ഈ കോവിഡ്കാലത്ത് നാട്ടിൽനിന്നു കേട്ടതും കണ്ടതും ലോക്ഡൗൺ അപാരതകൾ. പേക്ഷ, പ്രവാസ ലോകത്തുനിന്നു കേട്ടത് കൂടുതലും ലോക്ഡൗൺ ആവലാതികൾ. മക്കൾ അനുസരിക്കുന്നില്ല, എപ്പോഴും മൊബൈലിൽ കളിക്കുന്നു, ആവശ്യമില്ലാത്ത കാര്യങ്ങളിൽ വഴക്കുകൂടുന്നു. കാലത്തിെൻറ ക്രൂരവിനോദത്തിൽ സ്കൂൾ വിദ്യാഭ്യാസം ഓൺലൈനാവുകയും കുട്ടികൾ വീടുകളുടെ അകത്തളങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്തിരിക്കുന്നു. ഓടിക്കളിക്കാൻ വിശാലമായ മുറ്റമുള്ള നാടുപോലെയല്ലല്ലോ കത്തുന്ന ചൂടിലേക്ക് ജനാല കർട്ടൻപോലും തുറന്നിടാൻ കഴിയാത്ത പ്രവാസത്തിലെ ഫ്ലാറ്റ് ജീവിതം. നാലര മാസം മുമ്പ് വരെ സ്കൂളും പഠനവും കളിയുമായി 24 മണിക്കൂർ തികയാതിരുന്ന കുഞ്ഞുങ്ങൾക്ക് ഇന്ന് ഓൺലൈൻ പഠനം നാലു മണിക്കൂർ.
പിന്നെ കഷ്ടിച്ച് ഒരു മണിക്കൂർ ഗൃഹപാഠം. പാഠ്യേതരപ്രവർത്തനങ്ങൾ ഇല്ലേയില്ല. ബാക്കി സമയം വീണ്ടും അവർ മൊബൈൽ ഗെയിമിലേക്ക് കൂപ്പുകുത്തുന്നു. നാലു മുതൽ 13 വയസ്സുവരെയുള്ള മിക്ക കുട്ടികളുടെയും അവസ്ഥയാണിത്. ഈ രീതി മാറിയില്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ സ്ട്രെസ്സിന് അടിമപ്പെടും. പിന്നെ മെല്ലെ അനുസരണക്കേടിൽ തുടങ്ങി വിഷാദത്തിലേക്കുപോലും പോകാനുള്ള സാധ്യതയുണ്ട്. പ്രവാസത്തിലെ കുഞ്ഞുങ്ങൾ 90 ശതമാനവും പാട്ട്, നൃത്തം, ചിത്രംവര, കരാട്ടേ, നീന്തൽ, ബാഡ്മിൻറൺ, സംഗീതോപകരണങ്ങൾ തുടങ്ങി എന്തെങ്കിലുമൊക്കെ ചെറുതിലേ മുതൽ പഠിക്കുന്നവരാണ്. ഫ്ലാറ്റിെൻറ നാലു ചുവരുകൾക്കുള്ളിൽ മക്കൾ ഒതുങ്ങിപ്പോകുമോ എന്ന രക്ഷിതാക്കളുടെ പേടിയാണ് അതിന് കാരണം. ഒപ്പം നാട്ടിൽ മക്കൾക്ക് കിട്ടാതെ പോകുന്ന അവസരങ്ങൾ സൃഷ്ടിച്ചുനൽകാനുള്ള ശ്രമവും. കോവിഡ് വന്നതോടെ അത്തരം ക്ലാസുകൾ മിക്കതും മുടങ്ങി. ചിലത് ഓൺലൈനായി നടക്കുന്നുണ്ട്. പേക്ഷ, കുഞ്ഞുങ്ങൾക്ക് ലഭിച്ചിരുന്ന മറ്റൊരു കാര്യമുണ്ടായിരുന്നു.
