ഓൺലൈൻ വഴിയും മറ്റ് സാമൂഹികമാധ്യങ്ങളിലൂടെയും പണം തട്ടുന്ന സംഘങ്ങളുടെ കെണിയിൽ അടുത്തകാലത്തായി നിരവധിപേരാണ് വീണുകൊണ്ടിരിക്കുന്നത്. നിയമവിരുദ്ധമായ ഓൺലൈൻ ആപ്പുകളെകുറിച്ച് റിസർവ് ബാങ്കിന്റെയും പോലീസിന്റെയും നിരന്തരമായ ബോധവത്കരണം ഉണ്ടായിട്ടുപോലും തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണത്തിന് ഒരു കുറവുമില്ല. ഇത്തരം തട്ടിപ്പിന് ഇരയാകുന്നവരിൽ അധികവും സ്ത്രീകളാണ്. മൊബൈൽ ഫോൺ, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ ഉപയോഗം വർധിച്ചതോടെയാണ് ഇതുവഴിയുള്ള തട്ടിപ്പുകൾക്ക് തുടക്കം കുറിക്കുന്നത്. മുമ്പൊക്കെ വട്ടിപ്പലിശക്കാരുടെ ഭീഷണിയെതുടർന്ന് ആളുകൾ ആത്മഹത്യ ചെയ്ത ഒട്ടനവധി സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്.
എന്നാൽ ഇന്ന് ലോൺ ആപ്പുകൾ വഴി ലോൺ എടുക്കുകയും അതിന്റെ പേരിൽ ഭീഷണിപ്പെടുത്തി ജീവൻ തന്നെ ഇല്ലാതാക്കുന്ന സംഭവങ്ങളാണ് ആവർത്തിക്കുന്നത്. നിരവധി ആളുകൾ ലോൺ ആപ്പ് തട്ടിപ്പിന് ഇരയാകുന്നുണ്ടെങ്കിലും പലരും അഭിമാനം ഭയന്ന് പുറത്ത് പറയാനോ പൊലീസിൽ പരാതിപ്പെടാനോ മുതിരുന്നില്ല. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് മറ്റുള്ളവരോട് പണം കടം ചോദിക്കാനുള്ള മടിയും അഥവാ ചോദിച്ചാൽ തന്നെ കടം കൊടുക്കാനുള്ള സന്മനസ്സിലാത്തവരുടെ അഭാവവും മുഖ്യധാരാ ബാങ്കുകളിൽനിന്ന് ലഭിക്കുന്നതിലും വേഗത്തിൽ ഈടോ കടലാസ് നടപടികളോ ഇല്ലാതെ ലോൺ ലഭിക്കുമെന്നും ചെറിയ തുകയല്ലേ എന്ന് കരുതിയുമാണ് പലരും വ്യാജ ലോൺ ആപ്പിന്റെ കെണിയിൽ വീഴുന്നത്.
ഇത്തരം ലോണിന്റെ പിന്നാലെ പോകുന്നവർ ചിന്തിക്കുക ആര്.ബി.ഐ അംഗീകരിച്ച ലോൺ അപ്പോ സ്ഥാപനമോ ആണെങ്കിൽ നിങ്ങൾക്ക് ലോണ് നല്കുന്നതിന് മുമ്പ് വ്യക്തമായ വായ്പാ ഉടമ്പടിയും തിരിച്ചടക്കുന്നുള്ള മാർഗമുണ്ടോ എന്നും ആവശ്യമായ ക്രെഡിറ്റ് സ്കോർ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമേ നിങ്ങൾക്ക് ലോൺ അനുവദിക്കുകയുള്ളൂ. ഇതൊന്നും നോക്കാതെ നിങ്ങളുടെ ആധാർ കാർഡും ഫോൺ നമ്പറും ഫോട്ടോയും മാത്രം തന്നാൽ ഉടൻ ലോൺ അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിൽ അത് വ്യാജ ആപ്പാണെന്നും തട്ടിപ്പാണെന്നും ഉറപ്പിക്കാം.
ഇത്തരം വ്യാജ ആപ്പിലൂടെ ഒരുപക്ഷേ പണം ലഭിച്ചേക്കാം. തൽക്കാലം നിങ്ങളുടെ പ്രശ്നങ്ങൾ തീർന്നെന്നും വന്നേക്കാം. പിന്നീട് ലോൺ അടവ് തെറ്റുകയോ ലോൺ അടക്കാതിരിക്കുകയോ ചെയ്താൽ നിങ്ങളെ ഭീഷണിപ്പെടുത്തിയും നിങ്ങളുടെ ഫോട്ടോ മോർഫ് ചെയ്ത് ബ്ലാക്ക്മെയിൽ ചെയ്തും നിങ്ങളെ പ്രയാസത്തിലാക്കും.
