മദീന: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമത്തിനായി സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേനെ മദീനയിലെത്തിയ ആദ്യ സംഘത്തിന് മദീന കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽമനാർ ഗ്രൂപ്പിന്റെ ഹജ്ജ് സംഘത്തിൽ നൂറു പേർ അടങ്ങുന്ന ഹജ്ജ് സംഘത്തെ നയിക്കുന്നത് പ്രമുഖ മതപ്രഭാഷകനും പ്രബോധകനുമായ മൗലവി അബ്ദുല്ലത്തീഫ് കരിമ്പിലാക്കൽ, അൻവർ സാദത്ത് എന്നിവരാണ്. ജിദ്ദ വിമാന താവളം വഴി എത്തിയ ഇവർ മക്കയിലെത്തി വിശുദ്ധ ഉംറ നിർവഹിച്ച ശേഷമാണ് രണ്ട് ബസുകളിലായി മദീന സന്ദർശനത്തിനായി എത്തിയത്. ഈ വർഷം ഹജ്ജ് കർമത്തിനായി എത്തി മദീന സന്ദർശനം നടത്തുന്ന ആദ്യ സംഘമാണിവർ. അൽ റയ്യാൻ ഗ്രൂപ്പാണ് മദീനയിൽ ഇവർക്കുവേണ്ട താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മദീനയിലെത്തിയ മലയാളി ഹജ്ജ് സംഘത്തെ ബൈത്തുകളും പാട്ടുകളും ചൊല്ലി ഈത്തപ്പഴമടക്കമുള്ള മധുര പാനിയങ്ങൾ നൽകിയുമാണ് വനിതകളും കുട്ടികളടക്കമുള്ള നൂറുകണക്കിന് കെ.എം.സി.സി വളണ്ടിയർമാർ ചേർന്ന് സ്വീകരിച്ചത്.
ഷെമീർഖാൻ തൊടുപുഴ, ഗഫൂർ പട്ടാമ്പി, അഷറഫ് അഴിഞ്ഞിലം, നഫ്സൽ മാസ്റ്റർ, ഗഫൂർ താനൂർ, നാസർ തട്ടത്തിൽ, ജലീൽ കുറ്റ്യാടി, മഹബൂബ് കീഴ്പറമ്പ്, അഷറഫ് ഒമാനൂർ, ഒ. കെ റഫീക്ക് കണ്ണൂർ തുടങ്ങിയ നേതാക്കളും മദീന കെ.എം.സി.സി വനിത വിങ് നേതാക്കളായ റംസീന മൻസൂർ, സുമയ്യ ആഷിഖ്, സൈനബ അബ്ദുറഹ്മാൻ, സമീഹ മഹബൂബ്, ഷമീറ നഫ്സൽ, ഷബ്ന അഷറഫ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. മുന്നൂറിലധികം വരുന്ന പരിചയസമ്പന്നരായ വളണ്ടിയർ വിങ്ങിനെയാണ് ഇത്തവണ ഹജജ് സേവനത്തിനായി മദീന കെ. എം. സി. സി രംഗത്തിറക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വിവിധ മതസംഘടനകളുടെയും കേരളത്തിലെ വിവിധ ട്രാവൽസുകളുടെ നേതൃത്വത്തിലുള്ള സ്വകാര്യ ഗ്രൂപ്പുകൾ മദീന സന്ദർശനത്തിനായി എത്തിത്തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.