വാരാന്ത്യങ്ങളിൽ നമ്മൾ പ്രവാസികൾ ആഘോഷമാക്കിയിരുന്ന കലാവേദികൾ. ഓരോ പ്രകടനത്തിനു മുമ്പും കുട്ടികൾ നടത്തിയിരുന്ന പരിശീലനം, മാനസികമായും ശാരീരികമായും ഉള്ള ഒരുക്കങ്ങൾ, എല്ലാറ്റിനുമുപരി അവർക്കുകിട്ടിയിരുന്ന അഭിനന്ദനങ്ങൾ. ഈ വേദികൾ കുഞ്ഞുങ്ങളുടെ വ്യക്തിത്വരൂപവത്കരണത്തിൽ അവരറിയാതെതന്നെ വഹിച്ച പങ്ക് വലുതാണ്. വിറയലില്ലാതെ സ്റ്റേജിൽ കയറുന്നതു മുതൽ മറ്റുള്ളവരോട് ഇടപെടുന്നതെങ്ങനെയെന്നുള്ള പാഠങ്ങൾ വരെയും അവർ പഠിക്കുന്നു. നേതൃപാടവം വളരുന്നു. ഇന്ന് നമ്മുടെ വീട് ക്ലാസ്മുറികളായും ഓഫിസ്മുറികളായും മാറിയിരിക്കുന്നു. ഓരോ വീടും പ്രാർഥനകൾ മുടങ്ങാത്ത ആരാധനാലയങ്ങളായി മാറിയിരിക്കുന്നു, പിന്നെ എന്തുകൊണ്ട് നമുക്ക് കലാവേദികൾകൂടി ഒരുക്കിക്കൂടാ? ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂർ നടക്കുന്ന ഓൺലൈൻ ക്ലാസുകൾക്ക് പരിധികളുണ്ട്. കലാധ്യാപകർക്കൊപ്പം നമുക്കും ശ്രമിക്കാം.
പരിശീലനം നൽകാം, നല്ല രീതിയിൽ അവതരിപ്പിക്കുമ്പോൾ പ്രോത്സാഹിപ്പിക്കാം, അവരുടെ പ്രവൃത്തികളുടെ വിഡിയോയും ചിത്രങ്ങളും എടുക്കാം, മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ കേൾപ്പിക്കാം, അംഗീകാരം മുതിർന്നവരെപ്പോലെ കുട്ടികളും ആഗ്രഹിക്കുന്നുണ്ടെന്നു മനസ്സിലാക്കുക. അവരുടെ കഴിവുകൾ മുരടിച്ചുപോകാതിരിക്കട്ടെ. പൂർണമായും വിട്ടുപോയാൽ, പിന്നെയും ഒന്നിൽനിന്ന് തുടങ്ങേണ്ടിവരും. മടി എന്ന വില്ലൻ കൂടുകൂട്ടും. അതിനവസരം കൊടുത്തുകൂടാ. ഒപ്പം സ്ക്രീൻ ടൈം കുറയ്ക്കുക എന്ന ലക്ഷ്യം സാധ്യമാക്കുകയും ചെയ്യാം. എന്തു ചെയ്താലും കുറ്റം പറയുന്ന കൂട്ടർ ഇക്കാര്യത്തിലുമുണ്ടാകും. കുഞ്ഞുങ്ങളെ പ്രശസ്തരാക്കാനോ പ്രദർശിപ്പിക്കാനോ അല്ല, പുറത്തിറങ്ങികളിക്കാൻ സാധിക്കാത്ത ഈ കാലത്തെ അതിജീവിക്കാനുള്ള ഒരു മാർഗമാണിത്. പിന്നീട് േനാക്കുമ്പോൾ കുറെയേറെ കാര്യങ്ങൾ ചെയ്യാൻ സാധിച്ച മധുരമുള്ള ഓർമകളായി ഈ ദിനങ്ങൾ മാറ്റിയെടുക്കാം.
നിസ്സാരമെന്നു തോന്നുന്ന അവരുടെ ലോകത്തെ വലിയ കാര്യങ്ങൾ ചെയ്യുമ്പോൾ, അവർ വളരുകയാണ്. ഏകാഗ്രത, കാര്യപ്രാപ്തി, തീരുമാനങ്ങളെടുക്കാനുള്ള ചാതുര്യം, ക്ഷമ, നിശ്ചയദാർഢ്യം, അവതരണപാടവം തുടങ്ങി വ്യക്തിത്വ വികാസത്തിനുതകുന്ന കഴിവുകൾ അവരിൽ കൈവരുന്നു. അവരെല്ലാവരും ഭാവിയിലെ ഉത്തമകലാകാരന്മാരാകും എന്നല്ല, നല്ലവ്യക്തിത്വങ്ങളായി വളരാൻവേണ്ടി. നമുക്കും അവരോടൊപ്പം സമയം ചെലവിടാം. ആവശ്യത്തിനും അനാവശ്യത്തിനും ചിന്തിച്ചുകൂട്ടുന്ന നമ്മുടെ പിരിമുറുക്കത്തിനും അയവുണ്ടാകും. ഭാവിയിൽ ഇനിയൊരു അടച്ചിരിപ്പുണ്ടായാൽ അത് ആഘോഷമാക്കാൻ കുഞ്ഞുങ്ങളും പഠിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.