യാംബു: കോവിഡ് വാക്സിനുകൾ സൗദിയിലെ ഫാർമസികൾ വഴിയും ലഭ്യമാക്കാനുള്ള നടപടികൾക്ക് വഴിയൊരുങ്ങുന്നതായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. രാജ്യത്തുടനീളമുള്ള പ്രത്യേക ഫാർമസി ബ്രാഞ്ചുകൾ വഴി കോവിഡ് വാക്സിനുകൾ സൗജന്യമായിത്തന്നെ ഗുണഭോക്താക്കൾക്ക് ലഭിക്കാനുള്ള നടപടികൾ എടുക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അൽദവാ ഫാർമസിയുമായി ഇതുസംബന്ധമായ കരാറിൽ ഒപ്പുവെച്ചതായി മന്ത്രി വ്യക്തമാക്കി.
അൽദവാ ഫാർമസിയുടെ രാജ്യത്തെ മുഴുവൻ ബ്രാഞ്ചുകളിലും വാക്സിൻ ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കും. എന്നാൽ, എന്നുമുതലാണ് ഇത് ലഭ്യമാക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.രാജ്യത്തെ മുഴുവൻ പൗരന്മാർക്കും സ്വീകരിക്കാവുന്ന തീയതികൾ പിന്നീട് അറിയിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വൈറസ്വ്യാപനം രാജ്യത്ത് പൂർണമായി നിയന്ത്രിക്കുന്നതിെൻറ ഭാഗമായാണ് പുതിയ തീരുമാനം.
ഇപ്പോൾ നടക്കുന്ന വാക്സിനേഷൻ പ്രചാരണം വിപുലീകരിക്കുന്നതിനും വാക്സിൻ എല്ലാവരിലേക്കും പ്രയാസമില്ലാതെ എത്തിക്കാനും ആരോഗ്യമന്ത്രാലയം ചെയ്യുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. ഡിസംബർ 17ന് സൗദി അറേബ്യ രാജ്യവ്യാപകമായി പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചതിനുശേഷം രാജ്യത്തുടനീളം 100ലേറെ വാക്സിനേഷൻ സെൻററുകൾ ഇതിനകം തുറന്നിട്ടുണ്ട്. കാര്യക്ഷമമായി നടക്കുന്ന വാക്സിനേഷൻ പ്രക്രിയ ദ്രുതഗതിയിൽ പൂർത്തിയാക്കാനുള്ള ആസൂത്രണങ്ങൾ ഏറെ ഫലം ചെയ്യുമെന്നാണ് വിലയിരുത്തൽ.
നിലവിൽ രാജ്യത്ത് നൽകിവരുന്ന കോവിഡ് വാക്സിനുകൾ 16 വയസ്സു മുതലുള്ളവർക്ക് നൽകുന്നതിനുള്ള അംഗീകാരം ആരോഗ്യമന്ത്രാലയം നൽകിയതായി മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദുൽ അലി പറഞ്ഞു. വാക്സിനേഷൻ കേന്ദ്രങ്ങൾ രാജ്യത്തുടനീളം വ്യാപിപ്പിക്കാനുള്ള പദ്ധതികൾ സൗദി അറേബ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതായും ആരോഗ്യവക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.