റിയാദ്: സന്ദർശകരെ മാടിവിളിക്കുന്ന ചരിത്ര നഗരിയാണ് മറാത്ത്. പുരാതന പട്ടണത്തിെൻറ മനോഹരമായ പ്രവേശന കവാടം അകലെനിന്നേ യാത്രികരെ ആകർഷിക്കും. റിയാദിൽനിന്ന് 135 കിലോമീറ്റർ അകലെ വടക്കുഭാഗത്തായി പഴയ മദീന റോഡിൽ ശഖ്റക്ക് സമീപമാണ് മറാത്ത്. ഏകദേശം ആയിരം വർഷം മുമ്പ് പുരാതന അറബ് ഗോത്രവർഗക്കാർ താമസിച്ചിരുന്ന പ്രദേശമാണിത്. അറബികൾ അംബരചുംബികളായ മണിമാളികകളിലേക്ക് ചേക്കേറുംമുമ്പ് പൂർവികർ കഴിഞ്ഞിരുന്ന വീടുകൾ ഇന്നും നിലനിൽക്കുന്നുണ്ട് ഇവിടെ. ചളിയും വയ്ക്കോലും മരക്കഷണങ്ങളുംകൊണ്ട് നിർമിച്ച വീടുകൾ അതേപടി നിലനിൽക്കുന്നത് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതാണ്. ഒന്നല്ല നൂറുകണക്കിന് വീടുകൾ ചേർന്ന ഒരു ഗ്രാമംതന്നെ അവിടെ കാണാം. ഇരുനില വീടുകൾ പൗരാണിക വാസ്തുവിദ്യയുടെ മികവ് വെളിപ്പെടുത്തുന്നതാണ്. ചളിയും കല്ലുംകൊണ്ട് പടുത്തുയർത്തിയ വീടുകളിൽ മുകൾനിലയിലേക്ക് കയറിപ്പോകാൻ മനോഹരമായ പടവുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് ഉപയോഗിച്ചിരിക്കുന്നതാകട്ടെ, മരവും പുല്ലുമാണ്.
മുകൾനിലയിലെ കിളിവാതിലിലൂടെ നോക്കിയാൽ ആ ഗ്രാമത്തിെൻറ വശ്യമനോഹാരിത മൊത്തമായും ഒറ്റ സ്നാപ്പിൽ ഒപ്പിയെടുക്കാം. ഇത് മിഴിവുറ്റ കാഴ്ചാനുഭവമാണ് പകരുക. ഓരോ വീടും ഒന്നിനൊന്നു മികച്ചതാണ്. തൊട്ടുരുമ്മി നിൽക്കുന്ന വീടുകൾ, അവക്കിടയിൽ മുഖാമുഖമുള്ള കിളിവാതിലുകൾ അക്കാലത്തെ മനുഷ്യരുടെ പാരസ്പര്യത്തിെൻറയും സഹകരണ, സാമൂഹിക ജീവിതത്തിെൻറയും സാക്ഷ്യമായി മാറുന്നു. ഇടക്ക് ചെറിയ ആരാധനാലയവും ജലസേചനത്തിനായി നിർമിച്ച ചെറിയ തടാകവും ആരെയും ആകർഷിക്കും. മുഴുവൻ വീടുകൾക്കുമായി ഒരു പൊതുകിണറുണ്ടായിരുന്നതിെൻറ അവശിഷ്ടം പരസ്പര െഎക്യത്തിലൂന്നിയ ആ ജനതയുടെ സാമൂഹിക ജീവിതത്തിെൻറ ജലദർശനമാണ്. ആ മഹനീയ സംസ്കൃതിയുടെ വറ്റാത്ത ഉറവപോലെ ഇന്നും ആ കിണറ്റിൽ നിറയെ വെള്ളമുണ്ട്. മറാത്തിലെ ഉയരംകൂടിയ ഭാഗത്ത് മുനിസിപ്പാലിറ്റി നിർമിച്ച പാർക്കിൽനിന്ന് താഴേക്ക് നോക്കിയാൽ പഴയ ഗ്രാമത്തിെൻറ ശേഷിപ്പുകളും പുതിയ പട്ടണത്തിെൻറ ആധുനിക എടുപ്പുകളും ഇടകലർന്ന് അറേബ്യൻ നാഗരിക ജീവിതത്തിെൻറ ഭൂതവും വർത്തമാനവും ഒറ്റ സ്നാപ്പിൽ തെളിയും. ഇസ്ലാമിക ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു പട്ടണം കൂടിയാണ് മറാത്ത്.
യമാമ യുദ്ധത്തിനായി പുറപ്പെട്ട ഇസ്ലാമിക സൈന്യം തമ്പടിച്ചിരുന്നത് ഈ പ്രദേശത്താണ്. പ്രവാചക അനുചരൻ ഖാലിദ് ബിൻ വലീദിെൻറ പേരിൽ അറിയപ്പെടുന്ന കിണറായ 'അൽ ബിഉറുൽ വലീദി' സ്ഥിതി ചെയ്യുന്നത് ഈ പട്ടണത്തിലാണ്. സൈന്യത്തിെൻറ ആവശ്യങ്ങൾക്കായി നിർമിച്ചതാണ് ഈ കിണർ. ഈ കിണറ്റിൽ ഇപ്പോഴും സമൃദ്ധമായി ജലം ലഭിക്കുന്നുണ്ട്. റോഡിന് ഇടതുവശത്തായി പ്രാചീന അറേബ്യൻ കവി ഇമ്രുൽ ഖൈസിെൻറ പേരിൽ അറിയപ്പെടുന്ന കുളവും ചരിത്രാവശിഷ്ടമായി സ്ഥിതി ചെയ്യുന്നു. തണുപ്പ് കാലമായതോടെ ചരിത്രാന്വേഷികളും സന്ദർശകരും ഈ പ്രദേശം കാണാൻ ധാരാളമായി എത്തുന്നുണ്ട്. ഇങ്ങനെ ചരിത്രത്തിെൻറ അവശേഷിപ്പുകൾ ബാക്കിയാക്കി മറാത്ത് പട്ടണം തലയുയർത്തി നിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.