എൻ.കെ. പ്രേമചന്ദ്രൻ എം.പി റിയാദിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു. ഗാന്ധിഭവൻ ചെയർമാൻ ഡോ. പുനലൂർ സോമരാജനും റിയാദിലെ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ഭാരവാഹികളും സമീപം

സി.പി.എമ്മിന് കുറുക്കന്‍റെ കണ്ണ്; മുനമ്പം പ്രശ്നം വഷളാക്കുന്നതിലാണ് സർക്കാറിന് താൽപര്യമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി

റിയാദ്: സി.പി.എമ്മിന് എല്ലാ വിഷയങ്ങളിലും കുറുക്കന്‍റെ കണ്ണാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. മുനമ്പത്ത് ഭൂമി പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തിൽ പോലും സമുദായങ്ങൾ തമ്മിൽ അടിച്ചോട്ടെ എന്നൊരു നിലപാടാണ് സി.പി.എമ്മിനുള്ളത്. അല്ലെങ്കിൽ സർക്കാറിന് വേഗം പരിഹരിക്കാവുന്ന ഒരു പ്രശ്നമാണത്. പാലക്കാട്ടേതടക്കം ഉപതെരഞ്ഞെടുപ്പുകളിലും സി.പി.എമ്മിന് കൃത്യമായ നിലപാടില്ലെന്നും സാമുദായികമായി തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം റിയാദിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിൽ അപകടകരമായ രീതിയിൽ എന്തിലും ഏതിലും വർഗീയത കുത്തിവെച്ച് അന്തരീക്ഷം അപകടപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. അതിന് എരിവ് പകരുന്നതാണ് സി.പി.എമ്മിെൻറയും പാർട്ടിയുടെയും നിലപാടുകൾ. കുറെക്കാലം ന്യൂനപക്ഷ വിഭാഗത്തെ പ്രീണിപ്പിച്ചു. ഇപ്പോൾ നേരെ തിരിച്ച് ഭൂരിപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനും ഹിന്ദു-മുസ്ലിം, കൃസ്ത്യൻ-മുസ്ലിം വർഗീയ വിഭജനത്തിനും ശ്രമിക്കുന്നു. ഇതെല്ലം കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി ബോധ്യപ്പെട്ടതിെൻറ തെളിവാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

പി. ജയരാജെൻറ പുസ്തകം ഇപ്പോൾ പ്രസിദ്ധീകരിച്ചതിെൻറ ഉദ്ദേശം എന്താണ്? ഒരു മിനിറ്റ് പോലും ഒരാളെയും കാത്തിരിക്കാത്ത കർക്കശക്കാരനായ പിണറായി വിജയൻ ശംഖുമുഖം കടപ്പുറത്ത് അബ്ദുന്നാസർ മഅദനിയെ സ്വീകരിക്കാൻ കാത്തുനിന്നത് ഒരു മണിക്കൂറിലധികമാണ്. ആ മഅദനി തീവ്രവാദിയാണെന്ന് ഇപ്പോൾ എഴുതിയിരിക്കുന്നു. ആ പുസ്തകം പ്രാകാശിപ്പിക്കാൻ മുഖ്യമന്ത്രി വരികയും ഒരു ഉളുപ്പുമില്ലാതെ പുസ്തകത്തിെൻറ ഉള്ളടക്കത്തോട് എനിക്ക് യോജിപ്പില്ലെന്നും പറയുകയും ചെയ്യുന്നു. എന്തൊരു ഇരട്ടത്താപ്പ് നയമാണിത്? ആരെ പ്രീണിപ്പിക്കാനാണ് ഇതൊക്കെ? കേരളത്തിൽ ബി.ജെ.പിക്ക് വളരാനുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്ന പണിയിലാണ് സി.പി.എം.