ഇതുപോലെ മറ്റൊന്നാണ് നിക്ഷേപ തട്ടിപ്പുകൾ. ചെറിയ മുതൽ മുടക്കിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്ത് കോടികൾ തട്ടുന്ന സംഘങ്ങളുടെ പിന്നാമ്പുറ കഥകളും അതിന് ഇരയായവരുടെ ദുരിതവും ഇന്ന് വർദ്ധിച്ച് വരുകയാണ്. പണം കായ്ക്കുന്ന മരമോ സ്വർണം കുഴിച്ചെടുക്കാവുന്ന ഖനികളോ ഉണ്ടെങ്കിൽ പോലും നൽകാൻ കഴിയാത്തത്ര മോഹന ലാഭവിഹിതമാണെന്ന് പറയുമ്പോൾ തന്നെ കൈയിലുള്ള പണം ഒരു അധ്വാനവുമില്ലാതെ ഇരട്ടിയാക്കിയെടുക്കാനുള്ള ആർത്തിയിൽ ഒട്ടും ആലോചിക്കാതെ കെണിയിൽ വീഴുകയാണ് നിക്ഷേപകർ.
ക്രിപ്റ്റോ കറൻസി ട്രേഡിങ്ങിന്റെയും മറ്റും പേരിൽ തട്ടിപ്പിന് ഇരയാകുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ഇതിൽ നല്ല പങ്ക് പ്രവാസികളാണ് ഇരകൾ. പ്രത്യേക മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ പറയുകയും അതിലൂടെ പണം നിക്ഷേപിക്കുന്നവർക്ക് യൂസർ ഐ.ഡിയും പാസ്വേർഡും നൽകി നിക്ഷേപകരെ ആകർഷിപ്പിക്കുകയും ആഴ്ചയിൽ അഞ്ചുദിവസം ട്രേഡിങ് നടക്കുമെന്നും അതിൽ നാല് ദിവസം ലാഭം കിട്ടുമെന്നും ചിലപ്പോൾ ഒരു ദിവസം നഷ്ടം വന്നേക്കാമെന്നും പറഞ്ഞ് കബളിപ്പിച്ചാണ് ഓൺലൈൻ തട്ടിപ്പ്.
ആദ്യഘട്ടം എന്ന നിലയിൽ 6,000 രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടും. അത്രയും നിക്ഷേപിച്ചവർക്ക് ആദ്യഘട്ടത്തിലൊക്കെ ലാഭവിഹിതം മൊബൈൽ ആപ്പിലൂടെ കാണുകയും ചെയ്യും. ഇതിൽ ആകർഷണീയരായി പിന്നീട് അമ്പതിനായിരവും ലക്ഷവുമൊക്കെ നിക്ഷേപിക്കുകയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇതിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യും. സ്വന്തം ജോലി പോലും ഉപേക്ഷിച്ച് ഇത്തരം ഓൺലൈൻ തട്ടിപ്പ് കമ്പനിയിൽ പ്രവർത്തിക്കുകയും കൈയിൽ പണം ഇല്ലാത്തവർ ബാങ്കിൽനിന്ന് വായ്പയെടുത്തും സ്ത്രീകളാണെങ്കിൽ അവരുടെ സ്വർണം പണയംവെച്ചും ഗൾഫുകാർ അവരുടെ മാസ ശമ്പളം നിക്ഷേപിച്ചുമൊക്കെ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നതാണ് സത്യം.
ഈ ലേഖകന് അറിയാവുന്ന നിരവധിപേർക്ക് ഇത്തരം തട്ടിപ്പിന്റെ കെണിയിൽ പെട്ട് ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു പ്രവാസി രണ്ടര വർഷം കഴിഞ്ഞ് ലീവിന് നാട്ടിലേക്ക് പോകാൻ വെച്ച പണം ഓൺലൈൻ കമ്പനിയിൽ നിക്ഷേപിക്കുകയും ആ പണം നഷ്ടപ്പെട്ട് ലീവിന് പോക്ക് നിർത്തിവെച്ച സംഭവം വരെയുണ്ടായിട്ടുണ്ട്. എന്നാൽ പണം നഷ്ടപ്പെട്ട പലരും നാണക്കേടുകൊണ്ട് വീട്ടുകാരോടോ സുഹൃത്തുക്കളോടോ പറയുന്നില്ല. വിദേശ കമ്പനി ആയതിനാൽ എവിടെ ആർക്കെതിരെ പരാതിനൽകുമെന്ന അങ്കലാപ്പിലാണ്. ഒരു കാര്യം ഓർക്കുക, നാം അധ്വാനിക്കുന്ന പണം എവിടെ ചെലവഴിക്കുമ്പോഴും നൂറുവട്ടം ആലോചിച്ച് നമുക്ക് വേണ്ടപ്പെട്ടവരുമായി കൂടിയാലോചിച്ച് മാത്രം നിക്ഷേപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.