ജിദ്ദ: സൗദി വിപണിയിൽ മൊബൈൽ ഫോൺ ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ചാർജിങ് പോർട്ടുകൾ ഏകീകരിക്കുന്നു. സൗദി സ്റ്റാൻഡേഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമീഷനും സംയുക്തമായി നടപ്പാക്കുന്ന നിയമത്തിെൻറ ആദ്യഘട്ടം 2005 ജനുവരി ഒന്നു മുതൽ നടപ്പാകും. ഇതിനായി ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും നിർമാതാക്കളെയും വിതരണക്കാരെയും നിർബന്ധിക്കും. രണ്ടു ഘട്ടമായാണ് ഈ നിയമം നടപ്പാക്കുക.
2025 ജനുവരി ഒന്നിലെ ആദ്യഘട്ടത്തിൽ മൊബൈൽ ഫോൺ, ടാബ്ലറ്റ്, ഡിജിറ്റൽ കാമറ, ഇ-റീഡർ, പോർട്ടബിൾ വിഡിയോ ഗെയിം ഉപകരണങ്ങൾ, ഹെഡ്ഫോൺ, ഇയർഫോൺ, ആംപ്ലിഫയർ, ടാബ്ലറ്റ്, കീബോർഡ്, കമ്പ്യൂട്ടർ മൗസ്, പോർട്ടബിൾ നാവിഗേഷൻ സിസ്റ്റം, പോർട്ടബിൾ സ്പീക്കർ, വയർലസ് റൂട്ടർ എന്നിവയുടെ ചാർജറുകളാണ് ‘സി ടൈപ് യു.എസ്.ബി’ ആയി ഏകീകരിക്കുക. രണ്ടാംഘട്ടമായ 2026 ഏപ്രിൽ ഒന്നിന് ലാപ്ടോപ്പുകളുടെ ചാർജറുകളും സി ടൈപ് യു.എസ്.ബി ആക്കി നിജപ്പെടുത്തും.
ചാർജിങ് ഉപകരണത്തിെൻറ എംബ്ലം, ഇനം, പവർ തുടങ്ങിയ വിവരങ്ങളും ഉപയോഗം സംബന്ധിച്ച നിർദേശങ്ങളും ഉൽപന്നത്തിൽ രേഖപ്പെടുത്തണമെന്നും പുതിയ നിയമം ആവശ്യപ്പെടുന്നു. പുതിയ തീരുമാനം രാജ്യത്തെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിപണിയെ നിയന്ത്രിക്കാനുള്ളതാണ്. ആശയവിനിമയ, സാങ്കേതിക മേഖലയിലെ ഏറ്റവും വലിയ ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസൃതമായി ഉപയോക്താക്കളുടെ താൽപര്യം സംരക്ഷിക്കുക, സാങ്കേതിക ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുക, ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറച്ച് സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുക എന്നതാണ് പുതിയ നിയമംകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇ-മാലിന്യത്തിെൻറ അളവ് കുറക്കുന്നതിലൂടെ പാരിസ്ഥിതിക സുസ്ഥിരതക്ക് പിന്തുണ നൽകുക, ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക, അധിക ചെലവുകൾ വരുത്താതിരിക്കുക, ഉയർന്ന നിലവാരമുള്ള ചാർജിങ്, ഡേറ്റ ട്രാൻസ്ഫർ സാങ്കേതികവിദ്യ സംവിധാനം പ്രദാനംചെയ്യുക എന്നിവയാണ് ഇതിെൻറ ലക്ഷ്യം.
സാങ്കേതിക നിയന്ത്രണങ്ങളിലും അനുബന്ധ മാനദണ്ഡങ്ങളിലും വ്യക്തമാക്കിയിട്ടുള്ള സാങ്കേതികവും ഭരണപരവുമായ നിബന്ധനകൾ പാലിച്ച് സി ടൈപ് യു.എസ്.ബി ചാർജറുകൾ വിപണിയിലെത്തിക്കാൻ നിർമാതാക്കൾക്കും വിതരണക്കാർക്കും കർശന നിർദേശം നൽകും.
മൊബൈൽ ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമുള്ള ചാർജറുകളുടെയും ചാർജിങ് കേബിളുകളുടെയും ഗാർഹിക ഉപഭോഗത്തിെൻറ അളവ് പ്രതിവർഷം 22 ലക്ഷം യൂനിറ്റിലധികം കുറയ്ക്കുന്നതിന് ഈ തീരുമാനം സഹായിക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ ഉപഭോക്താക്കളിൽനിന്ന് പ്രതിവർഷം 17 കോടി റിയാലിലധികം ചെലവ് ലാഭിക്കാനും സാധിക്കും. പ്രതിവർഷം ഏകദേശം 15 ടൺ ഇ-മാലിന്യം കുറക്കുന്നതിലൂടെ സാങ്കേതിക മേഖലയിലെ സുസ്ഥിരതക്കായി രാജ്യത്തിെൻറ ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.