ജിദ്ദ: ഈ വർഷം സൗദി അറേബ്യക്ക് പുറത്തുനിന്ന് 20 ലക്ഷത്തിലധികം തീർഥാടകർ ഹജ്ജിനെത്തും. ഇറാഖിൽനിന്ന് 33,690 പേരുണ്ടാകും. ഇറാഖ് സന്ദർശന വേളയിൽ ഇറാഖി ഹജ്ജ്, ഉംറ തീർഥാടകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് നടത്തിയ വാർത്തസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയ ഹജ്ജായിരിക്കും ഇത്തവണത്തേത്. പ്രായപരിധിയുണ്ടാവില്ല. കോവിഡിന് മുമ്പുണ്ടായിരുന്ന തീർഥാടകരുടെ എണ്ണത്തിലേക്ക് ഹജ്ജ് ഈ വർഷം തിരിച്ചെത്തുമെന്ന സന്തോഷവാർത്ത ലോകത്തെ അറിയിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സൗദി അറേബ്യയുടെയും ഇറാഖിന്റെയും അതിർത്തിയിലുള്ള ‘അറാർ ജദീദ്’ കവാടത്തിലൂടെ ഇതുവരെ ഇറാഖിൽനിന്ന് 1,25,000 പേർ ഉംറക്കും സൗദി സന്ദർശനത്തിനുമായി കടന്നുവന്നിട്ടുണ്ട്. കവാടത്തിൽ ഹജ്ജ് ഉംറ തീർഥാടകർക്കായി പുതിയ ഹാൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
റമദാനിന്റെ തുടക്കത്തിൽ ഇത് സജ്ജമാകും. ഉംറക്കും സന്ദർശനത്തിനും ‘നസ്ക്’ പ്ലാറ്റ്ഫോം ഇറാഖ് തീർഥാടകർക്ക് ഉപയോഗപ്പെടുത്താം.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് സൗദി അറേബ്യ തുടരും. ഹജ്ജ് തീർഥാടകരുടെ ഇൻഷുറൻസ് തുക 73 ശതമാനവും ഉംറ തീർഥാടകരുടേത് 63 ശതമാനവും കുറച്ചതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്.
സൗദി വിമാനങ്ങൾ വഴിയുള്ള സൗജന്യ ട്രാൻസിറ്റ് വിസ പോലെ മക്കയിലേക്കും മദീനയിലേക്കും പ്രവേശിക്കാനും ഉംറ നിർവഹിക്കാനുമുള്ള വരവ് സുഗമമാക്കുന്നതിന് നിരവധി ഓപ്ഷനുകൾ അടുത്തിടെ നടപ്പാക്കിയിട്ടുണ്ട്.
നാല് ദിവസത്തേക്ക് രാജ്യത്ത് പ്രവേശിക്കാനും ഉംറ നിർവഹിക്കാനും ട്രാൻസിറ്റ് വിസ അനുവദിക്കുന്നു. ഇരുഹറമുകളുടെ സേവിക്കുന്നതിലുള്ള ചരിത്രപരമായ പ്രതിബദ്ധതയുടെ വെളിച്ചത്തിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കുന്നതിനും വികസിപ്പിക്കുന്നതിനും സൗദി അറേബ്യ കുതിച്ചുചാട്ടം നടത്തുമെന്നും ഹജ്ജ് ഉംറ മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക സന്ദർശനാർഥം ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ഇറാഖിലെത്തിയത്. ബാഗ്ദാദിലെ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സംയുക്ത സഹകരണം വികസിപ്പിക്കുക ലക്ഷ്യമിട്ട് ഇറാഖ് പ്രസിഡൻറ് ഡോ. അബ്ദുൽ ലത്തീഫ് ജമാൽ റാഷിദ് തുടങ്ങിയ വിവിധ വകുപ്പ് മന്ത്രിമാരുൾപ്പെടെ ഇറാഖ് ഭരണതലങ്ങളിലെ ഉന്നതരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.