റിയാദ്: അടുത്ത വർഷം ജനുവരി മുതൽ എണ്ണ ഉൽപാദനം വീണ്ടും വെട്ടിക്കുറക്കുമെന്നും വിപണി സാഹചര്യം മുൻനിർത്തിയുള്ള കരുതൽ നടപടിയാണിതെന്നും സൗദി ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. ശനിയാഴ്ച വിയനയിൽ നടന്ന എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് യോഗത്തിനുശേഷം നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇപ്രകാരം പറഞ്ഞത്. വിപണിയിൽ വ്യക്തതയും സ്ഥിരതയും പ്രകടമാകാത്തിടത്തോളം ഈ നയം തുടരേണ്ടിവരുമെന്നും മന്ത്രി സൂചിപ്പിച്ചു.
കൂട്ടായ്മയിൽ ഉൾപ്പെട്ട എല്ലാ രാജ്യങ്ങളുടെയും എണ്ണ ഉൽപാദനശേഷി പരിശോധിക്കാൻ സ്വതന്ത്ര ഏജൻസികളെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ ഉൽപാദനശേഷി സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കാൻ ഒപെക് കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണ ഉൽപാദന കണക്കുകളിലെ സുതാര്യത എന്ന ആശയം ഒപെക് പ്ലസ് യോഗം അംഗീകരിച്ചിട്ടുണ്ട്. എണ്ണവിപണിയിലെ സ്ഥിരത ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് പറഞ്ഞ ഊർജമന്ത്രി ഉൽപാദന ക്രമീകരണം വഴി വിപണിയിലെ ചാഞ്ചാട്ടം തടയാനും സ്ഥിരത വർധിപ്പിക്കാനും സഹായിക്കുമെന്ന് വ്യക്തമാക്കി. ഒപെക് പ്ലസ് രാജ്യങ്ങൾ അടുത്ത വർഷം ജനുവരി മുതലുള്ള ഒരു വർഷത്തേക്ക് പ്രതിദിന ഉൽപാദനം 4.4 കോടി ബാരലായി കുറക്കാൻ തീരുമാനിച്ച കാര്യം മന്ത്രി വെളിപ്പെടുത്തി. ഇത് നിലവിലുള്ള പ്രതിദിന ഉൽപാദനത്തിൽനിന്ന് 14 ലക്ഷം കുറവാണ്.
ഉൽപാദനത്തിൽ കുറവ് വരുത്തുന്നതിൽ അസംതൃപ്തരായ അമേരിക്കയെ സംബന്ധിച്ച ചോദ്യത്തിന് ആ രാജ്യവുമായി 80 വർഷത്തെ ബന്ധമാണുള്ളതെന്നും കൂടുതൽ സഹകരണമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും മന്ത്രി മറുപടി നൽകി. ഉൽപാദനം വെട്ടിക്കുറക്കുന്നതുവഴി ഉയരുന്ന എണ്ണവിലയിലൂടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ ഉപരോധം നേരിടുന്ന റഷ്യ നേട്ടമുണ്ടാക്കുന്നത് തടയുക എന്നത് അമേരിക്കൻ ലക്ഷ്യമാണ്. ഉൽപാദനം വെട്ടിക്കുറക്കുന്നതിന് തടയിടാനുള്ള അമേരിക്കൻ സമ്മർദമൊന്നും വിലപ്പോയിട്ടില്ലെന്നാണ് പൊതു വിലയിരുത്തൽ. ഒപെക് എണ്ണയുൽപാദനം സുതാര്യമല്ലെന്നും വിലയിലെ കൃത്രിമത്വം ഉയർന്ന ഊർജ ചെലവിന് കാരണമാകുന്നുണ്ടെന്നും ആരോപിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ ആഗോള സമ്പദ്വ്യവസ്ഥ ഇതുമൂലം തകർച്ച നേരിടുകയാണെന്നും വാദിക്കുന്നുണ്ട്. ഒപെക് രാജ്യങ്ങൾ മോസ്കോക്ക് ഒപ്പം നിൽക്കുന്നതുമൂലം റഷ്യക്കെതിരെയുള്ള തങ്ങളുടെ ഉപരോധം വേണ്ടത്ര ഫലമുണ്ടാക്കിയിട്ടില്ലെന്നും അവർ വിലയിരുത്തുന്നു.
ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ ചൈനയെയും ഇന്ത്യയെയും പോലുള്ള ഏഷ്യൻ രാജ്യങ്ങൾ റഷ്യക്കെതിരായ ഉപരോധത്തിൽ ചേരാതിരിക്കുന്നതും പാശ്ചാത്യരാജ്യങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. അതിനിടെ, ഒപെക് അംഗരാജ്യങ്ങളുടെയും റഷ്യ ഉൾപ്പെടെയുള്ള ഒപെക് ഇതര ഉൽപാദകരുടെയും മന്ത്രി തല യോഗം ആറു മാസത്തിലൊരിക്കലാക്കാൻ തീരുമാനിച്ചതായി ഒപെക് അതിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.