ജിദ്ദ: അംഗരാജ്യങ്ങളിൽ ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്താൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷനും (ഒ.ഐ.സി) ഡിജിറ്റൽ കോ-ഓപറേഷൻ ഓർഗനൈസേഷനും (ഡി.സി.ഒ) തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഒ.ഐ.സി ജനറൽ സെക്രട്ടറി ഹിസൈൻ ഇബ്രാഹിം താഹയും ഡി.സി.ഒ സെക്രട്ടറി ജനറൽ ദീമ അൽ യഹ്യയും തമ്മിലാണ് സുസ്ഥിര ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ വികസനം കൂടി ലക്ഷ്യംവെച്ച് പരസ്പര സഹകരണം ഉറപ്പുവരുത്തിയുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ രാജ്യത്തുടനീളമുള്ള ഡിജിറ്റൽ ഡേറ്റകളുടെയും മറ്റും പ്രവർത്തനക്ഷമത സുഗമമാക്കുന്നതിന് അതത് അംഗരാജ്യങ്ങളുമായി പരസ്പര സഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. സർക്കാറിന്റെ വിവിധ മേഖലയിലുള്ള കാര്യനിർവഹണ അതോറിറ്റികളുമായും മറ്റ് അനുബന്ധ വകുപ്പുകളുമായും കൂടിയാലോചിച്ച് മാനവ വിഭവശേഷി ഡിജിറ്റലൈസേഷനിലും ഡിജിറ്റൽ ടെക്നോളജി രംഗത്തും വൈദഗ്ധ്യമുള്ളവരുടെ കഴിവുകൾ ബഹുമുഖരംഗത്ത് ഉപയോഗപ്പെടുത്താനുള്ള സാധ്യതയും കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു.
ഉയർന്ന നിലവാരമുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കാനും അതിനായി വിവിധ പദ്ധതികൾ നിർദേശിക്കാനും ധാരണപത്രം ലക്ഷ്യമിടുന്നു. പരസ്പര സഹകരണം പരിപോഷിപ്പിക്കുകയും സുഗമമാക്കുകയും എല്ലാ മേഖലകളിലും പരിവർത്തനം വിപുലീകരിക്കുകയും ചെയ്യുന്നതിലൂടെ ആഗോള ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ധാരണപത്രം നൽകുന്നതെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.