അബ്ദുറഹ്മാൻ തുറക്കൽ
ജിദ്ദ: സുരക്ഷിത ഉംറ പദ്ധതി ആരംഭിച്ച ശേഷം ഒരു കോടി തീർഥാടകർ ഉംറ നിർവഹിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. കോവിഡിനെ തുടർന്ന് നിർത്തിവെച്ച ഉംറയും സിയാറയും പുനരാരംഭിച്ചശേഷം കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിലാണ് ഇത്രയും പേർ ഉംറ നിർവഹിച്ചത്. എട്ട് സമയങ്ങളിലായി ദിനേന 70,000 തീർഥാടകർക്കാണ് ഇപ്പോൾ ഹറമിലേക്ക് പ്രവേശനം നൽകുന്നതെന്ന് ഹജ്ജ്-ഉംറ സഹമന്ത്രി ഡോ. അബ്ദുൽഫതാഹ് മുശാത് പറഞ്ഞു. കോവിഡും അതിെൻറ വകഭേദങ്ങളും തടയാനും ആരോഗ്യ പ്രതിരോധ മുൻകരുതൽ നടപടികൾ പ്രയോഗിക്കാനും തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും വേണ്ട എല്ലാ സേവനങ്ങളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഉംറക്കും മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും റൗദ സിയാറക്കും അനുമതി ലഭിക്കുന്നതിന് വാക്സിനേഷനെടുത്തിരിക്കണം.
സുരക്ഷിതമായ ഉംറ നിർവഹിക്കുന്നതിന് വേണ്ട ആരോഗ്യ മുൻകരുതൽ നടപടികൾ ഉറപ്പാക്കി ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രതിമാസം 3.5 ദശലക്ഷം തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ അവസരമൊരുക്കാനാണ് മന്ത്രാലയം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഹജ്ജ്-ഉംറ സഹമന്ത്രി പറഞ്ഞു.
മുഹർറം മുതൽ സൗദി അറേബ്യക്ക് പുറത്തുനിന്നുള്ള തീർഥാടകരെയും സന്ദർശകരെയും മന്ത്രാലയം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പുതിയ ഉംറ സീസണിൽ നൽകിയ വിസകളുടെ എണ്ണം 12,000 കവിഞ്ഞു. വിദേശത്തുനിന്നുള്ള തീർഥാടകരുടെ വരവ് നിയന്ത്രിക്കാനും സുരക്ഷക്കും വേണ്ട നടപടിക്രമങ്ങളും അവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള രേഖകളും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് തയാറാക്കിയിട്ടുണ്ട്. തീർഥാടകർ അവരുടെ രാജ്യത്തുനിന്ന് സാക്ഷ്യപ്പെടുത്തിയ പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്യേണ്ടത് ആവശ്യമാണ്. ആരോഗ്യ സൂചകങ്ങളെ അടിസ്ഥാനമാക്കി രാജ്യത്തേക്ക് നേരിട്ട് വരാൻ അനുവദിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടികയും വാക്സിനുകൾ രാജ്യത്ത് അംഗീകരിക്കണമെന്ന ആവശ്യവും ബന്ധപ്പെട്ട വകുപ്പ് നിരന്തരം അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും ഹജ്ജ്-ഉംറ സഹമന്ത്രി പറഞ്ഞു. രാജ്യത്തിന് പുറത്തുനിന്ന് വരുന്ന ഉംറ തീർഥാടകരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനയാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. സന്ദർശന, ഉംറ വിസകളിൽ വരുന്ന എല്ലാ തീർഥാടകർക്കും ഹജ്ജ്-ഉംറ മന്ത്രാലയം വേണ്ട സേവനങ്ങൾ നൽകുന്നുണ്ട്. തവക്കൽന ആപ്ലിക്കേഷനിൽ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുന്നവർക്ക് ഉംറയും സിയാറയും നിർവഹിക്കുന്നതിന് സാധ്യമായ സമയം ബുക്ക് ചെയ്യാനും രാജ്യത്തേക്ക് വരുന്നതിന് 72 മണിക്കൂർ മുമ്പ് മുഖീം പ്ലാറ്റ്ഫോമിൽ വാക്സിൻ രജിസ്റ്റർ ചെയ്യാനും സാധിക്കും. കൂടാതെ ഹജ്ജ്-ഉംറ മന്ത്രാലയത്തിെൻറ പരിചരണ കേന്ദ്രങ്ങളിലൂടെ മറ്റു പല സേവനങ്ങളും തീർഥാടകർക്ക് നൽകിവരുന്നതായും ഹജ്ജ്-ഉംറ സഹമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.