റിയാദ്: പുതിയ തൊഴിൽ വിസയിലെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞ മാസം വീട്ടുജോലിക്കാരെൻറ വിസയിൽ വന്ന തൃശൂർ അഴീക്കോട് ജെട്ടി സ്വദേശി കൊല്ലം പറമ്പിൽ നൗഷാദാണ് (46) മലസിലെ താമസ സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ മരിച്ചത്.
നേരത്തെ സൗദിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ചുപോയി വർഷങ്ങൾക്ക് ശേഷം വീണ്ടും ഉപജീവനം തേടി എത്തിയതാണ്. ഇഖാമക്ക് പോലും അപേക്ഷിച്ചിരുന്നില്ല. അപേക്ഷയോടൊപ്പം ഹാജരാക്കാനുള്ള മെഡിക്കൽ പരിശോധന റിപ്പോർട്ടിന് വേണ്ടി മലസിലെ ഒരു ക്ലിനിക്കിൽ പോയി മുറിയിൽ തിരിച്ചെത്തിയ ഉടനെയാണ് കുഴഞ്ഞുവീണത്. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ. കൊല്ലം പറമ്പിൽ അബുവാണ് പിതാവ്. സഫിയ അബു മാതാവും. ഭാര്യ: ആബിദ നൗഷാദ്. മക്കൾ: അൻഷാദ്, അൻസിത. മരുമകൻ: താജുദ്ദീൻ. സഹോദരങ്ങൾ: നസീർ, റാഫി, മനാഫ്, ആബിദ.
തിങ്കളാഴ്ച വൈകീട്ട് ഇത്തിഹാദ് വിമാനത്തിൽ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടു പോകും. കെ.എം.സി.സി ഭാരവാഹികളായ തെന്നല മൊയ്തീൻ കുട്ടി, കബീർ വൈലത്തൂർ എന്നിവർ മരണാനന്തര നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.