റിയാദ്: ഗൾഫിൽ താമസിക്കുന്ന വിദേശികൾക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഇനി ഓൺലൈൻ വിസ മതി. യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽ താമസരേഖയുള്ള വിദേശികൾക്കാണ് ഓൺലൈനായി സന്ദർശന വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചത്. visitsaudi.com/visa എന്ന ഓൺലൈൻ പോർട്ടലിലാണ് വിസക്ക് അപേക്ഷിക്കേണ്ടത്. വിസ ലഭിക്കാൻ യോഗ്യതയുള്ള പ്രഫഷനുകൾ ഓൺലൈൻ അപേക്ഷ ഫോമിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
റസിഡന്റ് കാർഡിൽ യോഗ്യരായ പ്രഫഷനുള്ളവർ വിസ അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങളും രേഖകളും ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകരുടെ പാസ്പോർട്ടിന് കുറഞ്ഞത് ആറു മാസത്തെയും താമസരേഖക്ക് മൂന്ന് മാസത്തെയും കാലാവധിയുണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കപ്പെട്ടാൽ മന്ത്രാലയത്തിന്റെ പരിശോധനക്ക് ശേഷം ഇ-മെയിലായി വിസ ലഭിക്കും.
വിനോദസഞ്ചാര ആവശ്യത്തിനും ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും ഈ വിസ ഉപയോഗിക്കാനാവും. ഒറ്റത്തവണയും പലതവണയും വന്നുപോകാവുന്ന രണ്ടുതരം വിസകളും ലഭ്യം. 300 റിയാലാണ് വിസയുടെ ഫീസ്. ഇതിന് പുറമെ ആരോഗ്യ ഇൻഷുറൻസിന്റെ ചെലവ് കൂടിയുണ്ടാവും.
ജി.സി.സി രാജ്യങ്ങളിലെ പ്രവാസികൾ ഇതുവരെ സൗദി സന്ദർശിക്കാൻ ബിസിനസ്സ് വിസിറ്റ് വിസയായിരുന്നു ഉപയോഗിച്ചിരുന്നത്. ബിസിനസ് വിസ ലഭിക്കുന്നതിന് നൂലാമാലകൾ ഏറെയാണ്. സൗദിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ സ്ഥാപനത്തിന്റെയോ അല്ലെങ്കിൽ അപേക്ഷകൻ തൊഴിലെടുക്കുന്ന സ്ഥാപനത്തിന്റെയോ പേരിൽ സൗദി ചേംബർ ഓഫ് കൊമേഴ്‌സ് സാക്ഷ്യപ്പെടുത്തിയ ക്ഷണക്കത്തയക്കണം.
തുടർന്ന് അതത് രാജ്യത്തെ സൗദി കോൺസുലേറ്റിൽ പാസ്പോർട്ട് സമർപ്പിച്ച് വേണം വിസ നേടാൻ. പുതിയ ഓൺലൈൻ വിസ സംവിധാനം നിലവിൽ വരുന്നതോടെ അനായാസം വീട്ടിലിരുന്നു വിസ നേടാനാകും. വിസ നിയമത്തിലുണ്ടായ മാറ്റം രാജ്യത്തേക്ക് സന്ദർശകരുടെ വലിയ രീതിയിലുള്ള ഒഴുക്കിന് കാരണമാകും. ടുറിസം വകുപ്പും വിനോദ വ്യവസായ മേഖലയും ഉൾപ്പടെ വൻകിട, ചെറുകിട കച്ചവടക്കാർ വരെ പുതിയ മാറ്റത്തിന്റെ ഗുണഭോക്താക്കളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.