തൃശൂർ ആവർത്തിക്കാനുള്ള ശ്രമമാണ് പാലക്കാട്ട് നടക്കുന്നത്. പാലക്കാട് പാർട്ടി ചിഹ്നം കൊടുത്ത് സ്ഥാനാർഥിയെ മത്സരിപ്പിക്കാത്തത് സഖാക്കൾക്ക് മാറി വോട്ട് ചെയ്യാനുള്ള സാഹചര്യം രൂപപ്പെടുത്തലിെൻറ ഭാഗമാണ്. ഇതെല്ലാം പാലക്കാട്ടെ ജനങ്ങൾ മനസിലാക്കി കഴിഞ്ഞെന്നും രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിലധികം വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നുമുള്ള കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് പോലെ ജനം വെറുത്തൊരു സർക്കാർ കേരളത്തിൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ചേലക്കര മുൻ എം.എൽ.എ കെ. രാധാകൃഷ്ണൻ അവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകാത്തതിനുള്ള കാരണം അറിയില്ലെങ്കിലും അദ്ദേഹം പൊതുവെ പാർട്ടി പറയുന്നത് അനുസരിക്കുന്ന നേതാവായിട്ടും രംഗത്തിറങ്ങാൻ വിമുഖത കാണിക്കുന്നുണ്ടെങ്കിൽ അത് ഈ സർക്കാറിെൻറ ജനവിരുദ്ധതയിൽ മനസ് മടുത്തിട്ടായിരിക്കും. അവസാനത്തെ ഒരുവർഷം കെ. രാധാകൃഷ്ണനെ മുഖ്യമന്ത്രിയാക്കി ജനപ്രീതി തിരിച്ചുപിടിക്കാൻ ഡൽഹിയിൽ ചർച്ച നടന്നിരുന്നെന്നും എന്നാൽ അതിന് തടയിടാനാണ് എം.പിയാക്കി നാടുകടത്തിയതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. കേരളത്തിൽനിന്ന് മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള തോമസ് ഐസക്, ഷൈലജ ടീച്ചർ, കെ. രാധാകൃഷ്ണൻ ഉൾപ്പടെ പലരെയും മൂലക്കിരുത്തിയാണ് മന്ത്രിസഭ രൂപവത്കരിച്ചത്.

നിലവിലെ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ നോക്കിയാൽ പി.വി. അൻവർ പറഞ്ഞിടത്തേക്കാണ് കാര്യങ്ങൾ പോകുന്നത്. കൊടകര കുഴൽപ്പണ കേസിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും വരട്ടെ എന്ന സുരേന്ദ്രെൻറ ആത്മവിശ്വാസത്തിൽ എങ്ങോട്ടാണ് കേസിെൻറ പോക്കെന്ന് മനസിലാക്കാനാകും. കേരള പൊലീസ് വളരെ ദുർബലമായ കുറ്റപത്രമാണ് കോടതിയിൽ കൊടുത്തത്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡൻറിനെ സംരക്ഷിക്കാനുള്ള പിണറായി വിജയെൻറ കൃത്യമായ അജണ്ട വ്യക്തമാണ്. കരുവന്നൂർ കേസിലും മുഖ്യമന്ത്രിയുടെ കുടുംബം ഉൾപ്പെട്ട കേസിലും തിരിച്ചും സഹായം കിട്ടുന്നതിനുള്ള ഡീലാണ്. രണ്ട് കൂട്ടരുടെയും ലക്ഷ്യം യു.ഡി.എഫ് മുക്ത കേരളവും കോൺഗ്രസ് മുക്ത ഇന്ത്യയുമാണ്.

രാഷ്ട്രീയ രംഗത്തും പൊതുരംഗത്തും കേരളത്തിൽ പകയും വിദ്വേഷവും വർധിച്ചുകൊണ്ടിരിക്കുകയും സൗഹാർദ്ദ കൂട്ടായ്മകൾ അന്യംനിൽക്കുകയും ചെയ്യുന്ന സമയത്തും പ്രവാസലോകത്ത് കാണുന്ന സൗഹൃദ കാഴ്ചകൾ പ്രതീക്ഷ ഉയർത്തുന്നതാണെന്ന് പ്രേമചന്ദ്രൻ കൂട്ടുച്ചേർത്തു.

റിയാദിലെ കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ മൈത്രി കരുനാഗപ്പള്ളിയുടെ 19-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. ഗാന്ധിഭവൻ ചെയർമാൻ ഡോ. പുനലൂർ സോമരാജൻ, റഹ്മാൻ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, സാദിഖ് കരുനാഗപ്പള്ളി, പള്ളിക്കശ്ശേരിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - NK Premachandran M P against CPM and LDF Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.