റിയാദ്: കാലത്തിന് അനുസൃതമായി പ്രവർത്തിക്കാനും വെല്ലുവിളികളെ അതിജയിക്കാനും അറബി ഭാഷക്ക് കഴിയുമെന്ന് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. കിങ് സൽമാൻ അന്താരാഷ്ട്ര അക്കാദമി ഫോർ ദി അറബിക് ലാംഗ്വേജിെൻറ സഹകരണത്തോടെ കിങ് അബ്ദുൽ അസീസ് പെട്രോളിയം സ്റ്റഡീസ് ആൻഡ് റിസോഴ്സ് സെന്റർ ഏർപ്പെടുത്തിയ അറബി ഭാഷാപുരസ്കാരത്തിന്റെ മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് അറബി ഭാഷ എല്ലാ മേഖലകളിലും സജീവമായും സ്വാധീനമായും നിലനിൽക്കുന്നതിനും നാഗരികതയുടെ ഭാഷയായിരുന്നതിനാൽ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഭാഷയായി മാറുന്നതിനും പുതിയ കാര്യങ്ങൾ കൊണ്ട് അതിനെ സമ്പന്നമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ദേശീയ സ്വത്വത്തിന്റെ അടിസ്ഥാനവും നവീകരണത്തിന്റെ ചാലകവുമാണ് അറബി ഭാഷയെന്നും മന്ത്രി പറഞ്ഞു. സാങ്കേതികവും ശാസ്ത്രീയവുമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി ഏകീകൃത അറബി പദങ്ങൾ വികസിപ്പിച്ചുകൊണ്ട് ഊർജ മേഖലയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനാണ് ഉൗർജ മന്ത്രാലയം പ്രവർത്തിക്കുന്നത്. അറബി ഭാഷ പൈതൃകത്തിന്റെ ഭാഷ മാത്രമല്ല, ഭാവിയുടെയും നൂതനത്വത്തിന്റെയും ഭാഷയാണെന്ന് ഊർജ മന്ത്രാലയം വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കാഴ്ചപ്പാടിൽ നിന്നാണ് കിങ് സൽമാൻ അന്താരാഷ്ട്ര അക്കാദമി ഫോർ ദി അറബിക് ലാംഗ്വേജുമായി സഹകരിച്ച് എനർജി ഡിക്ഷ്ണറി പുറത്തിറക്കിയത്. ശാസ്ത്രഭാഷ ഏകീകരിക്കുന്നതിനും ഗവേഷകരെയും വിദഗ്ധരെയും പിന്തുണക്കുന്നതിനുമായിരുന്നു ഈ സംരംഭം. സാമ്പത്തിക ശാസ്ത്രം, ഊർജം, പരിസ്ഥിതി എന്നീ മേഖലകളിൽ അറബി ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും സർഗാത്മകതയുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ദേശീയ പ്രതിഭകളെ പിന്തുണക്കുന്നതിനും ഈ ഭാഷ അവാർഡ് കൊണ്ടു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.