മുഹമ്മദ് ഇസ്മാഈൽ മാനു
ജീസാൻ: മധുരത്തിലും നിറത്തിലും മണത്തിലും ജാതിയിലും വൈവിധ്യമുള്ള മാമ്പഴങ്ങളുടെ ഉത്സവത്തിന് ജീസാനിൽ തുടക്കം. മാമ്പഴങ്ങളുടെ വൈവിധ്യം പരിചയപ്പെടുത്താനും ആവശ്യമുള്ളവർക്ക് വാങ്ങാനും സുവർണാവസരമേകിയ മാമ്പഴോത്സവം ജീസാന് സമീപം സബിയയിലാണ് അരങ്ങേറുന്നത്.
സബിയ കിങ് ഫഹദ് പാർക്കിൽ ജീസാൻ ഗവർണർ അമീർ മുഹമ്മദ് ബിൻ നാസർ ഉദ്ഘാടനം ചെയ്തു. 45 തോട്ടങ്ങളിൽനിന്നുള്ള വിവിധ തരം പഴവർഗങ്ങൾ വിവിധ സ്റ്റാളുകളിൽ പ്രദർശനത്തിനുണ്ട്. മാങ്ങ, പപ്പായ, വാഴപ്പഴം, അത്തിപ്പഴം, പേരക്ക തുടങ്ങിയ വിവിധ ഇനങ്ങൾ ലഭ്യമാണ്. ജീസാൻ മേഖലയിൽ ഏറ്റവും കൂടുതൽ മാമ്പഴത്തോട്ടമുള്ളത് സബിയയിൽ ആണ്. നിലവിൽ 10 ലക്ഷത്തോളം മാവുകളാണ് ജീസാനിലെ വിവിധ തോട്ടങ്ങളിൽ ഉള്ളത്. ഹിന്ദി, സെൻസേഷൻ, തോമി, സുഡാനി, ജിലൻ തുടങ്ങിയവയാണ് ഇവിടെയുള്ള പ്രധാന മാമ്പഴ ഇനങ്ങൾ. 1973ലാണ് സൗദി കാർഷിക റിസർച് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആദ്യമായി ജീസാനിൽ മാവിൻതൈകൾ പരീക്ഷണാർഥം നട്ടുതുടങ്ങുന്നത്. അതിൽ വിജയിച്ചതിനെ തുടർന്ന് 1983മുതലാണ് വ്യവസായികമായി മാവിൻതോട്ടങ്ങളുടെ കൃഷി ആരംഭിക്കുന്നത്.
ഇന്ത്യ, കെനിയ, ഈജിപ്ത് എന്നിവടങ്ങളിൽ നിന്നാണ് മാവിൻതൈകൾ ഇറക്കുമതി ചെയ്ത് നട്ടുപിടിപ്പിച്ചത്. ഗവണ്മെന്റ് സഹായത്തോടെ നിലവിൽ കർഷകർ 600 ടൺ മാമ്പഴമാണ് മേഖലയിൽ ഉൽപാദിപ്പിക്കുന്നത്. അടുത്ത വർഷത്തോടെ 300 ദശലക്ഷം റിയാലിന്റെ ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. പവിലിയനിൽ ദിവസവും വിവിധ കാർഷിക രീതികൾ പരിചയപ്പെടുത്തുന്ന ക്ലാസുകളും ശിൽപശാലകളും നടന്നുവരുന്നു. ശനിയാഴ്ച പ്രദർശനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.