ജിദ്ദ: ഉംറ സീസണിലേക്കുള്ള ഒരുക്കം പൂർത്തിയായി. മുഹർറം ഒന്നായ ശനിയാഴ്ച മുതൽ ആരംഭിക്കുന്ന സീസൺ 10 മാസത്തിലധികം നീണ്ടുനിൽക്കും. തീർഥാടകരെ സ്വീകരിക്കാൻ മക്കയിലും മദീനയിലും വിവിധ വകുപ്പുകൾക്ക് കീഴിൽ എല്ലാ ഒരുക്കവും പൂർത്തിയായി. വിവിധ സൗകര്യങ്ങളാണ് തീർഥാടകർക്കായി ഹജ്ജ്-ഉംറ മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. വിദേശ തീർഥാടകർക്ക് ഉംറക്കും മദീനയിലെ റൗദ സന്ദർശനത്തിനും 'ഇഅ്തമർനാ' മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് അനുമതിപത്രം നേടേണ്ടത്. കോവിഡ് ഭീതി നിലനിന്നിരുന്ന കഴിഞ്ഞ ഉംറ സീസണിൽ 15 ലക്ഷത്തിലധികം ഉംറ തീർഥാടകരെത്തിയെന്നാണ് കണക്ക്.
ഈ വർഷം അതിലും കൂടുതൽ തീർഥാടകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിനകത്ത് 500ലധികം ഉംറ സേവന സ്ഥാപനങ്ങൾ തീർഥാടകരുടെ സേവനത്തിനായുണ്ടാകും. ജീവനക്കാർക്കുവേണ്ട പരിശീലന പരിപാടികൾ അതതു സ്ഥാപനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളിലായി ഹജ്ജ്-ഉംറ മന്ത്രാലയം അംഗീകാരം നൽകിയ 2,000ത്തിലധികം ഏജൻറുമാരുമുണ്ട്. ഗ്രൂപ്പുകൾക്കും വ്യക്തികൾക്കുമായി നിശ്ചിത പാക്കേജുകൾ നിജപ്പെടുത്തിയിട്ടുണ്ട്.
മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 34 തദ്ദേശീയ, അന്തർദേശീയ ഇലക്ട്രോണിക് റിസർവേഷൻ പ്ലാറ്റ്‌ഫോമുകളിൽ ഈ പാക്കേജുകളെ കുറിച്ച് അറിയാം. 68ലധികം ട്രാൻസ്പോർട്ട് കമ്പനികൾക്ക് ജനറൽ ഓട്ടോമൊബൈൽ സിൻഡിക്കേറ്റ് അംഗീകാരം നൽകിയിട്ടുണ്ട്.
ഇരുഹറം കാര്യാലയവും ഉംറ തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്. ഹജ്ജ് ഉംറ മന്ത്രാലയവുമായി സഹകരിച്ച് തീർഥാടകർക്ക് മികച്ച സേവനങ്ങൾ പ്രദാനം ചെയ്യാൻ ആവശ്യമായ ശിൽപശാലകൾ നടത്തി. തീർഥാടകരുടെ സുരക്ഷയും അവർക്ക് മികച്ച സേവനങ്ങൾ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇരുഹറം കാര്യാലയം എല്ലാ നടപടികളും പൂർത്തിയാക്കിയതായി എക്സിക്യൂട്ടിവ് ആൻഡ് ഡവലപ്മെൻറ് കാര്യ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽജാബിരി പറഞ്ഞു. ഈ വർഷം ഉംറ സീസണിൽ ഒരു കോടി തീർഥാടകരെ സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും തീർഥാടകർക്ക് ഹറമിൽ സുഗമമായി നീങ്ങാൻ വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഹജ്ജ്-ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽവിസാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.