വ്യാജ സർട്ടിഫിക്കറ്റിൽ അകൗണ്ടൻറ്​ ജോലി നേടിയ നിരവധി പേർ പിടിയിൽ

റിയാദ്​: വ്യാജ സർട്ടിഫിക്കറ്റ്​ ഉപയോഗിച്ച്​ സൗദി അറേബ്യയിൽ അകൗണ്ടൻസി രംഗത്ത്​ ജോലി നേടിയ നിരവധി പേർ പിടിയിൽ. സൗദി ഓർഗനൈസേഷൻ ​ഫോർ ചാർ​ട്ടേഡ്​ ആൻഡ്​ പ്രഫഷനൽ അക്കൗണ്ട്​സാണ് (എസ്​.ഒ.സി.പി.എ)​ ഇവരുടെ സർട്ടിഫിക്കറ്റുകൾ വ്യജനാണെന്ന്​ കണ്ടെത്തിയത്​. രാജ്യത്ത്​ നിയമാനുസൃതം ജോലി ചെയ്യാനുള്ള ക്രമപ്പെടുത്തലിൻ്റെ ഭാഗമായി ഓർഗനൈസേഷനിൽ രജിസ്​ട്രേഷൻ നേടണം. അതിനുവേണ്ടി സമർപ്പിച്ച അപേക്ഷകളിന്മേൽ അക്കാദമിക് യോഗ്യതാ പരിശോധന നടത്തിയപ്പോഴാണ്​​ നിരവധി പേർ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ്​ ജോലിയിൽ തുടരു​ന്നതെന്ന്​ മനസിലാക്കിയത്​.

ഉടൻ ഈ ആളുകളുടെ അപേക്ഷ നിരസിക്കുകയും ശിക്ഷാനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. അകൗണ്ടൻറ്​, ഓഡി​റ്റർ പോലുള്ള വിവിധ തസ്​തികകളിൽ ജോലി ചെയ്​തുവന്നവരാണ്​ ഇവർ. അക്കാദമിക്​ യോഗ്യതയും പരിചയവും തെളിയിക്കാൻ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകൾ അന്താരാഷ്​ട്ര ഏജൻസികളുടെ സഹായത്തോടെ, യോഗ്യത നേടിയതെന്ന്​ ഉദ്യോഗാർഥി അവകാശപ്പെടുന്ന അക്കാദമിക്​ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്​ സാധുത പരിശോധന നടത്തുന്നത്​. അതുകൊണ്ട്​ തന്നെ പഴുതടച്ചതാണ്​ നടപടി. വ്യാജനാണെങ്കിൽ കൈയ്യോടെ പിടിക്കപ്പെടും. കടുത്ത നിയമനടപടിയും ശിക്ഷയും നേരിടേണ്ടി വരും.

വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉപയോഗവും രജിസ്​ട്രേഷനുവേണ്ടിയുള്ള സമർപ്പണവും ഇല്ലാതാക്കുന്നതിനും അതോറിറ്റിക്ക് ലഭിക്കുന്ന രേഖകളുടെയും വിവരങ്ങളുടെയും സമഗ്രതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനുമുള്ള നടപടികളുമായി മുന്നോട്ട്​ പോവുകയാണെന്ന്​ അധികൃതർ വ്യക്തമാക്കി. കർശനമായ നടപടികൾ കൈക്കൊണ്ട്​ ഒാർഗനൈസേഷൻ്റെ പ്രവർത്തനത്തി​ൻ്റെ സുതാര്യതയും സമഗ്രതയും വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്​.

ഈ നടപടി അക്കൗണ്ടിങ്​, ഓഡിറ്റിങ്​ തൊഴിൽ രംഗത്തെ സംരക്ഷിക്കുന്നതിനും തൊഴിൽ ചെയ്യുന്നവരുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനും വേണ്ടിയാണ്. ഇത്തരം ലംഘനങ്ങളെ ചെറുക്കുന്നതിനും ഓഡിറ്റിങ്​, അക്കൗണ്ടിങ്​ മേഖലകളിൽ വിശ്വസനീയമായ യോഗ്യതയുള്ളവർക്ക് തൊഴിൽ ഉറപ്പാക്കുന്നതിനുമുള്ള ഓർനൈസേഷൻ്റെ പ്രതിബദ്ധതയാണ്​ ഇത്​ സ്ഥിരീകരിക്കുന്നത്​. അക്കൗണ്ടിങ്​, ഓഡിറ്റിങ്​ ജോലിക്കാരെ നിയന്ത്രിക്കുന്നതിൽ ഓർനൈസേഷൻ്റെ ഏറ്റവും പ്രധാനപ്പെട്ട റോളുകളിൽ ഒന്ന് ഈ തൊഴിലുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളവർക്ക് അംഗത്വം നൽകുന്നതാണ്​. പ്രഫഷനലിസത്തോടും ഉയർന്ന കാര്യക്ഷമതയോടും കൂടി അതിൻ്റെ റോളുകൾ നിർവഹിക്കാൻ കഴിവുള്ള ഒരു വിശ്വസനീയമായ അക്കൗണ്ടിങ്​ സമൂഹത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിതെന്നും ഓർനൈസേഷൻ പറഞ്ഞു​.

Tags:    
News Summary - People who got accountant jobs on fake certificates arrested in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.