സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ

ഇറാൻ ആണവവിഷയം; സുരക്ഷ വർധിപ്പിക്കാൻ അയൽരാജ്യങ്ങൾ നിർബന്ധിതരാകും -സൗദി വിദേശകാര്യ മന്ത്രി

റിയാദ്: ഇറാനുമായി ആണവവിഷയത്തിൽ കരാർ ഉണ്ടാക്കുന്നതിലെ പരാജയം മേഖലയെ അപകടകരമായ ഘട്ടത്തിലേക്ക് നയിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. തെഹ്‌റാൻ ആണവായുധങ്ങൾ കരഗതമാക്കുന്ന പക്ഷം സുരക്ഷ വർധിപ്പിക്കാൻ അയൽരാജ്യങ്ങൾ നിർബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച അബൂദബിയിൽ നടന്ന വേൾഡ് പോളിസി കോൺഫറൻസിനിടയിലെ സ്റ്റേജ് അഭിമുഖത്തിലാണ് വിദേശകാര്യ മന്ത്രി ഇപ്രകാരം പറഞ്ഞത്.

ഇറാന് പ്രവർത്തനക്ഷമമായ ആണവായുധം ലഭിച്ചാൽ, എല്ലാ പന്തയങ്ങളും അവിടെ അവസാനിക്കും. ഞങ്ങൾ ഈ മേഖലയിൽ വളരെ അപകടകരമായ സ്ഥലത്താണ്. അത്തരമൊരു സാഹചര്യത്തിൽ ഇവിടെയുള്ള രാജ്യങ്ങൾ അവരുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാമെന്ന് നോക്കും -ഇതു സംബന്ധിച്ച ചോദ്യത്തോട് അമീർ ഫൈസൽ പ്രതികരിച്ചു.

തെഹ്‌റാൻ യുക്തിരഹിതമായ ആവശ്യങ്ങൾ ഉന്നയിക്കുന്നുവെന്ന ആരോപണത്തിന്മേൽ പാശ്ചാത്യ ശക്തികളുമായുള്ള അവരുടെ ആണവ ചർച്ചകൾ സ്തംഭിച്ച സമയത്താണ് മന്ത്രിയുടെ പ്രതികരണം. ഇറാെൻറ ആണവ നീക്കങ്ങളിൽ റിയാദ് സംശയങ്ങളിലാണെങ്കിലും തെഹ്‌റാനുമായുള്ള ശക്തമായ കരാറിന് സാധ്യത നിലനിൽക്കുന്നതായി മന്ത്രി സൂചിപ്പിച്ചു.

ഇതൊരു തുടക്കമാണ്, അവസാനമല്ല എന്ന ധാരണയിൽ കരാർ പുനഃരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളെ തങ്ങൾ പിന്തുണക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാെൻറ മിസൈലുകളെയും ഡ്രോണുകളെയും സംബന്ധിച്ചും മേഖലയിലെ മധ്യസ്ഥ ശൃംഖലയെക്കുറിച്ചുമുള്ള തങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന ശക്തമായ കരാറിന് ഗൾഫ് രാജ്യങ്ങൾ സമ്മർദം ചെലുത്തിയിട്ടുണ്ട്.

നിർഭാഗ്യവശാൽ, ഇപ്പോഴത്തെ സൂചനകൾ അത്ര പോസിറ്റിവ് അല്ല. ഇറാന് ആണവായുധ പദ്ധതിയിൽ താൽപര്യമില്ലെന്നാണ് ഞങ്ങൾ കേൾക്കുന്നത്. ആ തലത്തിൽ ഞങ്ങൾക്ക് കൂടുതൽ ഉറപ്പ് ആവശ്യമാണ് -അമീർ ഫൈസൽ കൂട്ടിച്ചേർത്തു. ഇറാനുമായി ആണവ കരാറിൽ ഏർപ്പെടുന്നതിൽ പരാജയപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് കരാറിലെത്തിയാൽ അത് ആദ്യ പടി മാത്രമാണെന്നും അതിനു വേണ്ടി രാജ്യം മുന്നോട്ട് പോകുമെന്നും അദ്ദേഹം മറുപടി പറഞ്ഞു. ആണവ കരാറിൽ എത്തുക എന്നതിനർഥം തെഹ്‌റാൻ ആണവായുധങ്ങൾ നിർമിക്കാൻ ശ്രമിക്കില്ലെന്ന് ഉറപ്പായി എന്നല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയായ ചൈനയുമായുള്ള സംഭാഷണം വളരെ പ്രധാനപ്പെട്ട വിഷയമാണെന്ന് അമീർ ഫൈസൽ പറഞ്ഞു. ധ്രുവീകരണം എന്നത് ആധുനിക ലോകത്ത് ഏറ്റവും അവസാനം മാത്രം സംഭവിക്കേണ്ടതാണ്. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ കഴിഞ്ഞയാഴ്ചയിലെ റിയാദ് സന്ദർശനവും സൗദി അറേബ്യ, ഗൾഫ്, അറബ് മേഖലകളിലെ നേതാക്കളുമായി നടന്ന ഉച്ചകോടികളും പ്രയോജനപ്രദമാണ്. എല്ലാ പങ്കാളികളുമായുള്ള ചർച്ചയിലൂടെ എണ്ണവില സ്ഥിരപ്പെടുത്താൻ രാജ്യം തുടർന്നും ശ്രമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

എണ്ണ വില നിലവിൽ ന്യായവും സുസ്ഥിരവുമാണ്. ഉപഭോക്താവിനും നിർമാതാവിനും ഒരുപോലെ ന്യായമായിരിക്കണമെന്നതാണ് ഞങ്ങളുടെ നിലപാട്. അമേരിക്കയോട് ഞങ്ങളത് വിശദീകരിച്ചിട്ടുണ്ട് -അമീർ ഫൈസൽ ചൂണ്ടിക്കാട്ടി.

സൗദി അറേബ്യയും റഷ്യയുമായുള്ള ബന്ധത്തെക്കുറിച്ച ചോദ്യത്തിന് റിയാദും മോസ്കോയും തമ്മിലുള്ള ബന്ധം നല്ലതാണെന്നും ചില തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ഇടപാടുകൾക്ക് മധ്യസ്ഥത വഹിക്കാൻ രാജ്യത്തിന് ഇത് സഹായകമായിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ഭരണകൂടങ്ങൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പരാമർശിക്കവേ വാഷിങ്ടണും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ചില ഭിന്നതകൾക്കിടയിലും ശക്തമായി തുടരുന്നുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു.

സൗദി ജനതയുടെ ക്ഷേമത്തിനും അവരുടെ സുസ്ഥിര വളർച്ച ഉറപ്പാക്കുന്നതിനുമാണ് ഭരണകൂടം മുൻഗണന നൽകുന്നതെന്ന് സൗദി ആഭ്യന്തര വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. വ്യക്തമായ ഒരു റോഡ് മാപ്പ് അനുസരിച്ച് രാജ്യം സമൂലമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Neighboring countries will be forced to increase security - Saudi Foreign Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.