ബൈക്കിൽ പറപറക്കാൻ ആഗ്രഹിക്കാത്ത യുവമനസ്സുകൾ വിരളമാണ്. ഉപജീവനം തേടി കടൽകടന്നാൽ പിന്നെ അത്തരം സ്വപ്നങ്ങളൊക്കെ ഗൃഹാതുര ഓർമകളായി മാറും. എന്നാൽ, നാട്ടിൽ തുടങ്ങിയ ബൈക്ക് യാത്രാകമ്പം സൗദിയിലും ഒരു ലഹരിയായി കൊണ്ടുനടക്കുന്നൊരു മലപ്പുറം സ്വദേശിയുണ്ട് ജുബൈലിൽ. ജീവനോളം സ്നേഹിക്കുന്ന സ്വന്തം ഹാർലി ഡേവിഡ്സണിൽ ഉലകം ചുറ്റാൻ കൊതിക്കുന്ന ഫിബിൻ പന്തപ്പാടൻ എന്ന മഞ്ചേരിക്കാരൻ. ഫിബിെൻറ ബൈക്ക് പ്രേമത്തിന് സ്കൂൾ ജീവിതത്തോളം പഴക്കമുണ്ട്. പഠനകാലത്തും അതിനുശേഷവും നാട്ടിലെ ബൈക്ക് യാത്രാസംഘത്തോടൊപ്പം 'ബുള്ളറ്റിൽ' ഊരുചുറ്റലായിരുന്നു പ്രധാന വിനോദം.
ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദം നേടി സൗദിയിലേക്ക് വിമാനം കയറി. ജുബൈലിൽ സ്വന്തമായി ചെറിയൊരു ബിസിനസ് ആരംഭിച്ച് അതിെൻറ തിരക്കുകളുണ്ടായിട്ടും വിദൂര ദിക്കുകളിൽ ബൈക്കിൽ യാത്രപോകുന്നത് സ്വപ്നം കണ്ടു. പണം സ്വരുക്കൂട്ടി ഒന്നര വർഷം മുമ്പ് ഹാർലി ഡേവിഡ്സൺ വാങ്ങാൻ ഷോറൂമിൽ എത്തുമ്പോൾ ലൈസൻസ് ഇല്ലാത്തത് വിലങ്ങായി. ലൈസൻസും ബൈക്കും സ്വന്തമാക്കി ഫിബിൻ 'ലക്കി എയ്സ് 13' ബൈക്ക് റൈഡേഴ്സ് ക്ലബിൽ അംഗത്വമെടുത്തു. അവധികളിലും ആഘോഷദിവസങ്ങളിലും സംഘത്തോടൊപ്പം സഞ്ചരിച്ചു.
കഴിഞ്ഞവർഷം ബഹ്റൈനിൽ പോയി. ഇത്തവണ മസ്കത്തിൽ പോകാൻ പദ്ധതി ഇട്ടപ്പോഴാണ് കോവിഡ് പടർന്നുപിടിച്ചത്. രോഗവ്യാപനം കുറഞ്ഞതിനെ തുടർന്ന് ഏതാനും നാൾ മുമ്പ് സൗദിയിൽ കിഴക്കുനിന്നും പടിഞ്ഞാറേക്ക് ദീർഘ സവാരി പോയി. ജുബൈലിൽനിന്നും അബഹയിലെ ജബൽ സുദ വരെയും തിരിച്ചുമായിരുന്നു യാത്ര. ആറുദിവസത്തെ യാത്രയിൽ 10 അംഗ സംഘത്തോടൊപ്പം പിന്നിട്ടത് 4110 കിലോമീറ്റർ. വെറുതെ അങ്ങ് ബൈക്ക് ഓടിച്ചുപോവുകയല്ല സംഘം ചെയ്യുന്നത്. യാത്രയെ നിയന്ത്രിക്കാൻ ഏറ്റവും മുന്നിലും പിന്നിലും ഇടയിലും ആളുണ്ടാവും. ഇവരുടെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് യാത്രയും വേഗം നിയന്ത്രിക്കലും നിർത്തലും. ക്യാപ്റ്റൻ മാർഷൽ ആയിരുന്നു ഈ സംഘത്തെ നയിച്ചത്. ഹിഷാം ലാസ്റ്റ്മാൻ ആയും മുഹമ്മദ് റിദ്വാൻ സ്വീപ്പർ ആയും ചുമതല നിർവഹിച്ചു.
ക്യാപ്റ്റൻ ഏറ്റവും മുന്നിൽ നയിക്കും. ഇടയിലേക്ക് കയറാൻ ശ്രമിക്കുന്ന മറ്റു വാഹനങ്ങളെ ഒതുക്കി സംഘത്തിന് സുരക്ഷിത യാത്രയൊരുക്കുകയാണ് സ്വീപ്പറുടെ ജോലി. പിന്നിൽനിന്നും അമിത വേഗത്തിൽ വരുന്ന വാഹനങ്ങളെപ്പറ്റി ലാസ്റ്റ്മാൻ നിർദേശങ്ങൾ നൽകും.
റിയാദിൽ എത്തിയപ്പോൾ മലേഷ്യൻ, ഫിലിപ്പീൻസ് ക്ലബുകൾ സ്വീകരണം നൽകി. മലയാളികളായ മുബീൻ, മുന്ന, അജ്മൽ എന്നിവരും ഈ സംഘത്തിൽ ഉണ്ടായിരുന്നു. കടൽനിരപ്പിൽനിന്നും 3000 അടി ഉയരമുള്ള ജബൽ സുദയും റിജാൽ അൽമാ, സ്വരാവത് കൊടുമുടി എന്നിവയും ആയിരുന്നു ഏറ്റവും ആകർഷമായ പ്രദേശങ്ങൾ. പുതിയ സ്ഥലങ്ങളും വൈവിധ്യമാർന്ന ജീവിതരീതികളും കാലാവസ്ഥയുമൊക്കെ കാണാനും മനസ്സിലാക്കാനും ഇത്തരം യാത്രകൾ ഏറെ ഗുണം ചെയ്യുന്നതായി ഫിബിൻ പറഞ്ഞു.
ജി.സി.സി മുഴുവൻ യാത്ര ചെയ്തശേഷം സ്വന്തം മോട്ടോർ സൈക്കിളിൽ ഒരു ലോക സഞ്ചാരം നടത്താനുള്ള ആഗ്രഹത്തിലും തയാറെടുപ്പിലുമാണ് ഫിബിൻ. റാഷിദയാണ് ഭാര്യ. മക്കൾ: ഈസ അബ്ദുല്ല, ദുആ ഫാത്വിമ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.