റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ‘ലീഡർ സ്മൃതി’ 14ാമത് കെ. കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ബത്ഹയിലെ ഡി- പാലസ് (അപ്പോളോ ഡിമോറ) ഹോട്ടലിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന കെ. കരുണാകരൻ ഇന്ത്യയിലെ എക്കാലത്തേയും ഒരേയൊരു ‘ലീഡർ’ ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജാതിമത സാമുദായിക ശക്തികളെയും കൂട്ടിയിണക്കാൻ അനിതരസാധാരണമായ വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോഗ്രാം ചെയർമാൻ സജീർ പൂന്തുറ അധ്യക്ഷതവഹിച്ചു. സോണി പാറക്കൽ ആമുഖ പ്രസംഗം നടത്തി. അഡ്വ. എൽ.കെ. അജിത് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന പി.ടി. ചാക്കോയുടെ മരണശേഷമുണ്ടായ പിളർപ്പോടെ കോൺഗ്രസ് നന്നേ ശോഷിച്ചുപോയെന്നും 1967ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ഒരു അംബാസഡർ കാറിൽ യാത്ര ചെയ്യാവുന്നത്ര അംഗബലം മാത്രമുണ്ടായിരുന്ന കോൺഗ്രസിനെ പിന്നീട് നയിച്ചത് അദ്ദേഹമായിരുന്നെന്നും അജിത് പറഞ്ഞു.
കുശാഗ്ര ബുദ്ധിമാനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സപ്തകക്ഷി മുന്നണിയുടെ പരാജയങ്ങൾ അദ്ദേഹം കോൺഗ്രസിന്റെ നേട്ടമാക്കി മാറ്റി. 1970ലെ തെരഞ്ഞെടുപ്പോടെ യുവനിരയെ ഉൾപ്പെടുത്തി കോൺഗ്രസിനെ ശക്തമായ രീതിയിൽ തിരിച്ചുകൊണ്ടുവരാനും ഐക്യമുന്നണി സംവിധാനത്തിന് അടിത്തറയിടാനും അദ്ദേഹത്തിന്റെ ചാണക്യ തന്ത്രങ്ങൾക്ക് സാധിച്ചത് നമ്മൾ കണ്ടതാണ്. ഇതേ രീതിയിൽ കർണാടകയിലും തെലങ്കാനയിലുമെല്ലാം നേതൃത്വം ഉണ്ടായതിന്റെ ഫലങ്ങൾ തിരിച്ചുവരവിന് ഒരു മുതൽകൂട്ടായെങ്കിൽ നേതാക്കൾ ഈ നേതൃപാടവം മനസ്സിലാക്കി വിലയിരുത്തണമെന്നും അജിത് കൂട്ടിച്ചേർത്തു.
കണ്ണൂർ ജില്ല പ്രവാസി കോൺഗ്രസ് പ്രസിഡൻറ് മുഹമ്മദലി കൂടാളി മുഖ്യാതിഥിയായി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, സീനിയർ വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ്, സെൻട്രൽ കമ്മിറ്റി ട്രഷറർ സുഗതൻ നൂറനാട്, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, നാഷനൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ബാലു കുട്ടൻ, ബഷീർ സാപ്റ്റികോ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കെ. കരുണാകരനെ കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
പ്രോഗ്രാം കൺവീനർ അമീർ പട്ടണത്ത് സ്വാഗതവും ജോൺസൺ എറണാകുളം നന്ദിയും പറഞ്ഞു. അസ്കർ കണ്ണൂർ, മുഹമ്മദാലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്, അബ്ദുൽ കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, രാജു പാപ്പുള്ളി, ഹകീം പട്ടാമ്പി, അഷ്റഫ് മേച്ചേരി, നാദിർഷ റഹ്മാൻ, ഡൊമിനിക് സാവിയോ, നാസർ ലെയ്സ്, സലീം ആർത്തിയിൽ, ഹാഷിം പപ്പിനിശ്ശേരി, വി.എം. മുസ്തഫ, സിദ്ദിഖ് കല്ലുപറമ്പൻ, സൈഫ് കായംകുളം, ജയൻ കൊടുങ്ങല്ലൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.