ജിദ്ദ: സൗദിയിൽ നിന്ന് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഹജ്ജ് പാക്കേജുകൾ പ്രഖ്യാപിച്ചു. ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചതിന് പിന്നാലെയാണ് ഹജ്ജ് പാക്കേജുകളും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്.
വിവിധ കാറ്റഗറികളിലായി 10,526 റിയാൽ മുതൽ 17,860 റിയാൽ വരെയാണ് പാക്കേജുകൾ. മിനയിലെ ഹജ്ജ് ടവറുകൾ ഉൾപ്പെടുന്ന പാക്കേജ് 15,025 റിയാലിൽ തുടങ്ങി 17,860 റിയാൽ വരെയാണ് ചാർജ്ജ്. ഈ വർഷം ഹോട്ടൽ മുറികൾക്ക് സമാനമായി നവീകരിച്ച ടെന്റുകളുൾപ്പെടുന്ന 'ഹോസ്പിറ്റാലിറ്റി 1' എന്ന കാറ്റഗറിയിൽ 13,331 റിയാൽ മുതൽ 16,223 റിയാൽ വരെയും 'ഹോസ്പിറ്റാലിറ്റി 2' കാറ്റഗറിയിൽ 10,526 റിയാൽ മുതൽ 13,418 റിയാൽ വരെയുമാണ് പാക്കേജുകൾ. വാറ്റ് ഉൾപ്പെടെയാണ് ഈ നിരക്കുകൾ.
ഉദ്ഹിയ്യത്ത് ഉദ്ദേശിക്കുന്ന തീർഥാടകർ 809 റിയാൽ കൂടി അധികമായി നൽകണം. ആഭ്യന്തര തീർഥാടന കമ്പനികൾ മുഖേനയാണ് ഹജ്ജ് പാക്കേജുകൾ തെരഞ്ഞെടുക്കേണ്ടത്. രജിസ്‌ട്രേഷൻ ചെയ്യുന്ന സമയത്ത് സൗദിയിലെ വിവിധ നഗരങ്ങളിൽ നിന്നും ഹജ്ജ് സർവിസ് നടത്തുന്ന കമ്പനികളെയും പാക്കേജുകളും തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. https://localhaj.haj.gov.sa/LHB/pages/signup.xhtml എന്ന വെബ്സൈറ്റ് മുഖേന ഇന്ന് മുതൽ ജൂൺ 11 വരെ രജിസ്‌ട്രേഷൻ ചെയ്യാം. 65 വയസ്സിൽ താഴെപ്രായമുള്ളവർക്കാണ് ഹജ്ജിന് അവസരം.
നേരത്തെ ഹജ്ജ് ചെയ്യാത്തവർക്ക് മുൻഗണയുണ്ട്. രജിസ്റ്റർ ചെയ്യുന്ന വ്യക്തികൾ ഗുരുതരമായ, വിട്ടുമാറാത്ത രോഗങ്ങളൊന്നും ഉള്ളവരാവരുത്. ഒരാളുടെ പേരിൽ ഒരു രജിസ്‌ട്രേഷൻ മാത്രമേ അനുവദിക്കൂ. രജിസ്റ്റർ ചെയ്യുന്ന സമയത്ത് കോവിഡ് രോഗം ബാധിച്ചവരാവരുത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വിട്ടുമാറാത്ത രോഗങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ, ഡയാലിസിസ് ചെയ്തവരോ ആവരുത്.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പ്രകാരം കോവിഡ് വാക്സിൻ എല്ലാ ഡോസുകളും പൂർത്തിയാക്കിയിരിക്കണം. രജിസ്റ്റർ ചെയ്തവരിൽ നിന്നും നറുക്കെടുപ്പിലൂടെയായിരിക്കും തീർഥാടകരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അറിയിപ്പ് കിട്ടുന്ന മുറക്ക് പണം അടച്ചാൽ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.