റിയാദ്: ലേൺ ദ ഖുർആൻ ദേശീയസംഗമം വെള്ളിയാഴ്ച റിയാദ് സുലൈയിലുള്ള താഖത് വ്യൂ ഓപൺ ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലുമായി നടക്കും. എം.എം. അക്ബർ, അൻസാർ നന്മണ്ട തുടങ്ങിയവർ പങ്കെടുക്കും. നാലു വേദികളിലായി നടക്കുന്ന സംഗമത്തിന്റെ ഉദ്ഘാടന സമ്മേളനം രാവിലെ 10ന് ആരംഭിക്കും.
വേദി രണ്ടിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ മേഴത്തുർ ഉദ്ഘാടനം ചെയ്യും. രാവിലെ രണ്ടാമത്തെ സെഷനിൽ സംഘടന മീറ്റ് വേദി രണ്ടിൽ നടക്കും.
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡൻറ് അബ്ദുൽഖയ്യൂം ബുസ്താനി ഉദ്ഘാടനം ചെയ്യും. റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ ഉദ്ഘാടനം ചെയ്യും. എം.ജി.എം തൃശൂർ ജില്ല പ്രസിഡന്റ് ഉമ്മുകുൽസൂം ടീച്ചർ മുഖ്യാതിഥിയാവും. അൻസാർ നന്മണ്ട മുഖ്യപ്രഭാഷണം നിർവഹിക്കും. റാഹില അൻവർ, അമീന അൻവാരിയ്യ എന്നിവർ സംസാരിക്കും. വേദി രണ്ടിൽ വൈകീട്ട് നാലിന് നടക്കുന്ന ദേശീയ സംഗമത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം നടക്കും.
ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ബാസ് ചെമ്പൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനവും സമ്മാനവിതരണവും ഓപൺ ഗ്രൗണ്ടിൽ (വേദി ഒന്ന്) വൈകീട്ട് ഏഴിന് ആരംഭിക്കും.
2021ലെ ലേൺ ദ ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ പരീക്ഷാവിജയികളെ ആദരിക്കും. ഒന്നാം സമ്മാനം നേടിയ വിജയിക്ക് ഒരുലക്ഷം രൂപയുടെ കാഷ് പ്രൈസ് നൽകും. സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ദഅ്വ ആൻഡ് അവയർനസ് സൊസൈറ്റിയുടെ ഡയറക്ടറും കിങ് സഊദ് യൂനിവേഴ്സിറ്റിയിലെ ഫിഖ്ഹ് വിഭാഗം മേധാവിയുമായ ഡോ. അലി ബിൻ നാസർ അൽശലആൻ ഉദ്ഘാടനം ചെയ്യും.
സമാപന സംഗമത്തിൽ എം.എം. അക്ബർ, അൻസാർ നന്മണ്ട എന്നിവർ സംബന്ധിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അബ്ദുൽഖയ്യും ബുസ്താനി, ജനറൽ കൺവീനർ മുഹമ്മദ് സുൽഫിക്കർ, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മുഹമ്മദ് കുട്ടി കടന്നമണ്ണ, അഡ്വ. അബ്ദുൽജലീൽ, നൗഷാദ് അലി, മുജീബ് അലി തൊടികപ്പുലം, ഫൈസൽ ബുഹാരി, അബ്ദുൽ വഹാബ് പാലത്തിങ്ങൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.