റിയാദ്: സൗദി സ്ഥാപകദിനത്തോടനുബന്ധിച്ച് റിയാദ് ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘കുടുംബോത്സവം 2024’ വിപുലമായ പരിപാടികളോടെ അരങ്ങേറി. റിയാദ് എക്സിറ്റ് 18ലെ അൽവലീദ് ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് കോഴിക്കോട് ജില്ല പ്രസിഡൻറ് അഡ്വ. കെ. പ്രവീൺകുമാർ മുഖ്യാതിഥിയായി.
അതീവ ഗുരുതര സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും നിർണായമായ മറ്റൊരു തെരഞ്ഞെടുപ്പ് സമാഗതമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുന്നണി പ്രതിനിധാനം ചെയ്യുന്ന ഇൻഡ്യ മുന്നണി പരാജയപ്പെട്ടാൽ അവിടെ തോൽക്കാൻ പോകുന്നത് കോൺഗ്രസോ മുന്നണിയോ അല്ല, മരിച്ച് വീഴുന്നത് ഇന്ത്യയെന്ന രാജ്യം തന്നെയാണ്. കഴിഞ്ഞ 10 വർഷം നരേന്ദ്ര മോദിയുടെ ഫാഷിസ ഭരണമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.
കേന്ദ്രം വർഗീയ ഫാഷിസമാണങ്കിൽ കേരളം രാഷ്ട്രീയ ഫാഷിസമാണ് നടപ്പാക്കുന്നത്. സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ, വ്യാവസായിക, വാണിജ്യ മേഖലകളടക്കം സർവത്രം തകർന്നു. നാണ്യവിളകൾക്ക് വിലയില്ലാതെ കർഷകർ ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുന്നു.
മറ്റൊരു ഭാഗത്ത് വന്യജീവികളുടെ ആക്രമണത്തിൽ ജീവൻ പൊലിയുന്ന കാഴ്ചയും നിത്യസംഭവമായിരിക്കുന്നു. ക്ഷേമപെൻഷനുകൾ മുടങ്ങിയതിനാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ പലരും ആത്മഹത്യയിൽ അഭയം തേടുന്നുവെന്നും തെരഞ്ഞെടുപ്പിൽ ഇക്കാര്യമെല്ലാം നാം ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല പ്രസിഡൻറ് എം.ടി. ഹർഷാദ് അധ്യക്ഷത വഹിച്ചു.
സംഘടന ജനറൽ സെക്രട്ടറി ഉമർ ഷരീഫ് ആമുഖം പ്രസംഗം നടത്തി. കണ്ണൂർ ഡി.സി.സി സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, കുഞ്ഞി കുമ്പള, നവാസ് വെള്ളിമാട്കുന്ന്, സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, റഷീദ് കൊളത്തറ, ഷാജി കുന്നിക്കോട്, അഡ്വ. എൽ.കെ. അജിത്, അശ്റഫ് മേച്ചേരി, അബ്ദുൽ കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, സക്കീർ, മോഹൻദാസ് വടകര, നാസർ മാവൂർ, ഷഫീഖ് പുരക്കുന്നിൽ, ശിഹാബ്, നയിം കുറ്റ്യാടി, മുഹമ്മദ് ജംഷീർ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ മജു സിവിൽസ്റ്റേഷൻ സ്വാഗതവും ട്രഷറർ റഫീഖ് എരഞ്ഞിമാവ് നന്ദിയും പറഞ്ഞു. ക്വിസ് മത്സരം എൻ.കെ. ഷമീം നിയന്ത്രിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായി നടത്തിയ വിവിധ മത്സരങ്ങൾ സി.കെ. സാദിഖ്, സഫാദ് അത്തോളി, ശിഹാബ് കൈതപൊയിൽ, ജോൺ കക്കയം, സിബി ചാക്കോ, സത്താർ കാവിൽ, നാസർ ഉണ്ണികുളം, ടി.പി. അബ്ദുൽ അസീസ് എന്നിവർ നിയന്ത്രിച്ചു.
അൽത്താഫ് കാലിക്കറ്റ്, ജലീൽ കൊച്ചിൻ, ഷഫ ഷിറാസ്, അനാമിക സുരേഷ്, ഫിദ ബഷീർ, അനാറ റഷീദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ദിയ റഷീദ്, നേഹ റഷീദ് എന്നിവർ അവതരിപ്പിച്ച ഡാൻസ്, ഡാനിഷ് അൽത്താഫ്, ഷഹിയ ഷിറാസ് എന്നിവർ അവതരിപ്പിച്ച സ്കിറ്റ് എന്നിവ സദസ്സിന് ഹരം പകർന്നു. ജബ്ബാർ മുക്കം, യൂസഫ് കൊടിയത്തൂർ, സിദ്ദീഖ് പന്നിയങ്കര, സവാദ് കല്ലായി, അസ്കർ മുല്ലവീട്ടിൽ, ഗഫൂർ മാവൂർ, അജ്മൽ മീഞ്ചന്ത, കരീം മാവൂർ, ഫൈസൽ കക്കാട്, നാസർ കൂടത്തായി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.