റിയാദ്: കൊടും ചൂടിൽ റോഡ് തണുപ്പിക്കുന്ന സാങ്കേതികവിദ്യ പരീക്ഷിച്ച് അധികൃതർ. മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ് മന്ത്രാലയവുമായി സഹകരിച്ച് റോഡ്സ് ജനറൽ അതോറിറ്റിയാണ് രാജ്യത്തെ റോഡുകൾ തണുപ്പിക്കുന്നതിനുള്ള പരീക്ഷണം ആരംഭിച്ചത്. പകൽ സമയത്ത് റോഡുകൾ ആഗിരണം ചെയ്യുന്ന ചൂട് രാത്രി പുറത്തുവിടുകയും ഇതുമൂലം പരിസരത്തെ താപനില ഉയരുകയും ചെയ്യുന്ന ‘ഹീറ്റ് ഐലൻഡ്’പ്രതിഭാസത്തെ ലഘൂകരിക്കുന്ന പരീക്ഷണമാണ് നടക്കുന്നത്.
വേനൽക്കാല രാത്രികളിൽ ആളുകൾ പുറത്തിറങ്ങി നടക്കുന്നതിൽനിന്ന് തടയുന്നത് ‘ഹീറ്റ് ഐലൻഡ്’പ്രതിഭാസമാണ്. പുതുതായി വികസിപ്പിച്ച സാങ്കേതികവിദ്യ പ്രകാരമുള്ള പെയിന്റിങ് ടാർ റോഡുകൾക്ക് സമീപമുള്ള നടപ്പാതകളിലെ ചൂട് കുറക്കാൻ സഹായിക്കും. ആഗിരണം ചെയ്യുന്ന ചൂട് കുറഞ്ഞ തോതിൽ മാത്രമേ ഇത്തരം റോഡുകളിൽനിന്ന് ബഹിർഗമിക്കൂ എന്നതാണ് പ്രത്യേകത.
വേനൽക്കാല രാത്രികളിൽ റോഡുകളുടെ ഉപരിതല താപനില കുറയുന്നത് ജനങ്ങൾക്ക് ആശ്വാസമാകും. ജനവാസ കേന്ദ്രങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, മെട്രോ സ്റ്റേഷനുകൾ, നടപ്പാതകൾ എന്നിവിടങ്ങളിലാണ് പുതിയ സാങ്കേതികവിദ്യ പ്രയോഗിക്കുന്നത്. റിയാദിലെ രണ്ടു പ്രധാന സ്ഥലങ്ങളിൽ നടത്തിയ പരീക്ഷണം വിജയം കണ്ടതായി റോഡ്സ് ജനറൽ അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.