യാംബു: യാംബുവിലെ ഫുട്ബാൾ ആരാധകരുടെ കാത്തിരിപ്പിനു വിരാമം കുറിച്ചുകൊണ്ട് 'മീഡിയാവൺ സൂപ്പർകപ്പ് 2024' ഫുട്ബാൾ ടൂർണമെന്റിന് വ്യാഴാഴ്ച യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ രാത്രി 11 മണിക്ക് തുടക്കമാകും. വ്യാഴം, വെള്ളി ദിവസങ്ങളിൽ യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ചു നടക്കുന്ന മത്സരങ്ങളിൽ എട്ട് പ്രമുഖ ടീമുകളാണ് മാറ്റുരക്കുന്നത്. യുനീക് എഫ്.സി, എഫ്.സി സനായ്യ, ഫൈറ്റേഴ്സ് കണ്ണൂർ, ആർ.സി.എഫ്.സി കേരള, മലബാർ എഫ്.സി, എവർഗ്രീൻ എഫ്.സി, ബിൻ ഖമീസ് എഫ്.സി, ജീം 16 എഫ്.സി തുടങ്ങിയ പ്രബലരായ ടീമുകളാണ് ജനപ്രിയ ചാനലായ മീഡിയവൺ യാംബുവിൽ ആദ്യമായി സംഘടിപ്പിക്കുന്ന സൂപ്പർകപ്പ് ഫുട്ബാൾ മാമാങ്കത്തിൽ മാറ്റുരക്കുന്നത്. യാംബുവിലെ 10 ഓളം സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികളെ കൂടാതെ ഏറ്റവും നല്ല ടീമിനുള്ള ഫെയർ േപ്ല അവാർഡ്, ഏറ്റവും നല്ല ഗോൾ കീപ്പർ, ഏറ്റവും കൂടുതൽ സ്കോർ നേടിയ കളിക്കാരൻ, ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരൻ തുടങ്ങിയവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.
മത്സരത്തിന്റെ മുഖ്യപ്രായോജകരായ എച്ച്.എം.ആർ കോൺട്രാക്ടിങ് കമ്പനിയെ കൂടാതെ, റോയൽ പ്ലാസ, അറബ് ഡ്രീംസ്, ബിൻ ഖമീസ്, റീം അൽ ഔല, ഫോർമുല അറേബ്യ, അറാട്കോ, സമാ മെഡിക്കൽ, ക്ലിയർ വിഷൻ, ന്യൂ ഇനീഷ്യേറ്റിവ്, ജീ മാർട്ട്, ചിക് സോൺ തുടങ്ങിയ യാംബുവിലെ പ്രമുഖ സ്ഥാപനങ്ങളും മീഡിയവൺ സൂപ്പർ കപ്പ് മത്സരത്തിന്റെ പ്രായോജകരാണ്.
സമാപന പരിപാടിയിൽ മുഖ്യാതിഥിയായി യാംബു റോയൽ കമീഷൻ സ്പോർട്സ് ആക്ടിവിറ്റീസ് വിഭാഗം മാനേജർ മജ്ദി അബ്ദുല്ല അൽ അഹ്മദി പങ്കെടുക്കുമെന്നും മത്സരത്തിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായും ജനറൽ കൺവീനർ തൗഫീഖ് മമ്പാട്, മീഡിയവൺ യാംബു റിപ്പോർട്ടർ നിയാസ് യൂസുഫ് എന്നിവർ അറിയിച്ചു. മികച്ച കളിക്കാരെ തെരഞ്ഞെടുക്കുന്നതടക്കം സാങ്കേതിക കാര്യങ്ങളെല്ലാം പൂർണമായും യാംബു ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിലായിരിക്കുമെന്നും കുടുംബങ്ങൾക്കടക്കം മത്സരം വീക്ഷിക്കാൻ പ്രത്യേക സൗകര്യങ്ങൾ റദ് വ സ്റ്റേഡിയത്തിൽ ഒരുക്കുന്നതായും ഫുട്ബാൾ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. മത്സരത്തിന്റ ഫൈനൽ വെള്ളിയാഴ്ച രാത്രിയായിരിക്കും നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.