അൽഖുറയാത്ത്: പാസ്പോർട്ട് പുതുക്കിക്കിട്ടാനും ഇന്ത്യൻ എംബസിയുടെ മറ്റു സേവനങ്ങൾ ലഭിക്കാനും അൽഖുറയാത്ത് മേഖലയിലെ പ്രവാസി ഇന്ത്യക്കാർക്ക് പ്രദേശത്ത് നിലവിൽ സംവിധാനമില്ലാത്തത് പ്രതിസന്ധി ഉണ്ടാക്കുന്നതായി റിപ്പോർട്ട്. ഖുറയാത്ത് മേഖലയിലുള്ള ഒരാൾക്ക് പാസ്പോർട്ട് പുതുക്കണമെങ്കിൽ 1500 കിലോമീറ്റർ അകലെയുള്ള റിയാദിലെത്തേണ്ട അവസ്ഥയാണ്.
1500 റിയാലോളം ഇതിനായി ചെലവും വരുന്നുണ്ട്. കുറഞ്ഞ ശമ്പളം വാങ്ങുന്ന തൊഴിലാളികൾ അവരുടെ ജോലിയിൽനിന്ന് ലീവെടുത്ത് കഷ്ടത സഹിച്ച് റിയാദിലെത്തി പാസ്പോർട്ട് പുതുക്കി വരേണ്ട അവസ്ഥ ഏറെ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് അൽഖുറയത്തിലെ സാമൂഹിക പ്രവർത്തകർ പറയുന്നു. കോവിഡ് കാലത്തിനുമുമ്പ് മൂന്നു മാസത്തിലൊരിക്കലോ ചിലപ്പോൾ ആറു മാസത്തിലൊരിക്കലോ പ്രദേശത്ത് കോൺസുലാർ സേവനം ഉണ്ടായിരുന്നു. അത് നിന്നതും പകരം മറ്റൊരു സംവിധാനം കാര്യക്ഷമമായി ഇല്ലാതിരിക്കുന്നതുമാണ് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ പുലർത്തണമെന്ന ആവശ്യം ശക്തമാണ്.
മുമ്പുണ്ടായിരുന്നതുപോലെ കോൺസുലാർ സന്ദർശനം പുനഃസ്ഥാപിക്കണമെന്നും അത് മാസത്തിലൊരിക്കൽ ആക്കണമെന്നുമുള്ള ആവശ്യമാണ് ശക്തമായിരിക്കുന്നത്. പാസ്പോർട്ട് സേവനങ്ങൾ അൽഖുറയാത്ത് മേഖലയിൽ തന്നെ ലഭ്യമാക്കാനുള്ള ബദൽ സംവിധാനം ഉണ്ടാക്കാൻ ഇന്ത്യൻ എംബസി നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും പ്രദേശത്തെ ഇന്ത്യൻ പ്രവാസികൾ മുന്നോട്ടുവെക്കുന്നു. നൂറുകണക്കിന് സാധാരണക്കാരായ ഇന്ത്യക്കാർ വിവിധ മേഖലയിൽ പ്രദേശത്ത് ജോലി ചെയ്യുന്നുണ്ട്. ഇവരുടെ പ്രയാസങ്ങൾ അനുഭാവപൂർവം ഇന്ത്യൻ എംബസി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് അൽഖുറയാത്തിലെ പ്രവാസി സമൂഹമെന്ന് ഇവിടെ 10 വർഷമായി പ്രവാസിയായ മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഫൈറൂസ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.