സൗദിയിൽ നിന്നും ഹജ്ജ് അപേക്ഷകർക്കുള്ള പാക്കേജ് നിരക്കുകൾ കുറച്ചു

ജിദ്ദ: സൗദിക്കകത്ത് നിന്ന് ഹജ്ജിന് രജിസ്‌ട്രേഷൻ ചെയ്യുന്നവർക്കുള്ള വിവിധ പാക്കേജുകളിൽ ഹജ്ജ് മന്ത്രാലയം കുറവ് വരുത്തി. പുതിയ നിരക്കനുസരിച്ച് മിനയിലെ ഹജ്ജ് ടവറുകൾ ഉൾപ്പെടുന്ന പാക്കേജ് 14,576 റിയാലിൽ തുടങ്ങി 17,066 റിയാൽ വരെയാണ്. നേരത്തെ ഇത് 15,025 റിയാൽ മുതൽ 17,860 റിയാൽ വരെയായിരുന്നു. ഹോട്ടൽ മുറികൾക്ക് സമാനമായി നവീകരിച്ച ടെന്റുകളുൾപ്പെടുന്ന 'ഹോസ്പിറ്റാലിറ്റി 1' എന്ന കാറ്റഗറിയിൽ 12,257 റിയാൽ മുതൽ 15,150 വരെയും 'ഹോസ്പിറ്റാലിറ്റി 2' കാറ്റഗറിയിൽ 9,386 റിയാൽ മുതൽ 12,278 വരെയുമാണ് പുതുക്കിയ ചാർജ്ജുകൾ.

നേരത്തെ 'ഹോസ്പിറ്റാലിറ്റി 1' കാറ്റഗറിയിൽ 13,331 റിയാൽ മുതൽ 16,223 റിയാൽ വരെയും 'ഹോസ്പിറ്റാലിറ്റി 2' കാറ്റഗറിയിൽ 10,526 റിയാൽ മുതൽ 13,418 റിയാൽ വരെയുമായിരുന്നു ചാർജ്ജുകൾ. വാറ്റ് ഉൾപ്പെടെയാണ് ഈ ചാർജ്ജുകൾ. ഇതിനു പുറമെ ഉദ്ഹിയ്യത്ത് ഉദ്ദേശിക്കുന്ന തീർത്ഥാടകർ 809 റിയാൽ കൂടി അധികമായി നൽകണം. അതാത് നഗരങ്ങളിൽ നിന്ന് മക്കയിലെത്താനുള്ള ട്രാൻസ്‌പോർട്ടേഷൻ ചാർജ്ജും അധികമായി അടക്കേണ്ടിവരും.

ആഭ്യന്തര തീർഥാടന കമ്പനികൾ മുഖേനയാണ് ഹജ്ജ് പാക്കേജുകൾ തെരഞ്ഞെടുക്കേണ്ടത്. https://localhaj.haj.gov.sa/LHB/pages/signup.xhtml എന്ന വെബ്സൈറ്റ് മുഖേന ജൂൺ 12 വരെയാണ് രജിസ്‌ട്രേഷൻ ചെയ്യാനുള്ള അവസരം. രജിസ്റ്റർ ചെയ്തവരിൽ നിന്നും ഇലൿട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും തീർത്ഥാടകരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അറിയിപ്പ് കിട്ടുന്ന മുറക്ക് പണം അടച്ചാൽ മതിയാകും.

Tags:    
News Summary - Package rates for Hajj applicants from Saudi Arabia have been reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.