ജിദ്ദ: സൗദി അറേബ്യയിൽ ആരോഗ്യ ഇൻഷുറൻസിലെ പുതിയ ആനുകൂല്യങ്ങൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ വക്താവ് ഡോ. നാസിർ അൽജുഹ്നി അറിയിച്ചു. ഒരു പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊണ്ണത്തടി ശസ്ത്രക്രിയകൾ,
വൃക്ക മാറ്റിവയ്ക്കൽ എന്നിവ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തിയതും ഡയാലിസിസിനുള്ള പരിധി ലക്ഷം റിയാലിൽനിന്ന് 180,000 റിയാലായി ഉയർത്തിയതുമാണ് പുതിയ ആനുകൂല്യങ്ങൾ. ഇവയാണ് പ്രാബല്യത്തിലായത്. രോഗ പ്രതിരോധത്തിലും ചികിത്സയിലെ സങ്കീർണതകൾ കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ഈ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻഷുറൻസ് നയം ഓരോ മൂന്ന് വർഷത്തിലൊരിക്കലും അല്ലെങ്കിൽ ആവശ്യം വരുമ്പോൾ കൗൺസിൽ പുനരവലോകനം ചെയ്യുന്നത് പതിവാണ്. അതിൻപ്രകാരമാണ് ആനുകൂല്യങ്ങളുടെ കാര്യത്തിൽ മാറ്റം വരുത്തുന്നതും പുതിയത് ചേർക്കുന്നതും.
പബ്ലിക് ഹെൽത്ത് അതോറിറ്റി അംഗീകരിച്ച യോഗ്യതാ മാനദണ്ഡങ്ങൾക്കനുസൃതമായി നടത്തുന്ന എല്ലാ രോഗനിർണയ പരിശോധനകളും ഇൻഷുറൻസ് പരിരക്ഷയിൽ ചേർത്തതായും അൽജുഹ്നി വിശദീകരിച്ചു. വൻകുടലിലെ കാൻസർ, സ്തനാർബുദം, ഗർഭാശയ കാൻസർ, പ്രമേഹ പരിശോധന, അസ്ഥിരോഗ പരിശോധന, സമഗ്രമായ കൊഴുപ്പ് പരിശോധന എന്നിവ ആനൂകലി പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമവും ശാരീരിക പ്രവർത്തനവും സംബന്ധിച്ച പെരുമാറ്റ, പോഷകാഹാര കൗൺസിലിങ്ങും ഇൻഷുറൻസ് പരിധിയിൽ വരും. സ്ത്രീകളുടെ ആരോഗ്യ സംബന്ധമായ 'മാമോഗ്രാം' പോലുള്ള വിവിധ പരിശോധനകളും ഇൻഷുറൻസ് പരിരക്ഷയിൽ വരും. ഇൻഷുറൻസ് കമ്പനിയും തൊഴിലുടമയും തമ്മിലുള്ള കരാറാണ് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം നിർണയിക്കുന്നതെന്ന് അൽജുഹ്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.