റിയാദ്: ഫലസ്തീന് സൗദി അറേബ്യ ഒരു കോടി ഡോളർ കൂടി സഹായം നൽകി. നടപ്പു വർഷത്തേക്കുള്ള സാമ്പത്തിക സഹായത്തിന്റെ മൂന്നാമത്തെ ഗഡുവാണിത്. സഹായം ജോർഡൻ തലസ്ഥാനമായ അമ്മാനിലെ എംബസി ആസ്ഥാനത്ത് ഫലസ്തീൻ ധനകാര്യ മന്ത്രി ഉമർ അൽബിതാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ സൗദി അംബാസഡർ നാഇഫ് ബിൻ ബന്ദർ അൽസുദൈരി പണം കൈമാറി. ഇതോടെ ഫലസ്തീന് ഈ വർഷം നൽകിയ മൊത്തം സഹായം മൂന്നു കോടി ഡോളറായി.
ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയുടെ സ്ഥിരീകരണമാണിതെന്ന് അൽബിതാർ പറഞ്ഞു. സൗദിയുടെ ഉറച്ച നിലപാടിനെയും ഫലസ്തീനിന്റെ നിയമാനുസൃത അവകാശങ്ങൾക്കുള്ള തുടർച്ചയായ പിന്തുണയെയും അൽബിതാർ പ്രശംസിച്ചു. ഈ പിന്തുണക്ക് പ്രസിഡൻറ് മഹമൂദ് അബ്ബാസിന്റെയും പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയുടെയും അഭിനന്ദനം അറിയിക്കുന്നു.
സമീപകാല ഇസ്രായേൽ നയങ്ങളുടെ ഫലമായി ഫലസ്തീൻ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിന് ഈ സഹായത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അൽബിതാർ സൂചിപ്പിച്ചു.
ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധത സൗദി അംബാസഡർ അൽസുദൈരി ഊന്നിപ്പറഞ്ഞു. ഏകദേശം 530 കോടി ഡോളറിന്റെ തുടർച്ചയായ സാമ്പത്തിക സഹായം സൗദി നൽകിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളെ പിന്തുണക്കുന്നതിനാണ് ഈ സഹായം അനുവദിച്ചത്.
ഫലസ്തീനികളുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും വേണ്ടിയാണെന്നും സൗദി അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.