ജിദ്ദ: സൗദിയുടെ ഷോപ്പിങ് ചരിത്രത്തില്‍ ലുലുവിന്റെ പുതിയൊരു നാഴികക്കല്ല് കൂടി. അതിദ്രുതം മുന്നേറുന്ന റീട്ടെയില്‍ ഷോപ്പിങ് ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സൗദിയിലെ 31-മത്തെ ഔട്ട് ലെറ്റ്, പൈതൃക നഗരമായ ജിദ്ദ ബലദില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. യുനെസ്‌കോ പൈതൃക നഗര പദ്ധതിയില്‍ ഇടം പിടിച്ച ജിദ്ദ ഹെറിറ്റേജ് സിറ്റിയ്ക്ക് പുതിയ മുഖമുദ്ര സമ്മാനിക്കുന്ന ലുലു എക്‌സ്പ്രസിന്റെ ഉദ്ഘാടനം ബലദ് നഗരസഭാ മേയര്‍ അഹമ്മദ് അബ്ദുല്‍ ഹാമിദ് അല്‍ സഹ്‌റാനി നിര്‍വഹിച്ചു.
35,000 ചതുരശ്ര അടി വിസ്തൃതിയില്‍ വിശാലവും അത്യാധുനികവുമായ രീതിയില്‍ സജ്ജീകരിച്ച ബലദിലെ ലുലു എക്‌സ്പ്രസ് ശാഖയോടനുബന്ധിച്ച് 275 വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായ പാര്‍ക്കിങ് സൗകര്യവുമുണ്ട്. 13 ചെക്കൗട്ട് കൗണ്ടറുകളുണ്ട്. ഫ്രഷ് പച്ചക്കറി, പഴങ്ങള്‍, ഗ്രോസറി, മല്‍സ്യ, മാംസോല്‍പന്നങ്ങള്‍, പൗള്‍ട്രി, ഫ്രഷ്, ഫ്രോസണ്‍ ഭക്ഷ്യോല്‍പന്നങ്ങള്‍, ജൈവവൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍, സലാഡ്, മധുരപാനീയങ്ങള്‍, പ്രീമിയം ഫ്രഷ് മീറ്റ് കട്ടുകള്‍ എന്നിവക്ക് പുറമെ ഗാര്‍ഹികോപകരണങ്ങള്‍, പെറ്റ് ഫുഡ് തുടങ്ങിയവയുടെ വില്‍പന സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. സൗദിയില്‍ കൃഷി ചെയ്ത ഭക്ഷ്യവിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകളുമുണ്ട്. ലുലു കണക്ട് എന്ന പേരിലുള്ള ഏരിയയില്‍ ഇലക്ട്രോണിക് സാമഗ്രികളുടെ അതിനൂതനമായ ഹബ്ബ് തന്നെയുണ്ട്. 'ഗേറ്റ് ടു മക്ക' എന്നറിയപ്പെടുന്ന ബലദിലെത്തുന്ന ഉംറ, ഹജ്ജ് തീര്‍ഥാടകര്‍ക്കാവശ്യമുള്ള എല്ലാതരം വസ്തുക്കളും കുറഞ്ഞ നിരക്കില്‍ ലുലു എക്‌സ്പ്രസില്‍ ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
സൗദിയുടെ നഗരാസൂത്രണ പദ്ധതിയുടെയും ത്വരിത വേഗതയിലുള്ള അതിനൂതന വികസനത്തിന്റേയും ഒപ്പം എപ്പോഴും നിലയുറപ്പിച്ചിട്ടുള്ള ലുലു ഗ്രൂപ്പ്, രാജ്യമെമ്പാടും പുതിയ ശാഖകള്‍ തുറക്കുന്നതിലൂടെ സൗദിയുടെ വികസനത്തില്‍ സജീവ പങ്കാളിത്തം വഹിക്കുന്നതായി ഉദ്ഘാടനച്ചടങ്ങില്‍ ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് ചൂണ്ടിക്കാട്ടി. പൈതൃക നഗരമായ ബലദിലെ ഈ ശാഖ തീര്‍ച്ചയായും ജിദ്ദയുടെ വികസനചരിത്രത്തില്‍ പുതിയ അധ്യായമാണ് രചിക്കുകയെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കളെ ഉദ്ദേശിച്ച് മെയ് 30 വരെ പ്രത്യേക ഓഫറുകൾ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഷഹീം മുഹമ്മദ് പറഞ്ഞു. ലുലു വെസ്റ്റേണ്‍ പ്രൊവിന്‍സ് റീജ്യനല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദലിയും ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.