ദമ്മാം: അനധികൃതമായി പ്രവർത്തിച്ച പുകയില ഉൽപന്ന ഫാക്ടറി സൗദി സുരക്ഷ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. ഉടമയായ സൗദി പൗരന് 10 വർഷം തടവും ജീവനക്കാരായ 10 ഇന്ത്യക്കാർക്കും ബംഗ്ലാദേശി പൗരനും ആറു മാസം വീതം തടവും വിധിച്ചു. പ്രതികൾക്കെല്ലാം വൻതുക പിഴയും ചുമത്തിയിട്ടുണ്ട്. സൗദി കിഴക്കൻ പ്രവിശ്യയിലുള്ള ഖത്വീഫ് മേഖലയിലെ കൃഷിയിടത്തിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറിയാണ് രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. പ്രധാനമായും വിദേശികളെ ലക്ഷ്യം വെച്ചാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്.
പ്ലാന്റുടമയും തൊഴിലാളികളും ലൈസൻസില്ലാത്ത വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പുകയില, മൊളാസസ് മിശ്രിതങ്ങൾ തയാറാക്കി ഉൽപന്നം സംബന്ധിച്ച വാണിജ്യ ഡാറ്റയിൽ കൃത്രിമം കാണിക്കുകയും തെറ്റായ വിവരങ്ങൾ പാക്കറ്റിൽ രേഖപ്പെടുത്തി പ്രാദേശിക വിപണികളിൽ വിൽക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് റെയ്ഡ്. തടവിന് പുറമെ പ്രതികൾക്ക് 7,20,000 റിയാൽ പിഴയും ചുമത്തി. വാണിജ്യ തട്ടിപ്പിൽ ഉൾപ്പെട്ട പ്ലാന്റ് അടച്ചുപൂട്ടാനും പിടിച്ചെടുത്ത വ്യാജ ഉൽപന്നങ്ങൾ നശിപ്പിക്കാനും കോടതി വിധിച്ചു.
വാണിജ്യ ചട്ടങ്ങൾ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നത് തുടരുമെന്നും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വാണിജ്യ വഞ്ചന വിരുദ്ധ നിയമത്തിൽ മൂന്ന് വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും വിധിക്കപ്പെടാവുന്നതാണ്. അതോടൊപ്പം രണ്ട് പ്രാദേശിക പത്രങ്ങളിൽ ഉൾപ്പടെ പ്രതികളുടെ ചെലവിൽ തന്നെ ഇതിന്‍റെ വിവരങ്ങൾ പ്രസിദ്ധീകരിപ്പിച്ച് സമൂഹിക ശ്രദ്ധയിൽ പെടുത്താനും വിദേശ തൊഴിലാളികളെ നാടുകടത്താനും വ്യവസ്ഥകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.