റിയാദ്: പ്രവാസ കേരളത്തിന്റെ ഫുട്ബാൾ ചരിത്രത്തിന് പുതിയ അധ്യായം എഴുതിച്ചേർത്ത മീഡിയ വൺ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് സീസൺ രണ്ട് മത്സരങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിലായി റിയാദിൽ നടക്കും. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) സഹകരത്തോടെ നടക്കുന്ന ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ സിറ്റിഫ്ലവർ ഗ്രൂപ്പാണ്. റിഫയിൽ രജിസ്റ്റർ ചെയ്ത 39 ടീമുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 16 ടീമുകളാണ് മത്സരത്തിൽ കൊമ്പുകോർക്കുന്നത്.
മലബാറിൽ ഏറെ പ്രചാരമേറിയതും കളത്തിലും ഗാലറിയിലും ആവേശം തുടിക്കുന്നതുമായ സെവൻസ് ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുന്നത്. സ്വന്തം ടീമിനെയും കളിക്കാരെയും നെഞ്ചേറ്റി റിയാദിന്റെ എല്ലാ ദിക്കുകളിൽനിന്നും കളിക്കമ്പക്കാർ ഒഴുകിയെത്തും. ആർപ്പുവിളികളും ആരവങ്ങളുമായി അവർ പിന്തുണക്കുന്ന ടീമിന്റെയും കളിക്കാരുടെയും മുന്നേറ്റത്തിന് ആവേശം പകരും. പോരാട്ടങ്ങൾ രാവേറെ നീളുമ്പോഴും അവരുടെ ആവേശത്തിമിർപ്പിന്റെ താളമേളങ്ങൾ നിലക്കില്ല.
സോക്കർ ക്ലബ് റിയാദ്, ബ്ലാസ്റ്റേഴ്സ് വാഴക്കാട്, ബ്ലാക്ക് ആൻഡ് വൈറ്റ് റിയാദ്, പ്രവാസി സോക്കർ സ്പോർട്ടിങ്, റോയൽ ഫോക്കസ് ലൈൻ, അസീസിയ സോക്കർ, ലന്റേൺ എഫ്.സി, സ്പോർട്ടിങ് എഫ്.സി, റിയൽ കേരള എഫ്.സി, റിയാദ് ബ്ലാസ്റ്റേഴ്സ് എഫ്.സി, റെയിൻബോ, മാർക്ക് എഫ്.സി, സുലൈ എഫ്.സി, നഹ്ദ എഫ്.സി, സനാഇയ്യ പ്രവാസി എഫ്.സി, യൂത്ത് ഇന്ത്യ സോക്കർ എന്നീ പ്രമുഖ മലയാളി ക്ലബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. മത്സരഫലം തങ്ങൾക്കനുകൂലമാക്കാൻ എല്ലാ ടീമുകളും കഴിഞ്ഞ ദിവസങ്ങളിൽ പരിശീലനം നടത്തി.
സൗദിക്കകത്തും പുറത്തുമുള്ള നിരവധി മികച്ച കളിക്കാർ ടൂർണമെന്റിൽ ബൂട്ട് കെട്ടുമെന്ന് ഉറപ്പായി. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിന്റെ മാതൃകയിൽ ഒരു ഫാൻസ് കപ്പ് നടത്തി മീഡിയ വൺ ശ്രദ്ധയാകർഷിച്ചിരുന്നു. കൂടുതൽ വൈവിധ്യങ്ങളോടെ വരുംവർഷങ്ങളിൽ സൂപ്പർ കപ്പ് തുടരുമെന്ന് മീഡിയ വൺ മാർക്കറ്റിങ് മാനേജർ ഹസനുൽ ബന്ന പറഞ്ഞു. ഒരുക്കങ്ങൾ പൂർത്തിയായതായി ടൂർണമെന്റ് കമ്മിറ്റിയും റിഫ ഭാരവാഹികളും അറിയിച്ചു. റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി 10 നും വെള്ളിയാഴ്ച വൈകുന്നേരം ആറിനുമാണ് മത്സരങ്ങൾ തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.