ജുബൈൽ: ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ശുദ്ധജല ലഭ്യത. എല്ലാ തലങ്ങളിലും വൻ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന സൗദി അറേബ്യ, സമുദ്ര ജലത്തിൽനിന്നും ഉപ്പ് നിർമാർജനം ചെയ്യുന്ന അത്യാധുനിക ഡി സലൈനേഷൻ പദ്ധതികളിലൂടെ ഈ മേഖലയിലും തങ്ങളുടെ വളർച്ച അടയാളപ്പെടുത്തിക്കഴിഞ്ഞു. പൈപ്പ്ലൈൻ ശൃംഖലയും ജലസംഭരണികളും ഒക്കെയായി വമ്പിച്ച അടിസ്ഥാന സൗകര്യങ്ങളാണ് സൗദി ജല അതോറിറ്റിക്കുള്ളത്.
ശുദ്ധജല വിതരണത്തിനായി രാജ്യത്തുടനീളം കടന്നുപോകുന്ന 14,000 കിലോമീറ്ററിലധികം വരുന്ന ഭീമൻ പൈപ്പ്ലൈനുകൾ ലോകത്തിലെ ഏറ്റവും വലിയ ജലവിതരണ സംവിധാനമായി ഗിന്നസ് വേൾഡ് റെക്കോഡ്സിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രകൃതി നദികളൊന്നും നൽകി അനുഗ്രഹിച്ചിട്ടില്ലെങ്കിലും ഡി സലൈനേഷൻ പ്ലാൻറുകൾ വഴി നാടൊട്ടുക്കും ശുദ്ധജലം എത്തിക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. ലോകത്തെ വലിയ നദികളോട് കിടപിടിക്കുന്നതാണ് ഈ ശൃംഖലയുടെ വലുപ്പം.
ആധുനിക കണ്ടുപിടിത്തങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പിൻബലത്തോടെ സൗദിഅറേബ്യ ഈ മേഖലയിൽ കൈവരിച്ച നേട്ടം അഭിമാനാർഹമാണ്. ലോകത്തിലെ ഏറ്റവും വലിയ ജലവിതരണ സംവിധാനമാണ് സൗദി അറേബ്യയുടേതെന്ന് ജല അതോറിറ്റി പ്രസിഡൻറ് അബ്ദുല്ല അൽ അബ്ദുൽ കരീം പറഞ്ഞു. ലോകത്ത് ഒരു നദിയും കടലിൽനിന്ന് മലമുകളിലേക്ക് ഒഴുകുന്നില്ല, എന്നാൽ സൗദിയിൽ കടലിൽനിന്ന് മലമുകളിലേക്ക് മൂന്ന് കിലോമീറ്ററോളം ഉയരത്തിൽ ഒഴുകുന്ന പരിസ്ഥിതി സൗഹൃദങ്ങളായ കൃത്രിമ നദികളുണ്ട്. മൊത്തം ജലവിതരണ ശൃംഖല 1,30,000 കിലോമീറ്ററിലധികം നീളമുള്ളതും ശേഖരണ ശൃംഖല 50,000 കിലോമീറ്ററിലധികം നീളമുള്ളതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 3.6 കോടി ജനസംഖ്യയുള്ള സൗദി അറേബ്യയിൽ ശുദ്ധജലത്തിന്റെ പ്രതിദിന ഉൽപാദന ശേഷി 11 മില്യൺ ക്യുബിക് മീറ്ററിൽ കൂടുതലാണ്. ഇതിൽ സൗദി ജല അതോറിറ്റി ഉൽപാദിപ്പിക്കുന്ന 7.5 മില്യൺ ക്യുബിക് മീറ്റർ ഉൾപ്പെടുന്നു. ബാക്കി 3.6 മില്യൺ ക്യുബിക് മീറ്റർ സ്വകാര്യ മേഖലയുടെ സംഭാവനയാണ്. ഏകദേശം 19 മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് ഓരോ ദിവസവും ജല വിതരണ ശൃംഖലയിലൂടെ ഒഴുകുന്നത്.
കാർബൺ ബഹിർഗമനം കുറക്കാൻ ശുദ്ധജല ഉൽപാദന പ്രക്രിയയിൽ കുറഞ്ഞ ഊർജം മാത്രം ആവശ്യമായ ‘റിവേഴ്സ് ഓസ്മോസിസി’ലേക്കുള്ള ചുവടുമാറ്റത്തിലാണ് ജല അതോറിറ്റിയിപ്പോൾ. ഇതിനാവശ്യമായ ‘മെംബ്രെയ്ൻ’ ഉൽപാദനത്തിനുള്ള ഫാക്ടറിയുടെ നിർമാണവും നടക്കുന്നുണ്ട്. 2025 ൽ പ്രവർത്തനം തുടങ്ങാനിരിക്കുന്ന ഈ ഫാക്ടറി മിഡിലീസ്റ്റിലെ ഈ സ്വഭാവത്തിലുള്ള ആദ്യത്തെ ഫാക്ടറി ആയിരിക്കും. സോളാർ ഊർജം ഉൾപ്പെടെയുള്ള ബദൽ ഊർജ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തിയും മറ്റു ഗവേഷണങ്ങൾക്ക് പ്രാധാന്യം നൽകിയും വലിയ മുന്നേറ്റങ്ങളാണ് നടക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ഡി സലൈനേഷൻ പ്ലാൻറ് സൗദി കിഴക്കൻ മേഖലയിലെ റാസ് അൽ ഖൈറിലാണ്. മുൻ കാലങ്ങളിൽ ജല-ഊർജ ദൗർലഭ്യം ഏറെ നേരിട്ടിരുന്ന പ്രദേശമാണിത്. ഹൈഡ്രോ ഇലക്ട്രിക് ജനറേറ്ററുകളിൽ ഊർജോൽപാദനവും ഇവിടെ നടക്കുന്നുണ്ട്. പ്രതിദിനം ഒരു മില്യൺ ക്യുബിക് മീറ്ററിലധികം ജല ഉൽപാദന ശേഷിയുണ്ട്. അതിൽ 90 ശതമാനവും 600 കി.മീ നീളമുള്ള പൈപ്പ് ലൈനുകൾ വഴി റിയാദിലേക്ക് അയക്കുന്നു.
സോളാർ ഊർജം ഉപയോഗിച്ചാണ് അൽ ഖഫ്ജി പ്ലാൻറ് പ്രവർത്തിക്കുന്നത്. അൽ ഖോബാറിൽ ഉള്ള രണ്ടു പ്ലാന്റുകൾ കിഴക്കൻ മേഖലയിലെ ജല വിതരണം ഉറപ്പുവരുത്തുന്നു. ഐ.എസ്.ഒയുടെ വിവിധ അംഗീകാരങ്ങളുള്ള സൗദി ജല അതോറിറ്റി ഗുണനിലവാരം ഉറപ്പുവരുത്താൻ ആയിരക്കണക്കിന് പരിശോധനകളാണ് ഓരോ ദിവസവും നടത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഹജ്ജിനെത്തുന്ന 20 ലക്ഷത്തിലധികം തീർഥാടകർക്ക് ഗുണനിലവാരമുള്ള ശുദ്ധജലമെത്തിക്കാൻ അവശ്യമായ പ്രവർത്തനങ്ങൾക്കും സൗദി ജല അതോറിറ്റി മുൻഗണന കൊടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.