ജിസാൻ: നിങ്ങൾ ഒരു റസ്റ്റാറൻറിൽ ചിക്കൻ ബിരിയാണിക്ക് ഓർഡർ ചെയ്യുന്നു. വെയ്റ്റർ ചിക്കൻ ബിരിയാണിക്കുപകരം ബീഫ് ബിരിയാണിയുമായി വരുന്നു. പലർക്കും പല സമയങ്ങളിലും സംഭവിക്കുന്ന ഇത്തരം അബദ്ധങ്ങളൊന്നും ഇല്ലാതാക്കിയിരിക്കുകയാണ് ജിസാനിലെ 'റോബോട്ട് റസ്റ്റാറൻറി'ൽ. പേര് സൂചിപ്പിക്കുന്നതുപോലെ ഈ റസ്റ്റാറൻറിൽ വെയ്റ്റർമാർ മനുഷ്യരല്ല, ആധുനിക കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളാണ്. ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സിെൻറ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ വെയ്റ്റര്‍മാര്‍ക്ക് പൊതുവേ തെറ്റുപറ്റാറില്ല.
ജിസാൻ സിറ്റി സെൻററിൽ ഏഷ്യന്‍ ഭക്ഷണവിഭവങ്ങള്‍ ലഭിക്കുന്ന ഈ റസ്റ്റാറൻറില്‍ ഇത്തരത്തിലുള്ള ആറ് റോബോട്ട് വെയ്റ്റര്‍മാരാണ് ഭക്ഷണം സന്ദർശകരുടെ ടേബിളുകളിലെത്തിക്കുന്നത്. കോവിഡ് മഹാമാരിയെത്തുടർന്ന് മനുഷ്യർ തമ്മിലുള്ള സമ്പർക്കം പരമാവധി കുറക്കുന്നതിനുള്ള മുൻകരുതലായാണ് ഈ സംവിധാനം ഇവിടെ ആദ്യം സജ്ജീകരിച്ചത്. എന്നാൽ, ഇത് സന്ദർശകരെ കൂടുതൽ റസ്റ്റാറൻറിലേക്ക് ആകർഷിക്കുന്നതാണ് പിന്നീട് കണ്ടത്. റോബോട്ട് വെയ്റ്റര്മാരിലൂടെ ഭക്ഷണം ഓർഡർ ചെയ്തുകഴിക്കാനുള്ള കൗതുകം കൊണ്ട് ഇവിടെ എത്തുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്.
യുവ വനിത സൗദി എൻജിനീയര്‍ റിഹാം ഉമറാണ് കോവിഡ് കാലത്ത് ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്. ഇതിനായി റസ്റ്റാറൻറിനകത്ത് പ്രധാന സ്ഥലങ്ങളിലെല്ലാം സെന്‍സറുകള്‍ ഘടിപ്പിച്ചു. ഈ സെന്‍സറുകള്‍ റീഡ് ചെയ്താണ് റോബോട്ടുകള്‍ ഓരോ ടേബിളിലേക്കും ഭക്ഷണ ട്രേയുമായി നീങ്ങുന്നത്. റോബോട്ട് നീങ്ങുന്ന വഴിയില്‍ ആരെങ്കിലും തടസ്സം നിൽക്കുകയോ മറ്റോ ചെയ്താൽ അത് നീങ്ങുന്നതുവരെ കാത്തുനില്‍ക്കുകയോ വഴിമാറിപ്പോവുകയോ ചെയ്യാനും റോബോട്ടുകള്‍ക്ക് കഴിയും. ഓരോ റോബോട്ടിലും റസ്റ്റാറൻറിെൻറ ഇൻറീരിയര്‍ മാപ്പും ഓരോ ഡൈനിങ് ടേബിളിെൻറ സ്ഥാനവും മെമ്മറിയിൽ പ്രോഗ്രാം ചെയ്തിട്ടുണ്ട്. അതിനാല്‍ ടേബിള്‍ മാറാതെ കൃത്യമായി, ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ ഇവക്കാവും. ഉപയോക്താക്കൾക്ക് അവരുടെ ഭക്ഷണമെടുത്ത് റോബോട്ടിനോട് പോവാൻ പറഞ്ഞാൽ അത് ഉടൻ സ്ഥലം കാലിയാക്കും.
മറ്റ് രാജ്യങ്ങളിൽ നിലവിൽവന്ന ഈ രീതി ജിസാനിൽ നടപ്പാക്കുകയായിരുന്നുവെന്നും ചെറുതാണെങ്കിലും സൗദിയില്‍ ആദ്യമായി ഇത്തരമൊരു പരീക്ഷണം വിജയകരമായി നടത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും എൻജിനീയർ റിഹാം ഉമര്‍ പറഞ്ഞു. സർക്കാറിെൻറ പൂർണ പിന്തുണയോടെയാണ് ഇങ്ങനെയൊരു ആശയം വികസിപ്പിച്ചതെന്നും സംസ്കാരങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് ജീവിത നിലവാരം ഉയർത്താൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യകൾ കണ്ടെത്താൻ ആളുകൾ ഇപ്പോൾ ഉത്സുകരാണെന്നും റിഹാം ഉമര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.