മക്ക: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) നേതാവായിരുന്ന എം.സി. സുബൈർ ഹുദവിയുടെ സ്മരണാർഥം എസ്.ഐ.സി ഏർപ്പെടുത്തിയ വിഖായ അവാർഡ് മക്കയിലെ യാസർ എട്ടുവീട്ടിലിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ വർഷത്തെ ഹജ്ജ് വേളയിൽ ഹാജിമാർക്ക് പുണ്യഭൂമിയിൽ നൽകിയ സേവന പ്രവർത്തനങ്ങളാണ് യാസറിനെ അവാർഡ് ജേതാവാക്കിയത്. കാൽലക്ഷം രൂപയും ഉപഹാരവും അടങ്ങുന്നതാണ് അവാർഡ്.
എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി നേതാവായിരുന്ന അന്തരിച്ച എം.സി സുബൈർ ഹുദവിയുടെ പേരിലുള്ള ആദ്യ അവാർഡാണ് ഈ വർഷം പ്രഖ്യാപിക്കപ്പെട്ടത്. തുടർന്ന് എല്ലാ വർഷവും എം.സി സുബൈർ ഹുദവിയുടെ പേരിലുള്ള വിഖായ അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മക്കയിലും മദീന, മിന, അറഫാത്ത്, മുസ്ദലിഫ തുടങ്ങിയ പുണ്യ നഗരികളിലും ഹജ്ജ് സമയങ്ങളിൽ കർമനിരതരാകുന്ന വിഖായ ഹജ്ജ് സേവകരിൽനിന്നാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കുക.
സമസ്ത ഇസ്ലാമിക് സെന്റർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ, ട്രഷറർ ഇബ്രാഹീം ഓമശേരി, വിഖായ സൗദി ദേശീയ സമിതി ചെയർമാൻ ഫരീദ് ഐക്കരപ്പടി, കൺവീനർ ദിൽഷാദ് തലാപ്പിൽ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. വേങ്ങര അച്ചനമ്പലം സ്വദേശിയായ യാസർ എട്ടുവീട്ടിൽ എസ്.ഐ.സി മക്ക സെൻട്രൽ കമ്മിറ്റിയുടെ കീഴിലെ പ്രവർത്തകനാണ്. പത്ത് വർഷമായി ബിൻ ലാദൻ കമ്പനിയിൽ ഡ്രാഫ്ട്സ്മാൻ ആയി ജോലി ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.