റിയാദ്: വിവിധ പ്രവിശ്യകളിൽ നിയോഗിതരായ പുതിയ ഗവർണർമാരും ഡെപ്യൂട്ടി ഗവർണർമാരും വകുപ്പ് ചെയർമാന്മാരും ഔദ്യോഗിക ചുമതലയേറ്റു. മദീനയിലെ പുതിയ ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ, മക്കയിലെ ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസ്, അൽജൗഫിലെ ഡെപ്യൂട്ടി ഗവർണർ അമീർ മുത്ഇബ് ബിൻ മിശ്അൽ ബിൻ ബദർ എന്നിവരാണ് ചുമതലയേറ്റത്. മദീന ഗവർണർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ അമീർ ഫൈസൽ ബിൻ സൽമാൻ, സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവും കിങ് അബ്ദുൽ അസീസ് ഹൗസിന്റെ ഡയറക്ടർ ബോർഡ് ചെയർമാനും കിങ് ഫഹദ് നാഷനൽ ലൈബ്രറി ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായി സ്ഥാനമേറ്റു. മക്ക മസ്ജിദുൽ ഹറാമിലെ നിർമാണ ജോലികൾ പരിശോധിച്ചാണ് പുതിയ ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസ് ഔദ്യോഗിക ജോലി ആരംഭിച്ചത്. ഹജ്ജ്, ഉംറ മന്ത്രിയും ഇരു ഹറംകാര്യ പരിപാലന ജനറൽ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. തൗഫീഖ് അൽറബിഅ ഡെപ്യൂട്ടി ഗവർണറോടൊപ്പമുണ്ടായിരുന്നു. ഹറമിലെത്തിയ ഡെപ്യൂട്ടി ഗവർണർ മൂന്നാമത് വിപുലീകരണ ഭാഗങ്ങൾ പരിശോധിക്കുകയും പ്രവർത്തന പുരോഗതി കാണുകയും ചെയ്തു. ഹറം കവാടങ്ങളിലെ നിർമാണ ജോലികൾ പരിശോധിക്കുകയും വികസന പ്രവർത്തനങ്ങളുടെ വിശദീകരണം ശ്രദ്ധിക്കുകയും ചെയ്തു. മത്വാഫ് വികസനവും കണ്ടു.
സ്ഥലത്തെ സാങ്കേതിക സേവനങ്ങളും ആധുനിക സംവിധാനത്തിലൊരുക്കിയ ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങളും ഡെപ്യൂട്ടി ഗവർണർക്ക് വിശദീകരിച്ചു കൊടുത്തു. തീർഥാടകരെ സേവിക്കാൻ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾ സന്ദർശകർക്ക് പരിചയപ്പെടുത്തുന്നതിന് ഒരുക്കിയ ഇരുഹറം കാര്യാലയത്തിന്റെ പ്രദർശനം കണ്ടു. മുറ്റങ്ങളിൽ വുദുവെടുക്കാൻ ഒരുക്കിയ സൗകര്യങ്ങളും പരിശോധിച്ചു.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങളുടെയും മേഖല ഗവർണർ അമീർ ഖാലിദ് അൽഫൈസലിന്റെ ഉപദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് മക്ക ഹറം സന്ദർശനമെന്ന് അമീർ സഊദ് ബിൻ മിശ്അൽ പറഞ്ഞു. ഈ രംഗത്തെ എല്ലാ പ്രവർത്തനങ്ങളെയും അഭിനന്ദിക്കുന്നു. തീർഥാടകരെയും സന്ദർശകരെയും സേവിക്കുന്നതിനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കേണ്ടതുണ്ടെന്നും ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.