റിയാദ്: സൗദിയിൽ സ്ഥിരവും താത്കാലികവുമായ സിനിമാശാലകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറച്ചു. ഫിലിം കമീഷൻ ഡയറക്റ്റ് ബോർഡ് ആണ് ഇതു സംബന്ധിച്ച് തീരുമാനത്തിന് അംഗീകാരം നൽകിയത്. ടിക്കറ്റ് നിരക്ക് കുറയ്ക്കാനും പൊതുജനങ്ങൾക്ക് ആകർഷകമായ പ്രമോഷനുകൾ നൽകാനും സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാനുമാണിത്. രാജ്യത്ത് ധാരാളം സിനിമാശാലകൾ തുറക്കുന്നതിനും നിലവിലെ സ്‌ക്രീനുകളുടെ വിപുലീകരണത്തിനും സൗദി സിനിമകളുടെ വിശാലമായ പ്രദർശനത്തിനും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, സിനിമാശാലകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസിങ് ഫീസ് വെട്ടിക്കുറയ്ക്കാനുള്ള ഫിലിം കമീഷൻ തീരുമാനത്തെ തുടർന്ന് സൗദി അറേബ്യയിൽ സിനിമാ ടിക്കറ്റ് നിരക്കുകൾ ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിനിമാ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് സിനിമാശാലകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറക്കാനുള്ള തീരുമാനമെന്ന് ഫിലിം കമീഷൻ ഡയറക്ടർ ബോർഡ് ചെയർമാനും സാംസ്കാരിക മന്ത്രിയുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ തന്റെ ‘എക്സ്’ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു. സിനിമ മേഖലയിലെ സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
സൗദിയിൽ സിനിമാശാലകൾ പ്രവർത്തിപ്പിക്കുന്ന സ്വകാര്യമേഖലാ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സിനിമാ വ്യവസായത്തെ ഉത്തേജിപ്പിക്കാനാണ് ഫിലിം കമീഷൻ പ്രവർത്തിക്കുന്നതെന്ന് കമീഷൻ സി.ഇ.ഒ എൻജി. അബ്ദുല്ല അൽ ഖഹ്താനി പറഞ്ഞു. രാജ്യത്ത് ചലച്ചിത്ര സംസ്കാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിനിമാ പ്രേക്ഷകർക്ക് കിഴിവുകളും പ്രമോഷനുകളും കമീഷൻ വാഗ്ദാനം ചെയ്യുന്നു. വിവിധ തിയറ്ററുകളിൽ സൗദി സിനിമകളുടെ പ്രദർശനം ഉത്തേജിപ്പിച്ചുകൊണ്ട് സൗദി സിനിമകളുടെ സാന്നിധ്യം വർധിപ്പിക്കാനാണ് പ്രവർത്തിക്കുന്നത്. സിനിമാ ലൈസൻസുകളുടെയും ടിക്കറ്റ് ഫീസിന്‍റെയും നിരക്ക് അന്താരാഷ്ട്ര ശരാശരിക്ക് അനുസൃതമായാണ് കുറച്ചത്. ഈ മേഖലയുടെ സുസ്ഥിരതയ്ക്കും വളർച്ചയ്ക്കും സിനിമാ കമ്പനികളെ പിന്തുണയ്ക്കാനുമാണിതെന്ന് അൽ ഖഹ്താനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.