ജിദ്ദ: സൗദിയിലേക്കുള്ള യാത്രാമധ്യേ യു.എ.ഇയിൽ കുടുങ്ങിയ പ്രവാസി മലയാളികൾ നിരവധി. ബുധനാഴ്ച രാത്രി ഒമ്പതിന് പ്രവേശന കവാടം അടയുന്ന അവസാന നിമിഷം വരെ മലയാളികൾ ഉൾപ്പെടെയുള്ള കുറച്ച് പേർക്ക് ബസ് മാർഗവും വിമാന മാർഗവും സൗദിയിലേക്ക് പ്രവേശിക്കാൻ സാധിച്ചത് ആശ്വാസമായി. സൗദിയിലേക്ക് നേരിട്ട് അന്താരാഷ്ട്ര വിമാന സർവിസ് മേയ് 17നേ പുനരാരംഭിക്കൂ എന്ന അറിയിപ്പ് വന്നതിനുശേഷം നിരവധി പേരാണ് സൗദിയിലേക്ക് വരാൻ കഴിഞ്ഞ ദിവസങ്ങളിലും മറ്റുമായി ദുബൈയിലെത്തിയത്.
ഇവെരല്ലാം മാസങ്ങളായി നാട്ടിൽ കുടുങ്ങിയവരും വിസാകാലാവധി തീരാനായവരുമാണ്. ഇവരാണ് ഇനി എന്തു ചെയ്യണമെന്നറിയാതെ ദുബൈയിലും ഷാർജയിലും അജ്്മാനിലുമായി കഴിയുന്നത്. ബുധനാഴ്ച രാവിലെ വരെ വിമാനത്തിൽ ടിക്കറ്റ് എടുത്തവർക്ക് സൗദിയിലേക്ക് പോരാൻ സാധിച്ചിട്ടുണ്ട്. ഉച്ചക്കുശേഷമുള്ള വിമാനം കാൻസൽ ആയതുകൊണ്ട് നിരവധിപേരുടെ വിമാന യാത്രയും അവസാന നിമിഷം മുടങ്ങി. ബുധനാഴ്ചയും വ്യാഴാഴ്ചയും യാത്രചെയ്യാൻവേണ്ടി പി.സി.ആർ ടെസ്റ്റ് എടുത്ത ചിലർ ബസ് മാർഗമാണ് സൗദിയിലേക്കു തിരിച്ചത്.
350 ദിർഹമിന് ലഭിച്ചിരുന്ന ബസ് ടിക്കറ്റുകളുടെ വില അവസാന സമയം 800ഉം 1200ഉം ദിർഹമായി കുതിച്ചുയർന്നിരുന്നു. ഇത്രയും പണം കൊടുത്ത് കിട്ടിയ ടിക്കറ്റിലാണ് ഇവരെല്ലാം അവസാനം ബസ്മാർഗം റിയാദിലേക്കും ദമ്മാമിലേക്കുമായി പുറപ്പെട്ടത്. ദുബൈയിലെ സ്വകാര്യ കമ്പനിയുടെ ദുബൈ-സൗദി ബസിലാണ് എല്ലാവരും പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ടിനുമുമ്പായി ദുബൈ ദീരയിലെ ബസ് പോയൻറിൽ 600ഓളം ഇന്ത്യക്കാർ ഉള്ളതായി ദുബൈയിൽ അലിയ ട്രാവൽസ് നടത്തുന്ന പട്ടാമ്പി കറുകപുത്തൂർ സ്വദേശി റഷീദ് പാറക്കൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ഇദ്ദേഹം ഏർപ്പാടാക്കിയ 10 ബസുകളിൽ മുന്നൂറോളം പ്രവാസികളാണ് സൗദിയിലേക്കു പുറപ്പെട്ടത്. ഒന്നര വയസ്സുള്ള കുട്ടികളടക്കമുള്ള കുടുംബങ്ങളും ബാച്ചിലർമാരുമായ നിരവധി മലയാളികൾ ബസ് പോയൻറിൽ എന്തു ചെയ്യണമെന്നറിയാതെ ബാക്കി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രായംചെന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. മാനുഷിക പരിഗണന നൽകി ഇവരിൽ ചിലർക്കൊക്കെ ബസിൽ സീറ്റ് ലഭ്യമാക്കി. വൈകിയും പലരും സൗദിയിലേക്ക് പുറപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പുറപ്പെട്ടവർ ബുധനാഴ്ച രാത്രിയോടെ അതിർത്തി ചെക്ക് പോയൻറ് കടന്ന് സൗദിയിലേക്ക് പ്രവേശിച്ചതായി വിവരമുണ്ട്.
ജിദ്ദയിലെ ബിസിനസുകാരനും സാമൂഹിക പ്രവർത്തകനുമായ അബ്ദുല്ലക്കുട്ടിയും കുടുംബവും അദ്ദേഹത്തിെൻറ സ്ഥാപനത്തിലെ നിരവധി ജോലിക്കാരും ദുബൈയിൽ കുടുങ്ങിയവരിൽ ഉൾപ്പെടും.മാസങ്ങളായി നാട്ടിൽ കുടുങ്ങിയ ജോലിക്കാരെ ദുബൈയിലെത്തിച്ച് ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്. നിരവധി മലയാളികളാണ് സൗദിയിലേക്കുള്ള കവാടം വീണ്ടും തുറക്കുന്നത് കാത്ത് ദുബൈയിലെ ഹോട്ടലുകളിലുള്ളതെന്ന് അബ്ദുല്ലക്കുട്ടി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ഇങ്ങനെ കുടുങ്ങിയവർ എല്ലാവരും 68,000ത്തിനും 75,000ത്തിനും ഇടയിൽ രൂപ ചെലവഴിച്ച് ദുബൈയിൽ എത്തിയവരാണ്. ഇനി എന്ത് എന്നറിയാത്ത ആശങ്കയിലാണ് എല്ലാവരും. മറ്റു ഗൾഫ് രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാനാവുമോ എന്ന വഴി തേടുകയാണ് അവരെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.