യാംബു: രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ പ്രതിമാസ വേതനത്തിൽ വൻ വർധനവുണ്ടായതായി റിപ്പോർട്ട്. അഞ്ച് വർഷത്തിനിടെ 45 ശതമാനം ഇരട്ടിച്ചെന്ന് നാഷനൽ ലേബർ ഒബ്സർവേറ്ററി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളാണ് വെളിപ്പെടുത്തുന്നത്.
2018 ൽ ശരാശരി ശമ്പളം 6,600 റിയാലായിരുന്നത് 2023ൽ 9,600 റിയാലായി ഉയർന്നു. സൗദിയുടെ സമഗ്ര വികസന പദ്ധതിയായ ‘വിഷൻ 2030’ന് കീഴിലുള്ള പരിപാടികളും സംരംഭങ്ങളും ആരംഭിച്ചതിന് ശേഷം രാജ്യം സാക്ഷ്യംവഹിക്കുന്ന ശക്തമായ സാമ്പത്തിക വളർച്ചയും പരിഷ്കാരങ്ങളും ഈ വളർച്ചക്ക് ആക്കം കൂട്ടി.
സർക്കാർ ഏജൻസികൾ നൽകുന്ന പിന്തുണയും പാക്കേജുകളുടെ വിജയവും മികച്ച ആസൂത്രണവും വേതന വർധനക്ക് കാരണമായെന്ന് ഒബ്സർവേറ്ററി അതോറിറ്റി ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി സമയത്ത് ബിസിനസ് മേഖലക്കും സ്വകാര്യ മേഖലക്കും ലഭിച്ച വർധിച്ച പിന്തുണയും ഉത്തേജനവും തൊഴിൽ വിപണിയുടെ ഉയർന്ന ആകർഷണത്തിനും കാര്യക്ഷമതക്കും വഴിവെച്ചു.
നാഷനൽ ലേബർ ഒബ്സർവേറ്ററി റിപ്പോർട്ട് അനുസരിച്ച് ഇതേ കാലയളവിൽ 20,000 റിയാലിൽ കൂടുതൽ വേതനം സ്വീകരിക്കുന്ന പൗരന്മാരുടെ എണ്ണം 139 ശതമാനം വർധിച്ചു. അതായത് 2018ൽ ഈ ഗണത്തിലുള്ള സ്വദേശി ജീവനക്കാരുടെ എണ്ണം 84,700 ആയിരുന്നത് ഈ വർഷം 2,02,700 ആയി ഉയർന്നു.
വിപണിയും ജോലിയുടെ ഗുണനിലവാരവും ആകർഷകമായ തൊഴിൽ അന്തരീക്ഷവും പ്രത്യേക ജോലികൾക്കുള്ള ഉയർന്ന പരിഗണനയും ഏറെ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു. ഇതേ കാലയളവിൽ 40,000 റിയാലിൽ കൂടുതൽ വേതനം സ്വീകരിക്കുന്ന പൗരന്മാരുടെ എണ്ണത്തിൽ 172 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2018ൽ ഇത് 16,000 പൗരന്മാരായിരുന്നു. 2023ൽ ഇത് 44,000 ആയി ഉയർന്നു.
അതുപോലെ സ്പെഷലൈസ്ഡ് ജോലികൾക്കുള്ള ഉയർന്ന ഡിമാൻഡിന് പുറമേ, പ്രധാന പ്രോജക്ടുകളിലും കമ്പനികളിലും കഴിവുകൾക്കുള്ള ഉയർന്ന ഡിമാൻഡും പരിഗണിക്കപ്പെട്ടതും പ്രതിമാസ വേതനം വർധിക്കുന്നതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.