കെട്ടിപ്പടുത്തു. അബൂദബിയിൽ ശൈഖ് ഖലീഫയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഡിപ്പാർട്ട്‌മെന്‍റ് ഓഫ് സോഷ്യൽ സർവിസസ് ആൻഡ് കമേഴ്‌സ്യൽ ബിൽഡിങ്‌സ് ജനങ്ങൾക്കിടയിൽ ശൈഖ് ഖലീഫ കമ്മിറ്റി എന്നറിയപ്പെട്ടിരുന്നു. ഈ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ അബൂദബി എമിറേറ്റിലെ അഭിവൃദ്ധിക്ക് സഹായിച്ചു.
യു.എ.ഇയുടെ പ്രസിഡന്‍റായ ശേഷം ഫെഡറൽ സർക്കാർ പ്രവർത്തനങ്ങൾക്കായി തന്ത്രപരമായ പദ്ധതികൾ ആരംഭിച്ചു. ഫെഡറൽ നാഷനൽ കൗൺസിലിൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് ജനാധിപത്യപരമായ രീതി നടപ്പാക്കി. പാർലമെന്‍റിൽ വനിതകൾക്ക് 50 ശതമാനം പ്രാതിനിധ്യം എന്ന നിയമം നടപ്പാക്കിയതും തുല്യ ജോലിക്ക് തുല്യവേതനനയം രൂപപ്പെടുത്തിയതും ലോകത്തുതന്നെ പ്രശംസിക്കപ്പെട്ടു. അതുപോലെ, യു.എ.ഇ മന്ത്രിസഭയിലും ഭരണനിർവഹണ മേഖലകളിലും വനിത പ്രാതിനിധ്യം നൽകി വനിത ശാക്തീകരണത്തിന് ഊന്നൽ നൽകി. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ മാതൃകാപരമായ നയം രൂപപ്പെടുത്തി സംഘർഷങ്ങൾ ഒഴിവാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അറബ് ലോകത്തും പുറത്തും ആദരിക്കപ്പെടുന്ന ഭരണാധികാരിയായി ശൈഖ് ഖലീഫയെ ഉയർത്തിയത് ഈ നിലപാടായിരുന്നു. യു.എ.ഇയിലെ പ്രവാസി സമൂഹത്തോട് വളരെ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുകയും വിദേശികളുടെ പ്രശ്നങ്ങളെ പരിഗണിച്ച് പരിഹരിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. 21ാം നൂറ്റാണ്ടിൽ ലോകം ശ്രദ്ധിക്കുന്ന രാജ്യമായി യു.എ.ഇ മാറിയതിനു കാരണമായ നയനിലപാടുകൾ സ്വീകരിച്ച ഭരണാധികാരിയെന്ന നിലയിലാവും ശൈഖ് ഖലീഫ ഓർമിക്കപ്പെടുക.
അബൂദബി: രാജ്യത്തിന്‍റെ സുസ്ഥിര വികസനത്തിന് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന് പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയത് അങ്ങേയറ്റം ദീര്‍ഘദൃഷ്ടിയോടെയാണ്. മാനവികതയുടെ മഹത്വം വിളിച്ചോതുന്ന നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തതില്‍, വിപ്ലവകരമായ ഇടപെടലായിരുന്നു അബൂദബി എമിറേറ്റിലെ അമുസ്ലിംകളുടെ വ്യക്തിഗത പദവി തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി പുതിയ നിയമം പാസാക്കിയത്.
അമുസ്‌ലിംകള്‍ക്ക് നിയമവ്യവസ്ഥയുടെ മികച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും തൊഴില്‍ നിപുണരായവരുടെ ആകര്‍ഷണകേന്ദ്രമായ അബൂദബിയുടെ പദവി ആഗോളതലത്തില്‍ ഉയര്‍ത്തുകയും നിയമത്തിന്റെ ലക്ഷ്യമായിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായ രീതിയില്‍ അമുസ്‌ലിം കുടുംബ വിഷയങ്ങളില്‍ തീര്‍പ്പുകല്‍പിക്കുന്ന നിയമവ്യവസ്ഥ പ്രവാസികളായ നിരവധി പേര്‍ക്കാണ് ആശ്വാസമേകുന്നത്. മാതാപിതാക്കള്‍ വേര്‍പിരിയുകയാണെങ്കില്‍ മക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തു.
വിദേശികള്‍ക്കുകൂടി കോടതി നടപടികള്‍ മനസ്സിലാവുന്നതിനായി പുതിയ കോടതിയുടെ നടപടികളെല്ലാം അറബിക്, ഇംഗ്ലീഷ് ഭാഷയിലാക്കുകയും ചെയ്തു. അമുസ്‌ലിം കുടുംബ ജീവിതത്തിലെ ചെറിയ കാര്യങ്ങളെപോലും കൈകാര്യം ചെയ്യുന്ന ഇത്തരമൊരു നിയമം ലോകത്തുതന്നെ ആദ്യമായാണ് നടപ്പാക്കുന്നത്. തീര്‍ച്ചയായും ലോകത്തിന് മാതൃകയാക്കാവുന്ന മഹനീയ പദ്ധതികളിലൊന്നായി ഈ നിയമം കൂടി നടപ്പാക്കിക്കൊണ്ടാണ് ശൈഖ് ഖലീഫ വിടപറയുന്നത്.
ലോകത്തിന് മുകളിൽ തലയുയർത്തി നിൽക്കുന്ന നാമം
ദുബൈ: ഓർമയിലേക്ക് മാഞ്ഞാലും ശൈഖ് ഖലീഫയുടെ പേര് അനശ്വരമായി ലോകത്തിന് മുകളിൽ തലയുയർത്തിത്തന്നെ നിൽക്കും, ബുർജ് ഖലീഫയിലൂടെ. യു.എ.ഇ പ്രസിഡന്‍റിന് രാജ്യം നൽകിയ ആദരവായിരുന്നു ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് അദ്ദേഹത്തിന്‍റെ പേരിട്ടത്. കെട്ടിടത്തിന്‍റെ നിർമാണം തുടങ്ങിയപ്പോൾ ബുർജ് ദുബൈ എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, ശൈഖ് ഖലീഫയോടുള്ള ആദരസൂചകമായി ബുർജ് ഖലീഫ എന്ന പേര് നൽകുകയായിരുന്നു.
'ഈ ചരിത്രനിർമിതിക്ക് ഒരു വലിയ മനുഷ്യന്‍റെ പേരാണ് ഇട്ടിരിക്കുന്നത്' എന്നായിരുന്നു ഉദ്ഘാടനം ചെയ്ത ശേഷം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞത്. ഇതിന് പിറകെ 'കുല്ലുന ഖലീഫ' എന്ന പേരിൽ വൻ കാമ്പയിനും നടന്നിരുന്നു. യു.എ.ഇയുടെ 39ാം ദേശീയ ദിനത്തോടനുബന്ധിച്ചാണ് 'ഇവിടെയെല്ലാവരും ഖലീഫ'മാരാണ് എന്നർഥം വരുന്ന കാമ്പയിൻ നടന്നത്.
പ്രവാസികളും ഇമാറാത്തികളും ഏറ്റുപാടിയ മുദ്രാവാക്യമായിരുന്നു കുല്ലുന ഖലീഫ. സമൂഹ മാധ്യമങ്ങൾ സജവീമായി വരുന്ന കാലമായിട്ടും 'കുല്ലുന ഖലീഫ' ട്രെൻഡായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.