റിയാദ്: ഒരു വർഷം മുമ്പ് റിയാദിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം സാമൂഹികപ്രവർത്തകരുടെ ഇടപെടലിൽ കഴിഞ്ഞദിവസം നാട്ടിലെത്തിച്ചു. മലപ്പുറം നിലമ്പൂർ ചാരങ്കാവ് സ്വദേശി സുരേഷ് ബാബുവിന്റെ (43) മൃതദേഹം ഒരു വർഷമായി റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. റിയാദിലെ അസീസിയ്യയിൽ ഹൗസ് ഡ്രൈവർ വിസയിൽ ജോലി ചെയ്യുകയായിരുന്ന സുരേഷ് ബാബു 2021 ജൂൺ 26നാണ് റിയാദിൽ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ചത്. അതിനും ഏതാനും ആഴ്ച മുമ്പ് താമസസ്ഥലത്ത് ഒരു സംഘം കയറി സുരേഷ് ബാബുവിനെ ആക്രമിച്ചിരുന്നതായി പറയുന്നു. മർദനമേറ്റ സുരേഷ് ബാബുവിന്റെ ദിവസങ്ങൾക്കുള്ളിലുള്ള മരണം ചില സംശയങ്ങൾ ഉയർത്തിയതിനാൽ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. കൂടുതൽ വിശദമായ അന്വേഷണം നടത്തി. ഇതിനിടയിൽ ഇന്ത്യൻ എംബസിയും റിയാദിലെ സാമൂഹിക പ്രവർത്തകൻ തെന്നല മൊയ്തീൻകുട്ടിയും ചേർന്ന് മൃതദേഹം നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് അനുമതി ലഭിച്ചില്ല. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമുള്ളതിനാൽ പബ്ലിക് പ്രോസിക്യൂഷൻ, ഗവർണറേറ്റ് ഉൾപ്പെടെ ഉന്നത തലങ്ങളിലേക്ക് ഫയലുകൾ നീങ്ങുകയായിരുന്നെന്നും അതുകൊണ്ടാണ് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ വൈകിയതെന്നും തെന്നല മൊയ്തീൻ കുട്ടി പറഞ്ഞു.
നാട്ടിൽനിന്ന് സുരേഷ് ബാബുവിന്റെ കുടുംബത്തിന്റെ സമ്മതപത്രം ഉൾപ്പെടെ എല്ലാ രേഖകളും തയാറാക്കി കാത്തിരിക്കുകയായിരുന്നു. വിവിധ സൗദി വകുപ്പുകൾ വഴി ഇന്ത്യൻ എംബസിയും സുരേഷ് ബാബുവിന്റെ മൃതദേഹം വിട്ടുകിട്ടാൻ നിരന്തരം ശ്രമം തുടർന്നുവന്നു. ഒടുവിൽ ഇക്കഴിഞ്ഞ ദിവസം നാട്ടിൽ കൊണ്ടുപോകാനുള്ള അനുമതി ലഭിച്ചു. ഉടനെ മൃതദേഹം ഏറ്റുവാങ്ങി എംബാം ചെയ്യുന്നതിനും കാർഗോ അയക്കുന്നതിനും വേണ്ട നടപടികൾ എംബസിയുടെ മേൽനോട്ടത്തിൽ മൊയ്തീൻ കുട്ടി നിർവഹിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ സൗമ്യയും മക്കളായ ശ്രയാനന്ദ, സരിൻജിത് എന്നിവരും അടങ്ങുന്ന കുടുംബത്തിന്റെ തങ്ങളുടെ പ്രിയപ്പെട്ടവന്റെ ചേതനയറ്റ ഉടലെങ്കിലും ഒരുനോക്ക് കാണാനുള്ള ഒരു വർഷത്തെ കണ്ണീരിന്റെയും കാത്തിരിപ്പിന്റെയും കഥക്ക് അവസാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.