റിയാദ്: രാജ്യത്തിന്റെ ഫെഡറൽ ജനാധിപത്യ വ്യവസ്ഥയെ തന്നെ ദുർബലപ്പെടുത്തുന്ന നിയമ നിർമാണത്തിനാണ് സഭ ഇന്ന് സാക്ഷ്യംവഹിച്ചത്. വൈവിധ്യവത്കൃത സ്വഭാവമുള്ള, ബഹുസ്വരതയിൽ അധിഷ്ഠിതമായ ഇന്ത്യൻ ജനാധിപത്യത്തിൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് അപ്രായോഗികമാണ് എന്ന ഇന്ത്യ മുന്നണിയുടെ വ്യക്തമായ കാഴ്ചപാട് രാജ്യം ഉൾക്കൊള്ളും.
സംസ്ഥാന നിയമനിർമാണ സഭകളുടെ കാലാവധി ലോക്സഭയുടെ കാലാവധിക്കൊപ്പം നിജപ്പെടുത്തുക എന്നത് സംസ്ഥാനങ്ങളെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. സംസ്ഥാന സഭകളുടെ കാലാവധി പരിമിതപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരം നൽകുന്നത് പ്രതിഷേധാർഹമാണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്തക്കുറിപ്പിൽ കുറ്റപ്പെടുത്തി.
മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ ഭരണഘടന ഭേദഗതി ബില്ലുകള്‍ പാസാക്കാൻ സാധിക്കുകയുള്ളൂ എന്നിരിക്കെ ഇത്തരം വിവാദ ബില്ലുകൾ ഇരു സഭകളിലും പാസാക്കുക എന്ന കുതന്ത്രവുമായി മുന്നിട്ടിറങ്ങുമ്പോൾ സ്വയം പരിഹാസ്യരായി മാറുകയാണ്. അവതരണ യോഗ്യത പോലുമില്ലാത്ത ഈ ബിൽ അവതരിപ്പിക്കരുതെന്നും പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും 198ന് എതിരെ 269 എം.പിമാരുടെ ഭൂരിപക്ഷത്തോടെ ബില്ലിന് അവതരണാനുമതി കിട്ടിയത്. സംയുക്ത പാർലമെന്ററി സമിതിക്ക് വിടുമെന്നാണ് അമിത്ഷാ പറയുന്നത്. രാജ്യം ശ്രദ്ധയോടെ ചർച്ച ചെയ്യണമെന്നും ഇത്തരം ജനാധിപത്യ ധ്വംസനങ്ങളെ തുടക്കത്തിൽതന്നെ പിഴുതെറിയാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്നും വാർത്തക്കുറിപ്പിൽ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.