ജിദ്ദ: രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികം ജിദ്ദ നവോദയ കേക്ക് മുറിച്ച് ആഘോഷമാക്കി. കഴിഞ്ഞ ഒരുവർഷത്തിനിടെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ മുൻഗണനാക്രമത്തിൽ സർക്കാർ പൂർത്തീകരിച്ചു വരുന്നതായി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത് നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം പറഞ്ഞു. മുടക്കം കൂടാതെ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നു.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീണ്ടും രണ്ടു ലക്ഷത്തിലധികം ഭവനങ്ങളുടെ പണി പൂർത്തീകരിച്ചു. കാർഷിക മേഖലയിൽ ആത്മഹത്യകൾ ഇല്ലാതായി. കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വർധിപ്പിക്കാൻ സാധിച്ചു. ആരോഗ്യമേഖലയിൽ സമാനതകളില്ലാത്ത ഇടപെടലുകൾ നടത്താൻ രണ്ടാം പിണറായി സർക്കാറിന് സാധിച്ചു. സ്കൂളുകൾ തുറക്കുംമുമ്പേ പുസ്തകങ്ങൾ എത്തിച്ചുനൽകി. കെ-നെറ്റ് 70 ശതമാനം പൂർത്തീകരിക്കാൻ കഴിഞ്ഞു.
കഴിഞ്ഞ ഏപ്രിൽ മുതൽ വർധിപ്പിച്ച പ്രവാസി പെൻഷൻ 3500 രൂപ നൽകിത്തുടങ്ങി. പ്രവാസികളുടെ പുനരധിവാസത്തിനും തൊഴിൽ നൈപുണ്യം വർധിപ്പിക്കുന്നതിനുമായി സമഗ്രമായ പദ്ധതികൾ ആസൂത്രണം ചെയ്തു. ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരെ സർക്കാർ ഏജൻസി വഴി വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് അയക്കാൻ കഴിഞ്ഞു. ഇത്തരത്തിൽ സമഗ്ര മേഖലയിലും വികസനത്തിന്റെ പാത വെട്ടിത്തുറന്നാണ് രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികം കടന്നുപോകുന്നത്.
മുഹമ്മദ് മേലാറ്റൂർ അധ്യക്ഷത വഹിച്ചു. നവോദയ സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട് ആശംസകൾ നേർന്നു. ശ്രീകുമാർ സ്വാഗതവും അമീൻ നന്ദിയും പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി ജോ ജോസഫിനെ വിജയിപ്പിക്കണമെന്നും യോഗം തൃക്കാക്കരയിലെ വോട്ടർമാരോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.