ജിദ്ദ: രാജ്യത്തെ ബിനാമി ബിസിനസുകളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് വൻ ഓഫറുകൾ. രഹസ്യമായി വിവരങ്ങൾ കൈമാറുന്ന ഉദ്യോഗസ്ഥർക്ക് പ്രമോഷനും ശമ്പളവർധനവും പിഴയായി ഈടാക്കുന്ന സംഖ്യയിൽനിന്ന് പങ്കുമുണ്ടാകും. ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനുള്ള സമയം 2022 ഫെബ്രുവരി 16ന് അവസാനിക്കാനിരിക്കെയാണ് വൻ ഓഫറുകൾ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇനിയും നിരവധി സ്ഥാപനങ്ങൾ സൗദിയിൽ പദവി ശരിയാക്കാനുണ്ടെന്നാണ് വാണിജ്യമന്ത്രാലയത്തിെൻറ കണക്ക്. ഇവരെയെല്ലാം പിടികൂടാൻ വിവിധ മാർഗങ്ങൾ ആലോചിക്കുകയാണ് മന്ത്രാലയം. രാജ്യത്ത് സ്പോൺസറുടെ പേരിൽ സ്ഥാപനങ്ങൾ ആരംഭിച്ച് അതിെൻറ ലാഭം വിദേശികളെടുക്കുന്നതിനെയാണ് ബിനാമി ബിസിനസ് എന്ന് പറയുന്നത്. ഇത്തരത്തിൽ ലക്ഷക്കണക്കിന് സ്ഥാപനങ്ങളുണ്ടെന്നാണ് കണക്കുകൂട്ടൽ. ഇവരെയെല്ലാം പിടികൂടാൻ വൈവിധ്യമാർന്ന മാർഗങ്ങൾ ആലോചിക്കുകയാണ്. ഇതിൽ ഒന്നാമത്തേത് സ്ഥാപനങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥരെ നിയോഗിക്കുകയാണ്. ഇവർക്ക് ശമ്പളവർധനയും ബോണസുമാണ് ഓഫർ. സൗദി പൗരന്മാർക്കും ഇതുസംബന്ധിച്ച് വിവരം നൽകാം. ഇവർക്ക് പിഴയിൽനിന്ന് ഒരുഭാഗം നൽകും.
സകാത്ത് ആൻഡ് ടാക്സ് അതോറിറ്റിയിൽനിന്ന് ആർട്ടിഫിഷൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള ട്രാക്കിങ്ങാണ് രണ്ടാമത്തെ രീതി. ഫലത്തിൽ പിടിക്കപ്പെടാൻ സാധ്യതയേറും. സൗദിയിലെ നിലവിലുള്ള ബിനാമി സ്ഥാപനമെന്ന ലേബൽ ഒഴിവാകാൻ സൗദിയിൽ നിക്ഷേപം നടത്തണം. ഇതോടെ സ്വന്തംപേരിലേക്ക് സ്ഥാപനം മാറ്റാം. അല്ലെങ്കിൽ, സ്പോൺസറുമായി പാർട്ണർഷിപ്പുമാകാം. ഇതിനായി നിശ്ചിതതുക മുടക്കുകയും വേണം. എന്നാൽ, ചെറുകിട സ്ഥാപനങ്ങൾ ഇതിന് മടിക്കുന്നുണ്ട്. സൗദിയിൽ ദീർഘകാലം തുടരാനാഗ്രഹിക്കുന്നവർ ഇതിനകം പദവി ശരിയാക്കുന്നുണ്ട്. ഫെബ്രുവരിക്കകം പദവി ശരിയാക്കാനാണ് മന്ത്രാലയ നിർദേശം. ഇതിനുശേഷം ശക്തമായ പരിശോധനയുണ്ടാകും. പിടിക്കപ്പെട്ടാൽ അഞ്ച് വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുകയും വിദേശികളെ നാടും കടത്തുകയുംചെയ്യും. സ്വദേശികള്‍ക്ക് അഞ്ച് വര്‍ഷം വരെ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നതിന് വിലക്കുമുണ്ടാകുമെന്നുമാണ് മന്ത്രാലയം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.